ന്യൂദല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ദല്‍ഹിയില്‍ തുടക്കം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തിനുശേഷം ചേരുന്ന ബിജെപിയുടെ വിപുലവും നിര്‍ണായകവുമായ യോഗമാണിത്. ഒന്‍പത് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍, 2024 ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിച്ചു യോഗം ഉദ്ഘാടനം ചെയ്തു. ദല്‍ഹിയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി റോഡ് ഷോ നയിച്ചാണ് പ്രധാനമന്ത്രി യോഗവേദിയിലേക്ക് എത്തിയത്. ഒന്‍പത് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍വിജയം നേടണമെന്ന് ജെ.പി. നദ്ദ യോഗത്തില്‍ ആവശ്യപ്പെട്ടു. 2023 വളരെ പ്രധാനമാണ്. ഈ വര്‍ഷത്തെ ഒന്‍പത് നിയമസഭാ തെരഞ്ഞെടുപ്പുകളും 2024ലെ പൊതുതെരഞ്ഞെടുപ്പും പോരാടി വിജയിക്കണമെന്നും നദ്ദ നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കുപ്രചരണം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ഒന്‍പത് കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നതാണ് പ്രമേയമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേ പിക്കുകയും ബിജെപിക്കെതിരെ നിഷേധാത്മക പ്രചാരണം നടത്തുകയുമാണ് പ്രതിപക്ഷം. അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി സുപ്രീംകോടതിയെ ഉള്‍പ്പെടെ സമീപിച്ചപ്പോഴെല്ലാം പ്രതിപക്ഷത്തിന് തിരിച്ചടി കിട്ടി. പെഗാസസ്, റഫാല്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ വിസ്ത, സംവരണം, നോട്ട് നിരോധനം എന്നിവയുമായി ബന്ധപ്പെട്ടാലും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചു, പ്രമേയത്തില്‍ പറയുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച നദ്ദ മുന്നില്‍ നിന്ന് നയിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും നന്ദി പറയുകയും ചെയ്തതായി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
പട്ടേല്‍ ചൗക്കില്‍ നിന്നാരംഭിച്ച പ്രധാനമന്ത്രിയുടെ റോഡ് ഷോ സമ്മേളന നഗരിയായ എന്‍ഡിഎംസി കണ്വെന്ഷന് സെന്ററില്‍ സമാപിച്ചു. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന വേദികളില്‍ അവതരിപ്പിച്ചു. യോഗത്തിന് മുന്നോടിയായി ദേശീയ ഭാരവാഹി യോഗം ബിജെപി കേന്ദ്രകമ്മിറ്റി ഓഫീസില്‍ ചേര്‍ന്നു. ജെ.പി. നദ്ദ, സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
കേരളത്തില്‍ നിന്ന് ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി, വി. മുരളീധരന്, കെ. സുരേന്ദ്രന്, കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ്, എം.ഗണേശന്, കെ. സുഭാഷ്, പ്രകാശ് ജാവദേക്കര്‍, രാധാമോഹന്‍ അഗര്‍വാള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 35 കേന്ദ്രമന്ത്രിമാര്‍, 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ 350 പേര് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: