കൊല്ലം: ആര്യങ്കാവില്‍ ക്ഷീരവകുപ്പ് പിടികൂടിയ പാലില്‍ മായമുണ്ടായിരുന്നില്ലെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളി മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരവകുപ്പിന്റെ പരിശോധനാഫലം കൃത്യമാണെന്നും, ആറ് മണിക്കൂറിനുള്ളില്‍ പരിശോധിച്ചില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കണ്ടെത്താനാകില്ലെന്നും മന്ത്രി പറഞ്ഞു. പരിശോധനാ റിപ്പോര്‍ട്ട് വൈകിയതിന് മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ലോറി ക്ഷീരവികസന വകുപ്പ് പിടികൂടിയത്. അന്ന് തന്നെ ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് തന്റെ കൈവശം ഉണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശാധന വൈകിയതാണോ റിപ്പോർട്ടിൽ ഉണ്ടായ അന്തരത്തിന് കാരണമെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഭാവിയിൽ വിവാദങ്ങൾ ഒഴിവാക്കാനായി ഇത്തരം പ്രശ്നങ്ങളിൽ നടപടിയെടുക്കാനുള്ള അധികാരം ക്ഷീരവികസന വകുപ്പിന് കൂടി നൽകണം എന്ന ആവശ്യപ്പെടും. വിഷയവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ മാറ്റങ്ങൾ വരുത്തി അധികാരങ്ങൾ ഞങ്ങൾക്ക് കൂടി നൽകുകയാണെങ്കിൽ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി കൂട്ടിച്ചേർത്തു.
പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താനായത്. 15300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി അഞ്ച് ദിവസമായി പോലീസ് സ്റ്റേഷനിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: