തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിനത്തിന്റെ വിനോദ നികുതി വര്‍ധിപ്പിച്ചത്. സര്‍ക്കാരുമായി ആലോചിച്ച ശേഷമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്. നഗരസഭയുടെ വരുമാനം ജനങ്ങള്‍ക്ക് നല്‍കാനുള്ളതാണെന്നും മേയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിനോദ നികുതി വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നല്ല സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം കുറഞ്ഞത്. പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവര്‍ നീണ്ടു നില്ക്കുന്ന മത്സരവുമാണ് കാണികളുടെ എണ്ണം കുറയാന്‍ കാരണമായെന്നും മേയര്‍ പറഞ്ഞു. 40000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴായിരത്തോളം സീറ്റുകള്‍ മാത്രമാണ് കളിക്കായി വിറ്റുപോയതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ പോകേണ്ട, ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് അധിക ഭാരം അല്ലെന്നായിരുന്നു ടിക്കറ്റ് വില്‍പ്പനയില്‍ കാര്യമായ പുരോഗതിയില്ലാത്തതില്‍ സംസ്ഥാന കായിക മന്ത്രി വി.അബ്ദു റഹ്മാന് പ്രതികരിച്ചത്. വിനോദ നികുതി ഉയര്‍ത്തി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന.
എന്നാല്‍ ശബരിമല സീസണ്, സിബിഎസ്ഇ പരീക്ഷ, 50 ഓവര്‍ മത്സരം എന്നിവയാണ് ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചതെന്നാണ് കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി അറിയിച്ചത്. കാണികള്‍ക്ക് ആലസ്യമാണ്. വരും മത്സരങ്ങള്‍ കാര്യവട്ടത്തെത്താന്‍ കാണികളുടെ എണ്ണം തടസമാകില്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.
വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപ എന്നിങ്ങനെയായിരുന്നു. 18 ശതമാനം ജിഎസ്ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: