കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. പറവൂരിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച മൂന്ന് കുട്ടികള്‍ അടക്കം പതിനേഴ് പേരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ താലൂക്ക് ആശുപത്രിയില്‍ നിന്ന് എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്ക് പ്രശ്നമൊന്നുമില്ല. സംഭവത്തിന് പിന്നാലെ മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കട അടപ്പിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഇവരുടെ വേറൊരു ഹോട്ടലില്‍ പഴയ ചായപ്പൊടിയില്‍ നിറം ചേര്‍ത്തത് പിടികൂടിയിരുന്നു.
രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍ നിന്ന് 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടിയിരുന്നു. കളമശ്ശേരി കൈപ്പട മുകളിലെ സെന്‍ട്രല്‍ കിച്ചണില്‍ നിന്നാണ് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ ചീഞ്ഞ ഇറച്ചി പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: