1950കളില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ജുഗല്‍ കിഷോര്‍ ചതുര്‍വേദി. അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരാ മായാറാം സാംഗനീറില്‍ നിന്ന് രണ്ടു വട്ടം നിയമസഭാംഗവും ആദ്യ അശോക് ഗെലോട്ട് സര്‍ക്കാരില്‍ ധന-നികുതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായി. എന്നാല്‍ ഇന്ദിരയുടെ മകന് അരവിന്ദ് മായാറാമിന് രാഷ്ട്രീയത്തേക്കാള്‍ ഇഷ്ടം ഭരണനിര്‍വഹണമായിരുന്നു. 1978 ബാച്ച് രാജസ്ഥാന് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായി സര്‍വ്വീസ് ആരംഭിച്ച അരവിന്ദ് മായാറാം ഒടുവില്‍ രാജ്യത്തിന്റെ ധനകാര്യ സെക്രട്ടറിയായാണ് വിരമിച്ചത്. രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടില്ലെങ്കിലും മുത്തച്ഛനേക്കാളും അമ്മയേക്കാളും നെഹ്രു കുടുംബത്തിന്റെ വിശ്വസ്തത സമ്പാദിക്കാനും അരവിന്ദിന് കഴിഞ്ഞു. ഡിസംബര്‍ 1ന് രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ഗാന്ധിക്കൊപ്പം കൈകോര്‍ത്തുനീങ്ങുന്ന അരവിന്ദിനെ കാണാനുമായി. സോണിയാഗാന്ധിയുടേയും ധനമന്ത്രി പി. ചിദംബരത്തിന്റെയും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെയും ഏറെ വിശ്വസ്തനായ അരവിന്ദ് മായാറാം ഇന്ന് സിബിഐ തേടുന്ന സുപ്രധാന കേസിലെ പ്രതിയാണ്. ഇന്ത്യയെ നോട്ട് നിരോധനത്തിലേക്കടക്കം നയിച്ചതെന്ന് കരുതപ്പെടുന്ന രാജ്യത്തെ കറന്‍സി അട്ടിമറിക്കേസിലെ പ്രധാന പ്രതി. അഴിമതിക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അരവിന്ദ് മായാറാമിന്റെ വീടുകളില്‍ റെയ്ഡ് നടത്തിയ സിബിഐ, യുപിഎ ഭരണകാലത്തെ മറ്റൊരു വന്‍അഴിമതി കൂടിയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഗണത്തിലെ ഏറ്റവും ഗുരുതരമായ ഒന്നായി കറന്‍സി അട്ടിമറി കേസ് മാറുകയാണ്.
എന്താണ് കറന്‍സി അട്ടിമറിക്കേസ്?
ഇന്ത്യന്‍ കറന്‍സികളില്‍ ഉപയോഗിക്കുന്ന കളര്ഷിഫ്റ്റ് സെക്യൂരിറ്റി ത്രെഡ് (പച്ച, നീല നിറങ്ങളിലുള്ള തിളങ്ങുന്ന നാട) കരാര്‍ അനധികൃതമായി യു.കെയിലെ ഡാ ലാ റോ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ മുന്‍ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാമിനെ പ്രതിയാക്കി സിബിഐ കഴിഞ്ഞ ദിവസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അരവിന്ദ് മായാറാമിന് പുറമേ ധനമന്ത്രാലയത്തിലെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേയും യു.കെ കമ്പനിയിലേയും ഉദ്യോഗസ്ഥരും സിബിഐയുടെ എഫ്ഐആറില്‍ പ്രതിപ്പട്ടികയിലുണ്ട്. 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു പിന്നാലെ നടന്ന ആദ്യ കാര്യം ധനസെക്രട്ടറി സ്ഥാനത്തുനിന്ന് അരവിന്ദ് മായാറാമിനെ മാറ്റുകയായിരുന്നു. ഇയാളെ ടൂറിസം സെക്രട്ടറിയായും പിന്നീട് ന്യൂനപക്ഷകാര്യ സെക്രട്ടറിയുമായും തരംതാഴ്ത്തി. സര്‍വ്വീസില്‍ നിന്ന് വിരമിച്ചശേഷം ഇപ്പോള്‍ രാജസ്ഥാന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായാണ് മായാറാം പ്രവര്‍ത്തിക്കുന്നത്.
100,500,1000 നോട്ടുകളില്‍ ഉപയോഗിക്കുന്ന സെക്യൂരിറ്റി ത്രെഡുകളുടെ കരാര്‍ 2004 ജൂലൈയിലാണ് ഡാ ലാ റോയ്ക്ക് ലഭിക്കുന്നത്. വാജ്പേയി സര്‍ക്കാര്‍ ഭരണത്തില്‍ നിന്ന് മാറി, ഡോ. മന്‍മോഹന്‍സിങിന്റെ ഒന്നാം യൂപിഎ സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടാംമാസം ഈ കരാര്‍ യുകെ കമ്പനിക്ക് നല്‍കിയത് അന്നത്തെ ധനമന്ത്രി പളനിയപ്പന്‍ ചിദംബരം. അഞ്ചുവര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാല്‍ യുകെ കമ്പനിയായ ഡാ ലാ റോയാണ് പാക്കിസ്ഥാന് കറന്‍സി നോട്ടുകളും സെക്യൂരിറ്റി ത്രെഡും വിതരണം ചെയ്യുന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതോടെയാണ് വന്‍ ഗൂഢാലോചനയുടെ ചുരുളഴിയുന്നത്. 2008 ഡിസംബര്‍ 1ന് ചിദംബരത്തെ മാറ്റി ധനമന്ത്രിയായി പ്രണബ് കുമാര്‍ മുഖര്‍ജി വന്നതോടെ അരവിന്ദ് മായാറാമിനും ആര്‍ബിഐയിലേയും ധനമന്ത്രാലയത്തിലെയും മറ്റ് അഴിമതിക്കാര്‍ക്കും മേല്‍ നിയന്ത്രണങ്ങള്‍ ശക്തമായി.
ഡാ ലാ റോയുമായുള്ള കരാര്‍ റദ്ദാക്കണമെന്നും കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഗുണനിലവാരം ഉറപ്പു വരുത്തുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് 2010ല്‍ യുകെ കമ്പനിക്കെതിരെ പ്രണബ് മുഖര്‍ജി നടപടിയെടുക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ ധനമന്ത്രിയുടെ അനുമതിയില്ലാതെ തന്നെ ഡാ ലാ റോയ്ക്ക് 2009 സപ്തംബര്‍ 4 മുതല്‍ 2011 ജൂണ്‍ 30 വരെയും 2011 ജൂലൈ 1 മുതല്‍ 2011 ഡിസംബര്‍ 31 വരെയും 2012 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയും യുകെ കമ്പനിക്ക് കരാര്‍ നീട്ടി നല്‍കിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. 2013ല്‍ സാമ്പത്തിക കാര്യ സെക്രട്ടറിയായിരിക്കെ അരവിന്ദ് മായാറാം 2015 ഡിസംബര്‍ 31വരെ ഈ കമ്പനിക്ക് മൂന്നുവര്ഷത്തെക്ക് കൂടി കരാര്‍ നീട്ടി നല്കി. ധനമന്ത്രിമാരുടെ അനുമതിയില്ലാതെയാണ് ഈ അനുമതികള്‍ നല്‍കിയതെന്നാണ് രേഖകള്‍ പരിശോധിച്ച സിബിഐ സംഘത്തിന് ബോധ്യമായത്. എന്നാല്‍ പി. ചിദംബരത്തിന്റെ അറിവോടെയാണ് യുകെ കമ്പനിക്ക് കരാറുകള്‍ നീട്ടി നല്‍കിക്കൊണ്ടിരുന്നതെന്നാണ് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നത്.
ധനമന്ത്രാലയത്തില്‍ പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യം ഇഷ്ടപ്പെടാത്ത സോണിയാകുടുംബവും പളനിയപ്പന്‍ ചിദംബരവും അടങ്ങുന്ന കോക്കസാണ് പ്രണബിനെ രാഷ്ട്രപതി ഭവനിലേക്ക് പറഞ്ഞയച്ചതെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ദല്‍ഹിയില്‍ ഏറെയുണ്ട്. 2012ല്‍ പ്രണബിനെ രാഷ്ട്രപതിയാക്കിയത് ചിദംബരത്തിന് വീണ്ടും ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ തിരികെ എത്തിക്കാന്‍ നടന്ന നീക്കങ്ങളുടെ ഫലമായാണെന്നാണ് ഇവരുടെ വാദം. ചിദംബരം വീണ്ടും ധനമന്ത്രാലയത്തിലെത്തിയതോടെ ഡാ ലാ റോയ്ക്ക് വീണ്ടും കറന്‍സി ത്രെഡ് വിതരണം ചെയ്യാനുള്ള കരാര്‍ പുതുക്കി നല്‍കാനുള്ള ധൈര്യവും അനുമതിയും അരവിന്ദ് മായാറാമിന് ലഭിക്കുകയും ചെയ്തു.
സെക്യൂരിറ്റി ത്രെഡുകള്‍ ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകമായി വികസിപ്പിച്ചെടുത്തതാണെന്നും പേറ്റന്റ് ഉണ്ടെന്നുമുള്ള യു.കെ കമ്പനിയുടെ അവകാശവാദവും തട്ടിപ്പായിരുന്നുവെന്ന് തെളിഞ്ഞു. 2004 ജൂണ്‍ 28ന് സുരക്ഷാ നാടയുടെ വിതരണത്തിനായി അപേക്ഷിക്കുമ്പോള്‍ കമ്പനിക്ക് പേറ്റന്റില്ലായിരുന്നു. 2011 ജൂണ്‍ 17ന് മാത്രമാണ് കമ്പനിക്ക് പേറ്റന്റ് ലഭിച്ചത്. ഡാ ലാ റോയുടെ പേറ്റന്റ് രേഖകള്‍ ശരിയായി പരിശോധിക്കുന്നതില്‍ അന്നത്തെ റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.കെ ബിശ്വാസിന് വീഴ്ച പറ്റിയെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. യാതൊരു തരത്തിലുമുള്ള റദ്ദാക്കല്‍ വ്യവസ്ഥകള്‍(ടെര്‍മിനേഷന്‍ ക്ലോസ്) ഇല്ലാതെയാണ് കരാര്‍ ഒപ്പുവെച്ചതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
2006 ഏപ്രില്‍ 17നും 2007 സപ്തംബര്‍ 20നും ആര്‍ബിഐയും നോട്ട് അച്ചടി ചുമതലയുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യാ ലിമിറ്റഡും യുകെ കമ്പനിയുടെ സുരക്ഷാ നാഡ പേറ്റന്റ് സംബന്ധിച്ച് അവരുടെ റിപ്പോര്‍ട്ടുകള്‍ ധനമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവയൊക്കെ തന്നെ നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയ ആസ്ഥാനത്ത് ഒതുക്കപ്പെട്ടു. ഇതിലും വലിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡാ ലാ റോയുമായി കരാര്‍ ഒപ്പുവെച്ച അനില്‍ രാഗ്ബീര്‍ എന്ന ഉദ്യോഗസ്ഥന് വിദേശ കമ്പനികളില്‍ നിന്ന് 2011ല്‍ 8.2 കോടി രൂപ സ്വീകരിച്ചതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയാണ് ഈ ഫണ്ടിംഗിന് പിന്നില്‍ എന്നാണ് സിബിഐയുടെ സംശയം.
നോട്ട് അച്ചടിക്കായി 2006ല്‍ പി. ചിദംബരത്തിന്റെ തീരുമാനപ്രകാരം ആരംഭിച്ച സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ തലപ്പത്തേക്ക് ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ അരവിന്ദ് മായാറാമും അശോക് ചാവ്ലയും എത്തിയതും സ്വാഭാവികമല്ല. 2016ലെ നോട്ട് നിരോധന സമയം ഒരേ സീരിയല്‍ നമ്പറിലുള്ള കോടിക്കണക്കിന് നോട്ടുകള്‍ റിസര്‍വ് ബാങ്കിലേക്ക് തിരികെ എത്തിയതും ദുരൂഹമായി തുടരുന്നു. യുപിഎ ഭരണകാലത്ത് കണക്കില്‍ പെടാതെ കോടിക്കണക്കിന് കറന്‍സി നോട്ടുകള്‍ അച്ചടിച്ചെന്നും സുരക്ഷാ ത്രെഡുകള്‍ ഇതിനായി യു.കെ കമ്പനി നല്കിയെന്നുമുള്ള ആരോപണങ്ങള്‍ ശക്തമാകുമ്പോള്‍ കോണ്‍ഗ്രസ് മറുപടി പറയേണ്ടി വരും. യുകെ കമ്പനി ഇന്ത്യന്‍ കറന്‍സികളിലെ സുരക്ഷാ നാട പാക്കിസ്ഥാന് മറിച്ചു നല്‍കിയെന്നും പാക്കിസ്ഥാനില്‍ ഇന്ത്യന്‍ കറന്‍സികള്‍ യഥേഷ്ടം അച്ചടിച്ചെന്നുമുള്ള ആരോപണങ്ങളും വീണ്ടും ശക്തമാവുകയാണ്. എല്ലാം മോദിയുടെ പകപോക്കലാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പതിവ് മറുപടിയില്‍ ഒതുങ്ങുന്നതല്ല കറന്‍സി അട്ടിമറി കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: