തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്റ് ഏകദിനത്തില്‍ കാണികളാല്‍ നിറഞ്ഞുകവിഞ്ഞ ഹൈദരാബാദ് സ്റ്റേഡിയം വീണ്ടും കേരളത്തിന്റെ കായികമന്ത്രി വി.അബ്ദുള്‍ റഹ്മാനും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും പേടിസ്വപ്നമാവും. കേരളത്തിലെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡയത്തില്‍ ചൊവ്വാഴ്ച നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ 30000 ടിക്കറ്റ് വേണ്ടിടത്ത് 6200 ടിക്കറ്റ് മാത്രം വിറ്റുപോയപ്പോള്‍ ഹൈദരാബാദിലെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു.
ഇടത് നേതാക്കള്‍ കായികമന്ത്രിയെയും മേയറെയും രക്ഷിക്കാന്‍ ഏകദിനക്രിക്കറ്റായതിനാലാണ് കാണികള്‍ കയറാതിരുന്നത് എന്നതുള്‍പ്പെടെ ഒട്ടേറെ ന്യായീകരണങ്ങള്‍ നിരത്തിയിരുന്നു. പക്ഷെ അതേ ഏകദിനക്രിക്കറ്റ് മത്സരത്തിലാണ് ഹൈദരാബാദില്‍ കാണികള്‍ നിറഞ്ഞുകവിഞ്ഞത്.
തിരുവനന്തപുരം നഗരസഭ വിനോദനികുതി അഞ്ച് ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തിയതോടെയാണ് ടിക്കറ്റ് വില കൂടിയത്. എന്നാല്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കില്ലെന്നും പാവങ്ങള്‍ ക്രിക്കറ്റ് കാണേണ്ടെന്നുമുള്ള കായികമന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവന കാണികളെ കളി ബഹിഷ്കരിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ടിക്കറ്റിന്റെ പൊള്ളുന്ന വിലയും ജനങ്ങളെ കാര്യവട്ടത്തെ ഏകദിനത്തില്‍ നിന്നും അകറ്റിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ കായികമന്ത്രിയെയും കേരള ക്രിക്കറ്റ് അസോസിയേഷനെയും ഇടത് സര്‍ക്കാരിനെയും ട്രോളുകയാണ്. ഇന്ന് നടന്ന ഹൈദരാബാദിലെ ഇന്ത്യ-ന്യൂസിലാന്റ് ഏകദിനം…മാമനോട് ഒന്നും തോന്നരുത് മക്കളേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ട്രോള്‍. ഹൈദരാബാദിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ഈ പരിഹാസം.
മന്ത്രിയും സര്‍ക്കാരും കെസിഎയും കേരളത്തോട് മാപ്പ് പറയണമെന്നാണ് ശബരീനാഥന്റെ വിമര്‍ശനം. “ഇന്ന് പ്രവര്‍ത്തിദിനമായിട്ടും ഹൈദരാബാദിലെ സ്റ്റേഡിയം ഇരമ്പുകയാണ്. കേരളത്തിലെ മാച്ച് കുളമാക്കിയ മന്ത്രിയും കെസിഎയും സര്‍ക്കാരും കേരളത്തോട് മാപ്പ് പറയണം”- ഇതായിരുന്നു ശബരീനാഥന്റെ ട്രോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: