അഗര്‍ത്തല: ത്രിപുരയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം സിപിഎമ്മിന് തിരിച്ചടിയാവുന്നു. അവിശുദ്ധ സഖ്യത്തിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ്. കോണ്‍ഗ്രസുമായുള്ള സഖ്യം അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ് സെപാഹിജാല ജില്ലയിലെ 154 സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ബിശാല്‍ഗഡില്‍ 138 സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ജയിക്കാന്‍ കഴിഞ്ഞ അപൂര്‍വം സീറ്റുകളിലൊന്നാണ് ബിശാല്‍ഗഡ്. ഇവിടുത്തെ 40 കുടുംബങ്ങളില്‍നിന്നുള്ളവരാണ് സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തിയത്. സെപാഹിജാലയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന 16 പേരില്‍ മുന്‍ ഗ്രാമമുഖ്യനും ഉള്‍പ്പെടുന്നു. ഇവര്‍ വര്‍ഷങ്ങളായി സിപിഎം പ്രവര്‍ത്തകരാണ്. ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസും പരമ്പരാഗത ശത്രുക്കളാണ്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളെയും തോല്‍പ്പിച്ച് ബിജെപി
അധികാരത്തിലെത്തുകയായിരുന്നു. കാല്‍നൂറ്റാണ്ടുകാലത്തെ ഇടതുഭരണത്തിനാണ് ബിജെപി അന്ത്യംകുറിച്ചത്. ബിജെപിയെ നേരിടാനെന്ന പേരില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയാണ്. ഇവരുടെ ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ക്ക് മറുപടി നല്കാന് കഴിയുന്നില്ല. ഇത് അവിശുദ്ധ സഖ്യമാണെന്നും നിയമസഭാതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇവരെ പാഠംപഠിപ്പിക്കുമെന്നും, ബിജെപിക്ക് അധികാരത്തുടര്‍ച്ച നല്‍കുമെന്നും മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: