ന്യൂദല്‍ഹി: പരീക്ഷകളില്‍ വിജയിക്കാന്‍ പഠനദിനങ്ങളില്‍ ഡിജിറ്റല്‍ ഉപവാസം അത്യാവശ്യമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബോര്‍ഡ് പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസികസമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം പറയുന്ന ‘പരീക്ഷാ പേ ചര്‍ച്ച’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
സമൂഹമാധ്യമങ്ങളാല്‍ വ്യതിചലിക്കപ്പെടാതെ പരീക്ഷാതയ്യാറെടുപ്പുകളില് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെങ്ങിനെയെല്ലാമാണെന്നും പ്രധാനമന്ത്രി ‘പരീക്ഷ പേ ചര്‍ച്ച’യില്‍ വിശദീകരിച്ചു. ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണുകളേക്കാള്‍ മിടുക്കരാണ് വിദ്യാര്‍ത്ഥികളെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ആഴ്ചയില്‍ ഒരിക്കലെങ്കിലും ഡിജിറ്റല്‍ ഉപവാസം കുട്ടികള്‍ ശീലമാക്കണമെന്നും അങ്ങിനെ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ കംപ്യൂട്ടര്‍-മൊബൈല്‍ സ്ക്രീന്‍ അടിമത്തം കുറയ്ക്കുന്നതോടെ കുടുംബവുമായി ബന്ധം പുനസ്ഥാപിക്കാന്‍ സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ടെക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഒരു നോ ടെക്നോളജി ഏരിയയും കുട്ടികള്‍ ജിവിതത്തില്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കുട്ടികളെ ഉപദേശിച്ചു.
കുട്ടികളില്‍ നിന്നും അച്ഛനമ്മമാര്‍ തിരിച്ചു പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണെന്നും പക്ഷെ അത് സമൂഹത്തിലെ പദവികള്‍ നിലനിര്‍ത്തുന്നതിന് മാത്രം ആകുന്നത് ഹാനികരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷയുടെ ദിവസങ്ങളില്‍ ഉത്ക്കണ്ഠകളില്‍ നിന്നും മുക്തരായി ആഹ്ളാദത്തോടെ ഇരിക്കാനും അങ്ങിനെയെങ്കില്‍ മാത്രമാണ് പരീക്ഷകളില്‍ മികച്ച കഴിവ് പുറത്തെടുക്കാന്‍ സാധിക്കൂ എന്നും പ്രധാനമന്ത്രി ഉപദേശിച്ചു.
“ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സമയം മാനേജ് മെന്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ക്ക് ആദ്യം സമയം നല്‍കണം. ഇഷ്ടമുള്ള വിഷയങ്ങള്‍ക്ക് ഒടുവില്‍ സമയം നല്‍കാനും പ്രധാനമന്ത്രി പറഞ്ഞു. അമ്മയുടെ മാനേജ്മെന്റ് കഴിവുകള്‍ ശ്രദ്ധിക്കണം.എത്ര ഭാരമുള്ള ജോലികള്‍ ചെയ്യേണ്ടിവന്നാലും അമ്മ അത് സന്തോഷത്തോടെ ചെയ്യുന്നു. അമ്മയെ നിരീക്ഷിച്ചാല്‍ എങ്ങിനെയാണ് സമയത്തെ മെച്ചപ്പെട്ട രീതിയില്‍ വിനിയോഗിക്കുക എന്നത് മനസ്സിലാകും. “- പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷ പേ ചര്‍ച്ച തന്റെ പരീക്ഷയാണെന്നും കോടികളാണ് ഈ പരീക്ഷയില്‍ പങ്കെടുക്കുന്നതെന്നും പ്രധാനമന്ത്രി അഭിമാനത്തോടെ പറഞ്ഞു. ഈ വര്‍ഷം 38.8 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തത്. കോടികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴിയും ടിവിയിലും പരിപാടി വീക്ഷിക്കുകയും ചെയ്തു.
ഇത് ആറാമത്തെ വര്‍ഷമാണ് പ്രധാനമന്ത്രി പരീക്ഷാ പേ ചര്‍ച്ച നടത്തുന്നത്. ദല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ആയിരുന്നു ഈ പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: