തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാലയങ്ങളും ആയുധ നിര്മാണശാലകളാകുന്നെന്ന സംസ്ഥാന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കത്തയച്ചതില്‍ സര്‍ക്കാരിനു മൗനം. ലാബുകളില്‍ ശ്രദ്ധ വേണമെന്ന നാലുവരി സര്‍ക്കുലറില്‍ നടപടിയൊതുക്കി സര്‍ക്കാര്‍. ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് പുറത്തു വിട്ടത് ജന്മഭൂമി.
സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവൃത്തി പരിചയ ഭാഗമായ ലാബിന്റെ മറവില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നെന്ന് ഇന്റലിജന്റ്സ് വിഭാഗം എഡിജിപിയാണ് ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് കൊടുത്തത്. എന്‍ജിനീയറിങ് കോളജുകള്‍, ഐടിഐകള്‍ തുടങ്ങിയവയുടെ മെക്കാനിക്കല്‍ ലാബുകളില്‍ വടിവാളുള്‍പ്പെടെ മാരകായുധങ്ങള്‍ വ്യാപകമായി ഉണ്ടാക്കുന്നുണ്ട്. കാമ്പസുകളിലെ അക്രമത്തിനു മാത്രമല്ല പുറത്തേക്കും ഇവയുണ്ടാക്കിക്കൊടുക്കുന്നുണ്ട്. ആയുധങ്ങള്‍ പണിയുന്നത് അറിഞ്ഞിട്ടും അധ്യാപകര്‍ വിലക്കുന്നില്ലെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. എന്നിട്ടും റിപ്പോര്‍ട്ടില്‍ നടപടിയെടുത്തിട്ടില്ല.
വിദ്യാര്‍ഥികളുടെ ലാബ് സംബന്ധമായ കാര്യങ്ങളില്‍ കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും അധ്യാപകര്‍ക്കും ലാബ് സ്റ്റാഫിനും വേണമെന്നൊരു സര്‍ക്കുലര്‍ ഇറക്കി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കൈകഴുകി. എസ്എഫ്ഐക്കാരും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഇടത് അനുകൂല അധ്യാപകരും കുരുങ്ങുമെന്നായതോടെയാണ് നടപടി സര്‍ക്കുലറില്‍ ഒതുക്കിയത്.
ഇന്റലിജന്റ്സ് റിപ്പോര്‍ട്ടും ആഭ്യന്തര വകുപ്പിന്റെ കത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ടും ആദ്യം പുറത്തു വിട്ടത് ജന്മഭൂമിയായിരുന്നു. വാര്‍ത്ത വലിയ ചര്‍ച്ചയായതോടെ മറ്റു മാധ്യമങ്ങളും ഏറ്റെടുത്തു. ഇപ്പോള്‍ പോലീസ് ചെറിയ സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ച റിപ്പോര്‍ട്ടാണെന്നു വരുത്തിത്തീര്‍ത്ത് ലഘൂകരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: