മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു അയയ്‌ക്കുന്ന തുറന്ന കത്ത്.
സ്‌നേഹ ബഹുമാനത്തോടെ, ഹിന്ദു സമൂഹത്തെ സാരമായി ബാധിക്കുന്ന ചിലകാര്യങ്ങള്‍ സൂചിപ്പിക്കാനാണ് ഈ കത്ത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അന്ധവിശ്വാസ-അനാചാര നിര്‍മാര്‍ജന ബില്‍ അവതരിപ്പിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ നടത്തിയ പ്രസ്താവനയില്‍ ഇലന്തൂര്‍ നരബലിയുടെ അടിസ്ഥാനത്തിലാണ് ഈ ബില്ല് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നാണ് സൂചിപ്പിക്കുന്നത്, ഈ ബില്ലിനെ സര്‍വ്വത്മനാ സ്വാഗതം ചെയ്യുന്നു എന്നും, ബില്ലിനെ പിന്തുണയ്‌ക്കുമെന്നും പ്രസ്താവനയും കാണുകയുണ്ടായി. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 36വര്‍ഷമായി ഹിന്ദുസമാജപ്രവര്‍ത്തകനായ എന്റെ ആശങ്കകള്‍ രേഖപെടുത്തുന്നത്.
ഈ ബില്ലിലെ ചിലസൂചനകളില്‍ ബാധിക്കപ്പെടുന്ന സമൂഹത്തെ വിശ്വാസത്തിലെടുക്കാതെയും, കൂടിയാലോചന നടത്താതെയുമുള്ള നിയമനിര്‍മ്മാണ ശ്രമത്തിലെ തെറ്റായതും, ദോഷകരവുമായ ചില കാര്യങ്ങള്‍ചൂണ്ടികാട്ടാനാണ് ഈ കത്ത്. ഇലന്തൂരില്‍ നടന്നത് നരബലിയാണ് എന്നാണ് പത്ര-ദൃശ്യമാധ്യമങ്ങളിലും സര്‍ക്കാരിന്റെയും, പ്രതിപക്ഷത്തിന്റേതുമായി വന്ന പ്രസ്താവനകളിലൂടെയും പൊതുസമൂഹം മുമ്പാകെ അവതരിക്കപ്പെട്ടത്. ദേവി പ്രീതിക്കായിട്ടാണ് പൂജയും ആഭിചാരവും തുടര്‍ന്ന് നരബലിയും നടന്നത് എന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ചില മാധ്യമങ്ങളും രാഷ്‌ട്രീയ നേതാക്കളും സാമൂഹ്യ നേതാക്കളും ഈ പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നു.
ഇലന്തൂര്‍ സംഭവത്തില്‍ പ്രതികള്‍ ഭഗവല്‍ സിംഗ്, രണ്ടാം ഭാര്യ ലൈല, എറണാകുളം പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ്. ഇവരില്‍ ഭഗവല്‍ സിംഗ്, ലൈല എന്നിവര്‍ നിരീശ്വരവാദികളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സിപിഎം എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ അംഗങ്ങളുമാണ്. മുഹമ്മദ് ഷാഫി മുസ്ലിം മതത്തില്‍പ്പെട്ടയാളും നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയുമാണ്. ഇലന്തൂര്‍ നരഹത്യയുടെ മുഖ്യ ആസൂത്രകര്‍ ഇവര്‍ ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്ക് ഹിന്ദു സമൂഹത്തിന്റെ പൂജാദികാര്യങ്ങളുമായോ മറ്റ് ആചാരാനുഷ്ഠാനങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത സംഭവത്തില്‍ ഇത്തരം പ്രചരണം നടത്തുന്നതിലൂടെ ഹൈന്ദവ സമൂഹത്തെ അവഹേളിക്കുകയും, അപമാനിക്കുകയും, പൊതുസമൂഹത്തിന്റെ മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുവാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ‘ഇത് നരബലി’ അല്ല ക്രൂരമായ നരഹത്യയാണ്. നരഹത്യയെ നരബലിയായി ചിത്രീകരിച്ച് ഹിന്ദു സമൂഹത്തിന്റെ ആചാര, അനുഷ്ഠാനങ്ങളെ അവഹേളിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
ഇലന്തൂര്‍ സംഭവത്തെ നേര്‍ ദിശയില്‍ വിലയിരുത്താതെ സര്‍ക്കാര്‍ അന്ധവിശ്വാസ-അനാചാര നിര്‍മാര്‍ജന ബില്ല് നിയമസഭയില്‍ കൊണ്ടുവരുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. 2021ല്‍ കെ.ഡി. പ്രസേനന്‍ എംഎല്‍എ, നിയമസഭയില്‍ ബില്ല് നമ്പര്‍ 13 ആയി കേരള അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജന ബില്ല് എന്ന സ്വകാര്യബില്ല് അവതരിപ്പിച്ചിരുന്നു. ഈ ബില്ലിനെ മാതൃകയാക്കിയാണ് പുതിയ ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. 2021ലെ ബില്ലില്‍ ഹിന്ദു സമൂഹത്തെ സാരമായി ബാധിക്കുന്ന പല കാര്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ജ്യോതിഷം, താന്ത്രികം, ആചാര്യ സമൂഹങ്ങള്‍, ആള്‍ദൈവങ്ങള്‍ പരാമര്‍ശത്തില്‍ ആരാധ്യരായ ഹിന്ദു സമൂഹത്തിലെ ആത്മീയ നേതൃത്വം എന്നിവരെ മോശക്കാരായി ചിത്രീകരിക്കുന്നതും, അവരുടെ ആത്മീയ പ്രവര്‍ത്തനം, അന്ധവിശ്വാസവും, അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് എന്നായിരുന്നു സൂചന. അന്ധവിശ്വാസം, അനാചാരം എന്നതിനെ സംബന്ധിച്ച് സ്വകാര്യബില്ലില്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. ഏതൊരാളുടെ വിശ്വാസവും അന്ധമാണ്. തത്വസംഹിതകളെയും, ആരാധ്യരായവരെയും, മാതൃ, പിതൃ, ഗുരു, ദൈവം എന്നതിനെ എല്ലാം നിലനിര്‍ത്തുന്നത് അന്ധമായ വിശ്വാസമാണ്. വിശ്വാസത്തിന് അളവുകോല്‍ നിശ്ചയിക്കാന്‍ സാധ്യമല്ല. കൃത്യമായ ഭരണനിര്‍വഹണവും, സത്യസന്ധവും, ആദര്‍ശപരവുമായ പ്രവര്‍ത്തനവും കാഴ്ചവയ്‌ക്കുമെന്ന വിശ്വാസത്തിലാണ് (അന്ധമായ വിശ്വാസത്തിലാണ്) ഒരു സര്‍ക്കാരിനെ ജനങ്ങള്‍ സമ്മതിദാനാവകാശം ഉപയോഗിച്ച് തെരഞ്ഞെടുക്കുന്നത്.
കുടുംബജീവിതം നിലനില്‍ക്കുന്നത് ഭാര്യക്കും, ഭര്‍ത്താവിനും പരസ്പരമുള്ള വിശ്വാസത്തിലാണ്, അതും അന്ധമായ വിശ്വാസത്തിലാണ്. വിശ്വാസത്തെ കേവല വിശ്വാസമെന്നും, അന്ധവിശ്വാസമെന്നും തരംതിരിച്ച് നിര്‍വചിക്കാതെ നിയമം രൂപീകരിച്ചാല്‍ ദുരുപയോഗം ചെയ്യപ്പെടും. ആചാരങ്ങളും, അനാചാരങ്ങളും കൃത്യമായി നിര്‍വചിക്കണം. ആത്മീയ ആചാര്യന്മാരെ ആള്‍ദൈവങ്ങളായി ചിത്രീകരിക്കല്‍, താന്ത്രിക, ജ്യോതിഷ ശാസ്ത്രങ്ങളെ തെറ്റായി വ്യാഖ്യാനിക്കല്‍, എല്ലാം വിപരീത ഗുണമുണ്ടാക്കുന്നതാണ്. ജ്യോതിഷവും യന്ത്ര ശാസ്ത്രവും രത്‌നശാസ്ത്രവും എങ്ങനെ തട്ടിപ്പാകും. വിശ്വാസദൃഷ്ടിയില്‍ നോക്കിയാല്‍ ഭാരതീയ ജ്ഞാന സ്രോതസ്സിന്റെ അടിസ്ഥാനമായ വേദത്തിന്റെ കണ്ണാണ് ജ്യോതിഷം. ആധുനിക ശാസ്ത്രത്തിന്റെ അളവുകോലില്‍ നോക്കിയാലും സൂക്ഷ്മമായ ഗ്രഹ ഗണിതവും കാലഗണനയും ആക്ഷേപമില്ലാതെ ഇന്നും നടന്നുവരുന്നു. യന്ത്ര നിര്‍മ്മാണവും വിശ്വാസവും ലോകത്ത് എല്ലാ ഭാഗത്തും നിലവിലുള്ളതാണ്. എല്ലാതരം വിശ്വാസി സമൂഹങ്ങളിലും രക്ഷാതകിടുകള്‍ മുതലായ യന്ത്രധാരണം നടക്കുന്നതായി കാണാന്‍ കഴിയും. എല്ലാ മതവിഭാഗങ്ങളിലും ഇത്തരം ആചാരങ്ങള്‍ ധാരാളമായി കാണാം. യന്ത്രത്തിന്റെ ശക്തിയില്‍ വിശ്വാസികള്‍ക്ക്100% വിശ്വാസമുണ്ട്. ഇനി ആധുനിക മനഃശാസ്ത്രത്തിന്റെ ദൃഷ്ടിയില്‍ നോക്കിയാല്‍ ഒരു പ്രതികൂല സാഹചര്യത്തില്‍ ഒരാള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കാന്‍ യന്ത്രധാരണത്തിന് കഴിയുമെങ്കില്‍ എന്തിന് ഉപേക്ഷിക്കണം. അന്ധവിശ്വാസത്തിന്റെ നിര്‍വചനത്തിന് വ്യക്തതയില്ല. ഒരു മതത്തിന്റെ വിശ്വാസം മറ്റൊരു മതത്തിന് അന്ധവിശ്വാസമാകാം. ഒരു ബഹുസ്വര സമൂഹത്തില്‍ ഇത് എങ്ങനെ നിര്‍വചിക്കും. ഉദാഹരണം, വിഗ്രഹാരാധന ഹിന്ദുവിന് വിശ്വാസവും മുസ്ലിമിന് അന്ധവിശ്വാസവുമാണ്. സുന്നത്ത് മുതലായ ആചാരങ്ങള്‍ മുസ്ലിമിന് വിശ്വാസവും ഹിന്ദുവിന് അന്ധവിശ്വാസവുമാണ്. മന്ത്രവാദം എന്ന് കൊടുത്തിരിക്കുന്ന വാക്കിന്റെ വ്യാഖ്യാനം തന്നെ തെറ്റാണ്. സദ് മന്ത്രവാദങ്ങള്‍ മോക്ഷോപാധിയായാണ് കരുതപ്പെടുന്നത്. ഏതു മതവും വിശ്വാസവും പ്രകൃത്യാതീത ശക്തികളിലും അതിന്റെ നിയന്ത്രണത്തിലും വിശ്വസിക്കുന്നുണ്ട്.
ജ്യോത്സ്യത്തിനും യാഗ യജ്ഞാദി കര്‍മ്മങ്ങള്‍ക്കും ഫലസിദ്ധി ഇല്ല എന്ന് എങ്ങനെ പറയാനാവും. ആയിരക്കണക്കിന് കൊല്ലങ്ങളായി ഇവിടെ അധിവസിക്കുന്ന ഒരു ജനത അവരുടെ ജീവിതത്തില്‍ ആചരിച്ച് പരീക്ഷിച്ച് നിരീക്ഷിച്ച് ഗുണദോഷങ്ങള്‍ മനസ്സിലാക്കി കൊള്ളേണ്ടതുകൊണ്ട് നിലനിര്‍ത്തിയിരിക്കുന്നതാണ് ഇത്തരം പല അനുഷ്ഠാനങ്ങളും. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തില്‍ അവനവന്റെ സമയവും അധ്വാനവും പണവും ചെലവഴിച്ച് പര പ്രേരണയില്ലാതെ ഇത് തനിക്ക് ഗുണകരമാണെന്ന് വിശ്വസിച്ച് ഒരാള്‍ മുന്നോട്ടു പോകുന്നെങ്കില്‍ അതില്‍ എന്താണ് തെറ്റ്. പ്രകൃത്യാതീത ശക്തികളുടെ അനുഗ്രഹത്തിനായി മുറിവേല്‍പ്പിക്കുന്നത് തെറ്റാണെങ്കില്‍ നാളെ കുത്തിയോട്ടവും മുസ്ലിങ്ങളുടെ സുന്നത്തും അനാചാരമാവും. കെട്ടിട സ്ഥാനനിര്‍ണയം, ജലസ്രോതസ്സുകള്‍ ഇവയ്‌ക്കായി പൂജ നടത്തുന്നതില്‍ എന്ത് തെറ്റാണുള്ളത്. കേരളത്തിലെ സാര്‍വ്വത്രികമായ സദാചാരമാണത്. മന്ത്രം കൊണ്ട് ഭൂത പ്രേതാദികളെ ആവാഹിക്കുകയാണ് എന്നുള്ള ധാരണ ജനിപ്പിക്കുന്നതിലൂടെ, ശ്രാദ്ധം മുതലായ പൈതൃക ചടങ്ങുകളും, ശ്രീഭൂതബലി അടക്കമുള്ള ക്ഷേത്ര ആചാരങ്ങളും നിയമത്തിന്റെ മുന്നില്‍ അനാചാരമാകും. ശ്രാദ്ധത്തിനും പൂജകള്‍ക്കും ആവാഹനം ഹിന്ദുക്കള്‍ക്ക് പതിവുള്ളതാണ്. അത് ഈ നാട്ടിലെ സദാചാരമാണ്. സുദര്‍ശന ഹോമവും അഘോര ഹോമവും ശൂലിനി ഹോമവും ഈ നാട്ടില്‍ സദാചാരമാണ്. കൊടുമണ്‍ ചിലന്തി ക്ഷേത്രം, അച്ചന്‍കോവില്‍ ക്ഷേത്രം എന്നീ സ്ഥലങ്ങളിലെ ആരാധന വിഷചികിത്സയ്‌ക്ക് വിശ്വാസികള്‍ ഫലപ്രദമായി കരുതുന്നു. ഇന്നും അതിന്റെ ഫലസിദ്ധിയില്‍ അനവധിപേര്‍ അനുഭവസ്ഥരാണ്. തിരുവിഴ ക്ഷേത്രത്തിന്റെ കാര്യവും പ്രസിദ്ധമാണ്. ആയുര്‍വേദം അതിനെ അംഗീകരിക്കുന്നുണ്ട്. ജ്യോത്സ്യ പ്രവചനങ്ങള്‍ വഴി ജനങ്ങളെ വഞ്ചിക്കുന്നു എന്നുള്ളത് കൂടുതല്‍ വ്യക്തത വേണ്ട വിഷയമാണ്. വിശ്വാസമില്ലാത്ത ഇന്‍സ്‌പെക്ടര്‍ക്ക് ഉത്തമവിശ്വാസമുണ്ടെങ്കില്‍ കേസ് ചാര്‍ജ് ചെയ്യാമല്ലോ. അതിലെ വൈരുധ്യാത്മകത ഹാസ്യാത്മകമാണ്.
സമാധിസ്ഥാനങ്ങള്‍, അവിടെയുള്ള ആരാധന, ബ്രഹ്മരക്ഷസ്, യോഗീശ്വര സങ്കല്പങ്ങള്‍, ഗുരുശാലകള്‍ എന്നിവ ഒക്കെയും ഇവിടുത്തെ പരമ്പരാഗത വിശ്വാസവും സംസ്‌കാരവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നവയാണ്. അവയുടെ ആചരണ അനുഷ്ഠാനങ്ങള്‍ മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവതരമായ ഒന്നാണ്. ധര്‍മദൈവസങ്കേതങ്ങള്‍ വിശ്വാസികളുടെ അഭയ കേന്ദ്രമാണ്. ‘ധര്‍മ്മദൈവം പ്രസാദിച്ചെ കുളിര്‍പ്പൂ തറവാടുകള്‍’ തുടങ്ങിയ വചനങ്ങള്‍ വിശ്വാസി സമൂഹത്തിന് ശക്തി പകരുന്നതാണ്. ധര്‍മ്മ ദേവത ആചരണവും കുടുംബ ക്ഷേത്ര സങ്കല്പങ്ങളും ഹിന്ദുസമൂഹത്തിന്റെ കെട്ടുറപ്പില്‍ വലിയ പങ്കുവഹിക്കുന്നു. അവയെ തകര്‍ക്കുവാനുള്ള നീക്കത്തില്‍ നിന്നും നിയമനിര്‍മ്മാണം നടത്തുന്നവര്‍ പിന്‍വാങ്ങേണ്ടതാണ്. സദുദ്ദേശത്തോടെ നിയമസഭയില്‍ അവതരിപ്പിക്കുന്ന ഈ ബില്ല് ദോഷഫലങ്ങള്‍ ഇല്ലാതെ അവതരിപ്പിക്കാന്‍ വിശാലമായ അഭിപ്രായ രൂപീകരണം ഉണ്ടാകണം. ബില്‍ സംബന്ധിച്ച് സമഗ്രചര്‍ച്ചയ്‌ക്കും, ഹിന്ദു സംഘടനകള്‍, ധര്‍മ്മാചാര്യന്മാര്‍, എന്നിവരുടെ അഭിപ്രായം ശേഖരിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് നിഷേധാത്മക നിലപാടാണെന്ന് വിനയപുരസരം ഓര്‍മപ്പെടുത്തുന്നു.
എന്ന്
ഇ. എസ്. ബിജു.
സംസ്ഥാന വക്താവ്, ഹിന്ദു ഐക്യവേദി
പ്രതികരിക്കാൻ ഇവിടെ എഴുതുക: