ഇസ്ലാമബാദ്: പാകിസ്ഥാനിലെ ക്രിക്കറ്റ് താരമായ ഷൊഹൈബ് മാലിക്കുമായുള്ള വിവാഹബന്ധം വേര്‍പിരിയലിന്റെ വക്കത്തെത്തിയെങ്കിലും ടെന്നീസിനോട് രാജകീയമായി വിടവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടയാണ് സാനിയ മിര്‍സ. 36 കാരിയായ സാനിയ മിര്‍സയുടെ അവസാനത്തെ മത്സരമായിരുന്നു വെള്ളിയാഴ്ച നടന്നത്.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ-മിര്‍സ- രോഹന് ബൊപ്പണ സഖ്യം 7-6, 6-2ന് പൊരുതിത്തോല്‍ക്കുകയായിരുന്നു. ബ്രസിലീയന്‍ താരജോഡികളായ ലൂയിസ സ്റ്റെഫാനി- റാഫേല്‍ മാറ്റോസ് സഖ്യമാണ് കിരീടം നേടിയത്.
സാനിയയുടെ വിടവാങ്ങല്‍ പ്രസംഗം:
ആരാധകരെ സാക്ഷിയാക്കി തന്റെ ഗ്രാന്‍ഡ് സ്ളാം കരിയര്‍ അവസാനിച്ചുവെന്ന് പറയവേ വികാരമടക്കാനാകാതെ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിതുമ്പിക്കരഞ്ഞു. വിടവാങ്ങല്‍ പ്രസംഗത്തിലുടനീളം കരച്ചിലടക്കാന്‍ സാനിയ മിര്‍സ പാടുപെട്ടു. സന്തോഷക്കണ്ണീരാണിതെന്ന് പറയുമ്പോഴും ഭര്‍ത്താവായ പാകിസ്ഥാന് താരം ഷൊഹൈബ് മാലിക്കുമായുള്ള വേര്‍പിരിയലിന്റെ വേദനയും അടങ്ങിയിരുന്നു. 2023 പുതുവര്ഷപ്പുലരിയില് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലും ആസന്നമായ വേര്‍പിരിയലിനെക്കുറിച്ച് സാനിയ മിര്‍സ സൂചന നല്‍കിയിരുന്നു.
‘എന്റെ മകന്റെ മുന്നില്‍ വെച്ച് ഒരു ഗ്രാന്‍ഡ് സ്ളാം ഫൈനല്‍ കളിക്കാനാകുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും ഇപ്പോള്‍ താന്‍ കരഞ്ഞാല്‍, അത് തന്റെ സന്തോഷക്കണ്ണീരാണെന്നും ദുഃഖം കൊണ്ടുള്ളതല്ലെന്നും സാനിയ പറഞ്ഞു. നാല് വയസ്സുകാരനായ മകന് ഇഷാനും കളികാണാന്‍ എത്തിയിരുന്നു.
‘2005ല്‍ മെല്‍ബണില്‍ സെറീന വില്യംസിനെതിരെ മൂന്നാം റൗണ്ട് മത്സരിച്ചാണ് തന്റെ പ്രൊഫഷണല്‍ ടെന്നീസിലെ യാത്ര തുടങ്ങുന്നത്. അന്ന് 18 വയസ്സായിരുന്നു. രോഹന് ബോപ്പണ്ണയാണ് എന്റെ ആദ്യത്തെ മിക്സഡ് ഡബിള്‍സ് പാര്‍ട്ട്ണര്‍. അന്ന് എനിക്ക് 14 വയസ്സായിരുന്നു പ്രായം. രോഹന് 20. ഇപ്പോള്‍ രണ്ടുപേര്‍ക്കും 36 ഉം 42 മായി. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. എന്റെ അവസാന ഗ്രാന്സ്ലാം മത്സരത്തില്‍ പാര്‍ട്ട്ണറായി കളിക്കാന്‍ രോഹനേക്കാള്‍ മികച്ചൊരു താരമില്ല’.- സാനിയ മിര്‍സ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: