കമ്യൂണിസ്റ്റ് പാര്‍ട്ടി അങ്ങനെയാണ്, അവര്‍ പറയുന്നതിനെതിരേ പ്രവര്‍ത്തിക്കൂ. ‘നമുക്ക് ജാതിയില്ല’ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞെന്ന് അവര്‍ പ്രചരിപ്പിച്ചു. 1916 ല്‍, ”സംന്യാസിയായതോടെ ജാതിയും മതവും ഉപേക്ഷിച്ചതാണെ”ന്ന് അറിയിച്ചുകൊണ്ട് ശ്രീനാരായണ ഗുരുവിനുവേണ്ടി, ആലുവ അദ്വൈതാശ്രമത്തില്‍ നിന്ന് ശ്രീചൈതന്യ സ്വാമികള്‍ ഒരു പരസ്യം പ്രബുദ്ധകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചു. സംന്യാസിക്ക് ജാതിയില്ലെന്ന് അറിയാത്ത മൂഢന്മാര് ഗുരുവിന്റെ ജാതിയെച്ചൊല്ലിയുള്ള പ്രചാരണവും തര്‍ക്കവും നടത്തിയ കാലത്താണതുവേണ്ടിവന്നത്. 100 വര്‍ഷം കഴിഞ്ഞപ്പോള്‍, പിണറായി വിജയന്റെ കമ്യൂണിസ്റ്റുപാര്ട്ടിസര്ക്കാര്, 2016ല്‍, ഗുരുവിന്റെ ‘കള്ളയൊപ്പു’ ചേര്‍ത്ത്, ”നമുക്ക് ജാതിയില്ല” എന്ന നോട്ടീസായിറക്കി ആ പരസ്യം പാര്‍ട്ടി പ്രചാരണത്തിന് വിനിയോഗിച്ചു. നാലുവോട്ടിന് എന്ത് അധമ വൃത്തിയും ചെയ്യുന്ന ആ പാര്‍ട്ടി പക്ഷേ പിന്തുടരുന്നതും പിന്തുണയ്ക്കുന്നതും ജാതി ചിന്തയേയും പ്രവര്‍ത്തിക്കുന്നത് ജാതിവിവേചനവുമാണ് എന്നത് വൈരുദ്ധ്യം.
1985ലാണെന്ന് ഓര്‍മ്മ; ”ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലിംരക്തം, ഞങ്ങളിലില്ല ക്രിസ്ത്യന്രക്തം, ഞങ്ങളിലുള്ളത് മാനവരക്തം” എന്നൊരു കപട മുദ്രാവാക്യം കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിളിച്ചിരുന്നു. പക്ഷേ, മതവും ജാതിയും നോക്കി സ്ഥാനാര്‍ത്ഥിയേയും പാര്‍ട്ടി നേതാക്കളേയും നിശ്ചയിക്കാന്‍ ഈ ‘മാനവരക്തക്കാര്’ എന്നും പ്രത്യേകം ശ്രദ്ധിച്ചുപോന്നു. ‘കുന്തക്കാരന് പത്രോസു’മാരും ‘ഗൗരിയമ്മ’മാരും പാര്‍ട്ടിക്ക് എന്നും കാവല്ക്കാര് മാത്രമായി തുടര്‍ന്നു; പുറംപണിക്കാരായി തുലഞ്ഞു. ഇ.എം.എസ്. നമ്പൂതിരിപ്പാട് അന്തരിച്ച ശേഷമേ വി.എസ്. അച്യുതാനന്ദനെപ്പോലൊരാള്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കേരളത്തില്‍ മുഖ്യമന്ത്രിയാകാനായുള്ളു!
”ജാതിക്കെതിരെ പറയുന്ന, ജാതിവിവേചനത്തിനെതിരെ പൊരുതുന്ന” പാര്‍ട്ടിയെന്ന് സ്വയംപുകഴ്ത്തുന്നവരെ വാഴ്ത്തുന്നവരാണ്, അവരെ അന്ധമായി പിന്തുണയ്ക്കുന്ന, ജാതി വിവേചന ദുരിതമനുഭവിക്കുന്നവരില്‍ ഏറെയും. ജാതിഭേദം സാമൂഹ്യ വിപത്തായിരിക്കെ, അതിന്റെ പേരിലുള്ള ഏത് അന്യായത്തേയും തത്ത്വത്തില്‍ എതിര്‍ക്കുന്നുവെന്ന് തോന്നിപ്പിക്കുകയും പ്രയോഗത്തില്‍ പിന്തുണയ്ക്കുകയുമാണ് സിപിഎമ്മും അവരുടെ സര്‍ക്കാരും. ഇതിന് മികച്ച രണ്ട് ഉദാഹരണങ്ങളാണ് കോട്ടയം പള്ളിക്കത്തോട്ടുള്ള കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതി-വര്‍ഗ്ഗ വിവേചനപ്രശ്നത്തിലെ സര്‍ക്കാര്‍-പാര്‍ട്ടി നിലപാടുകളും കേരള സാഹിത്യ അക്കാദമിയിലെ അംഗത്വം രാജിവെച്ചുകൊണ്ട് കവി എസ്. ജോസഫ് പ്രഖ്യാപിച്ച നിലപാടും.
കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിഷയം കേരളം വേണ്ടവിധം ചര്‍ച്ച ചെയ്തില്ല. ഇന്നലെ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചു. അത്രയുമായി. അവിടെ വിദ്യാര്‍ത്ഥികള്‍ പറയുന്നത് അവര്‍ക്ക് ”ശ്വാസം മുട്ടുന്നു”വെന്നാണ്. അവിടെ പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന, നിയമ നിര്‍മാണ സഭകളും കോടതികളും വിധിച്ചിട്ടുള്ള വിദ്യാഭ്യാസ സംവരണാനുകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംവരണക്രമം അട്ടിമറിച്ചെങ്കില്‍, പിന്നാക്ക വിഭാഗക്കാരായ ജോലിക്കാരെ അടിമപ്പണി ചെയ്യിച്ചെങ്കില്‍, ജാതി അധിക്ഷേപം നടത്തിയെങ്കില്‍, പട്ടികജാതിക്കാരോട് വിവേചനം കാണിച്ചെങ്കില്‍, ഇക്കാര്യങ്ങളില്‍ ശരിയായ നടപടി അതിവേഗം സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ കേരളജനത ഇങ്ങനെ പ്രതികരിച്ചാല്‍ മതിയോ? ”ഇടതുപക്ഷ സര്‍ക്കാരിന് വേണ്ടത് രോഹിത് വെമുലയാണെങ്കില് ഞങ്ങള്‍ അതിനും തയാര്‍,” എന്ന് വിദ്യാര്‍ത്ഥികള്‍ പറയുമ്പോള്‍ അത് ഓര്‍മ്മിപ്പിക്കുന്നത് പലതാണ്. ഹൈദരാബാദ് സര്‍വകലാശാലയിലെ വെമുലയെന്ന വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തതിന്റെ പേരില്‍ ഇന്ത്യയിലെമ്പാടും ഉയര്‍ത്തിയ വ്യാജ പ്രചാരണം ജാതി-മത-വര്‍ഗ്ഗ വെറി ആളിക്കത്തിക്കാനായിരുന്നുവല്ലോ. ആ പ്രചാരണത്തില്‍ മുന്നില്‍ നിന്നതും കമ്യൂണിസ്റ്റുകളായിരുന്നു. പക്ഷേ, ഇന്ന് കേരളത്തിലെ ഈ ജാതിവിവേചനം, ഭരണച്ചൂടില് കുളിരാറ്റുന്ന ‘പുന്നല ശ്രീകുമാര’ന്മാരും കൂട്ടരും അറിയുന്നില്ല. ഇന്ന് ജാതിവിവേചനവിരുദ്ധപ്പാട്ടിന് തമ്പേറടിക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്കൊപ്പം ‘കനയ്യകുമാര’ന്മാരില്ല, ഏറ്റുപാടാനും ആടാനും ‘ബിനോയ് വിശ്വ’ങ്ങളില്ല.
ഉണ്ട്, അവരെല്ലാം ഉണ്ട്; അവര്‍, കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റിയൂട്ടില്‍, ദേശീയതലത്തില്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട മിഷനുകള്‍ വീണ്ടും പരീക്ഷിക്കാന്‍ വാശി പിടിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന്റെ പക്ഷത്താണ്. എം.എ. ബേബി കൊടിപിടിച്ച് മുന്നിലുണ്ട്, മുദ്രാവാക്യം വിളിച്ചു കൊടുക്കാന്‍ പിണറായി വിജയനുണ്ട്, പിന്നാക്ക വിഭാഗക്കാരുടെ ജാതി നോക്കി നെഞ്ചില്‍ വാരിക്കുന്തം താഴ്ത്താന്‍ കെ. രാധാകൃഷ്ണന് മന്ത്രിയുണ്ട്. അടൂര്‍ സവര്‍ണനാണെന്ന് വിദ്യാര്‍ത്ഥികള്‍ ആക്ഷേപിക്കുന്നില്ല. പക്ഷേ, ജാതിപ്പേരില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുന്ന ഡയറക്ടര്‍ ഇഷ്ടക്കാരനായതിനാല്‍, അടൂര്‍ അധര്‍മ്മത്തിന്റെ പക്ഷം പിടിക്കുന്നു. അടൂര്‍ പലരുടേയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയാകുന്നു. പക്ഷേ, തെറ്റിയെങ്കില്‍ തിരുത്താനും ആരോപണം വ്യാജമെങ്കില്‍ അവര്‍ക്കെതിരേ നടപടിക്ക് തയാറാകുന്നില്ല. അടൂര്‍ ചെയ്യുന്ന അപരാധമിതാണ്, കേരളത്തില്‍ ജാതിവിവേചനമുണ്ടെന്ന് സ്ഥാപിക്കുകയാണ്. കേരളത്തോട് അനീതി കാട്ടുകയാണ്.
ഇനി, അടൂര്‍ പോയാല്‍ നശിക്കുന്നതല്ല ആ ഇന്‍സ്റ്റിറ്റിയൂട്ട്. പക്ഷേ ഇത്രയേറെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ട് അടൂരിനൊപ്പം നില്ക്കുന്ന പിണറായി വിജയന് സര്‍ക്കാരും പാര്‍ട്ടിയും അടൂര്‍ ഗോപാലകൃഷ്ണനെ പരിചയാക്കുകയോ ഇരയാക്കുകയോ ആണ്. കാരണം അവര്‍ക്ക് പകയുണ്ട്. അടൂരിന്റെ സിനിമകള്‍ കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന് പ്രസംഗവും പ്രബന്ധാവതരണവും നടത്തിയവരാണ് ആ പാര്‍ട്ടിയും നേതാക്കളും. ‘മുഖാമുഖം’ എന്ന അടൂര്‍ സിനിമ വന്നപ്പോള്‍ അടൂരിനെ വര്‍ഗശത്രുവെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ‘അനന്തരം’ സിനിമിലെ കഥാപാത്രത്തിന്റെ വിക്കുരോഗം ഇഎംഎസ്സിനെ പരിഹസിക്കാനാണെന്ന ആക്ഷേപം വരെ ഉയര്‍ന്നു. അതേ അടൂരിനെയാണ് പിണറായി വിജയന് ലോകോത്തര സിനിമാ സംവിധായകന് എന്ന് വിശേഷിപ്പിക്കുന്നത്. ജാതി-വര്‍ണ വിവേചനം അനുഭവിക്കുന്നുവെന്ന് വിലപിക്കുന്നവര്‍ ആര്‍ക്കുവേണ്ടി മുദ്രാവാക്യം വിളിക്കണമെന്നതാണ് പ്രശ്നം. ഇതൊക്കെ കണ്ട്, ചിരിയല്ല, കരച്ചിലാണ് വരുന്നതെന്ന് പറഞ്ഞ സിനിമാ പ്രവര്ത്തകന് ജോയ് മാത്യുവിന്റെ വിശേഷണമാണ് കൃത്യം- ‘ഇടതുപച്ചം…’
ഓര്‍മ്മയുണ്ടോ, പെരുമാള്‍ മുരുഗനെ? തമിഴ് നോവലിസ്റ്റ്, ‘ഹിന്ദു തീവ്ര മതവാദി’കളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തല്‍ പ്രഖ്യാപിച്ചയാള്‍. അര്‍ദ്ധനാരീശ്വരന്‍ എന്നര്‍ത്ഥം വരുന്ന ‘മാതൊരുഭഗന്‍’ എന്ന നോവലെഴുതിയപ്പോള്‍ അതില്‍ ചേര്‍ത്ത വിവാദ ഭാഗങ്ങളാണ് തര്‍ക്കത്തിലും എഴുത്ത് നിര്‍ത്തല്‍ പ്രഖ്യാപനത്തിലും കാര്യങ്ങള്‍ എത്തിച്ചത്.
പക്ഷേ, മുരുഗന് പിന്നെയും എഴുതി. നരേന്ദ്ര മോദിക്ക് ഈ സംഭവത്തില്‍ ഒരു പങ്കുമില്ലെങ്കിലും മോദി ഭരണത്തില്‍ എഴുത്തുകാര്‍ക്ക് കഴുത്ത് പോകുന്നുവെന്നാണ് അന്ന് ചിലര്‍ ആക്ഷേപമുയര്‍ത്തിയത്. കേരളത്തിലെ സാംസ്കാരിക വകുപ്പുമന്ത്രി എം.എ. ബേബിയും ഇപ്പോള്‍ കേരള സാഹിത്യ അക്കാദി പ്രസിഡന്റായ കെ. സച്ചിദാനന്ദനും അടക്കം മുരുനുവേണ്ടി തെരുവിലും വേദികളിലും നിരന്നു.
കേരളത്തില്‍ മറ്റൊരു ‘പെരുമാളായി’ കവി എസ്. ജോസഫ് മാറിയിരിക്കുന്നു. ഇപ്പോള്‍ സച്ചിദാനന്ദന് പ്രസിഡന്റായ സാഹിത്യ അക്കാദമിയുടെ അംഗത്വം കവി എസ്. ജോസഫ് രാജിവെച്ചു. ‘എല്ലാം മതിയാക്കുന്നു, അവഗണന സഹിക്കാവതല്ല. സവര്‍ണ സാഹിത്യത്തിനേ കേരളത്തില്‍ നിലനില്‍പ്പുള്ളു, സച്ചിദാനന്ദനും മറ്റും സംഘം ചേര്‍ന്ന് ഒതുക്കുന്നു, തഴയുന്നു, ക്ഷണിക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ‘ദളിത്കവി’യായി പലരും കൊണ്ടാടിയിട്ടുള്ള എസ്. ജോസഫ് പറയുന്നത്. മഹാരാജാസ് കോളജിലെ അധ്യാപകന്, ഏറെ കവിതകള്‍ രചിച്ചിട്ടുള്ളയാള്‍, ‘എമര്‍ജിങ് പോയട്രി’ എന്ന പേരില്‍, എഴുത്തച്ഛന്റെ കാവ്യരീതിയേയും ഭാഷയേയും സാംസ്കാരിക വഴിയേയും മാറ്റിമറിക്കാന്‍ സംഘടിത യത്നം ചെയ്യുന്ന സാഹിത്യ പ്രവര്ത്തകന്, എന്നിങ്ങനെ എസ്. ജോസഫിന് ഏറെയുണ്ട് വിശേഷണങ്ങള്‍. പക്ഷേ, ‘ദളിതരുടെ’ പ്രതിനിധിയായി ദയവായി എന്നെ കാണരുത് എന്ന് അഭ്യര്‍ത്ഥിക്കുന്ന ജോസഫ്കവി വിളിച്ചുപറഞ്ഞ രണ്ടുകാര്യങ്ങള്‍ കേരളത്തിലെ സര്‍ക്കാരിന്റേയും അവര്‍ നിയന്ത്രിക്കുന്ന സാഹിത്യത്തിന്റേയും സ്ഥിതി പറയുന്നു, ഇവിടെ ജാതി വിവേചനമുണ്ടെന്ന് വിളിച്ചു പറയുന്നു.
മേല്‍ജാതി എഴുത്തുകാര്‍ക്കേ പരിഗണനയുള്ളുവെന്ന്, ലിറ്റററി ഫെസ്റ്റിവലുകളില്‍ ക്ഷണിക്കാത്തതിന്റെ പേരില്‍ ജോസഫ് എഴുതി: ”എല്ലാറ്റില്‍നിന്നും പിന്‍വാങ്ങുകയാണ്. ഇത്രേയുള്ളു കവിതയും സാഹിത്യവും കേരളത്തില്‍. മണിപ്രവാളത്തില്‍ സാഹിത്യം എഴുതുന്നവര്‍ക്കാണ് പ്രസക്തി. കേരളത്തില്‍ സവര്‍ണ വിഭാഗത്തില്‍ പെടാത്തവര്‍ ഒന്നുംതന്നെ പ്രശസ്ത നോവലിസ്റ്റുകളോ കവികളോ ആവുകയില്ല. തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ മത്സരിക്കാന്‍ പറ്റാതെ സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവരെപ്പോലെ സ്വന്തം കൂട്ടര്‍ക്കിടയില്‍ പരസ്പരം മത്സരിക്കാന്‍ വിധിക്കപ്പെടുകയാണ് സബാള്‍ട്ടേണ്‍ എഴുത്തുകാരും കവികളും-” ഒരു കവിയുടെ ‘ജാതിമുദ്ര’കള്‍.
ഇതുകൂടിയുണ്ട് ഈ കവിയെഴുത്തില്: ”എന്റെ പാപ്പന് ഒരു കമ്യൂണിസ്റ്റായിരുന്നു. പാര്‍ട്ടിക്കുവേണ്ടി കുറേ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ ഒരു പാരമ്പര്യം ഞാന്‍ കാത്തുപോന്നിട്ടുണ്ട്. അതുകൊണ്ടുകൂടിയാകാം അക്കാദമി (സാഹിത്യ) എന്നെ നിയമിച്ചത്.” അക്കാദമിയിലേക്ക് ആളെ നിയോഗിക്കുന്നത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിഫലമാണ്. അതും ജാതിക്രമത്തില് നോക്കുമ്പോള്‍ ‘ദളിതന്’ പുറത്താണ് ഊണിന് ഇല.
വാല്മീകി കാടനായിരുന്നു, ഇന്ന് സംവരണാനുകൂല്യം ലഭിക്കുന്ന വിഭാഗത്തില്‍. വേദവ്യാസന് മീന്പിടിത്തക്കാരിയുടെ മകന്. എഴുത്തച്ഛന്റെ ജാതിവംശവും ചരിത്രം. ‘കവിരാമായണ’മെഴുതിയ മൂലൂര്‍.എസ്. പത്മനാഭപ്പണിക്കര്‍ സംവരണാനുകൂല്യമോ പരിഗണനയോ പാര്‍ട്ടി സേവയോ ചെയ്തല്ല കവിയായതെന്നത് ഓര്‍മ്മിക്കണം. പക്ഷേ, ‘ജാതിക്കെതിരേ യുദ്ധം’ ചെയ്യുന്നവരുടെ ഭരണത്തില്‍, അവരുടെ പ്രഭാവകാലത്തില്, ഇവിടെ കവികള്‍ക്കും ജാതിക്കുമ്മിയടിച്ചാലേ കഴിയാനാകൂ എന്നതാണ് സ്ഥിതി. പക്ഷേ, കമ്യൂണിസ്റ്റുകള്‍ പറയുന്നതോ…
പഴയിടം മോഹനന് നമ്പൂതിരിയെ പാട്ടിലാക്കാന്‍ കമ്യൂണിസ്റ്റ് മന്ത്രി വാസവന് പഴയിടം ഇല്ലത്തുപോയി. കവി എസ്. ജോസഫിനെ, ഇത് എഴുതുംവരെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ കുട്ടികളെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടിയിട്ടില്ല, അടൂര്‍ ആഗോള പ്രതിഭയാണെന്ന് പറയാന്‍ മറന്നിട്ടുമില്ല; പ്രതിഭയാണെന്ന കാര്യത്തില്‍ എനിക്കും ഭിന്നാഭിപ്രായമില്ല. എബിവിപി ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി മുഖ്യമന്ത്രിയും സിപിഎം നേതാക്കളും അണികളും ഏറെ മിണ്ടും, മിണ്ടാട്ടത്തിന്റെ കൊണ്ടാട്ടമായിരിക്കും ഇനി.
പിന്കുറിപ്പ്:
ദൈവ വിശ്വാസത്തിന്റെ ‘മതേതരത്വ’ പ്രഖ്യാപനം നടത്തി കഴിഞ്ഞ ദിവസം സംന്യാസി ചിദാനന്ദപുരി സ്വാമികള്‍. ‘ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം; അയാള്‍ ദൈവ വിശ്വാസിയാണെങ്കില്‍, ആരാധനാലയ സാഹചര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്ത്തിക്കാതിരിക്കുന്നയാളാണെങ്കില്.’ കേള്‍ക്കുമ്പോള്‍ ലളിതം. പക്ഷേ പ്രയോഗിക്കാന്‍ സങ്കീര്‍ണം. എന്നാല്‍, ഇതിനപ്പുറം ഇളവ് കൊടുക്കാന്‍ മതേതരത്വത്തിനോ മതസഹിഷ്ണുതയ്ക്കോ കഴിയുകയില്ല, അത്ര കിറുകൃത്യം. ശ്രീ നാരായണ ഗുരു വിവരിച്ച ‘മാതൃകാസ്ഥാനത്ത്’ ഇതായിരിക്കണം വിശ്വാസ നിയമം. ഇത് കാലികമായ ഏറ്റവും കുറ്റമറ്റ നിര്‍വചനമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: