ഷാജന് സി. മാത്യു
കൊച്ചി: വേണ്ടത്ര ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് ഭക്ഷ്യസുരക്ഷാ പരിശോധനച്ചുമതല പോലീസിനു നല്കാന് ആലോചിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നു. മനുഷ്യജീവന് അപകട സാഹചര്യമുണ്ടായാല്‍ പോലീസിന് ഇടപെടാമെന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഭക്ഷണ പരിശോധനയ്ക്ക് അവരെ നിയോഗിക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്.
അതേസമയം, ഭക്ഷ്യപരിശോധനയില്‍ പ്രാവീണ്യവും പരിശീലനവുമുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ഈ ചുമതലയില്‍നിന്ന് നീതീകരണമില്ലാതെ മാറ്റി നിര്‍ത്തുന്നു. സംസ്ഥാന ആരോഗ്യവകുപ്പില്‍ 3600 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 864 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 176 ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാര്‍, 45 ജില്ലാ ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ ജോലി ചെയ്യുന്നു. ഇവര്‍ക്കു ഭക്ഷണം പരിശോധിക്കാന്‍ അധികാരമില്ലെന്നും സ്ഥാപനങ്ങളുടെ ശുചിത്വം പരിശോധിക്കാന്‍ മാത്രമേ അനുമതിയുള്ളൂവെന്നുമാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിലപാട്. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്റെ സ്വാധീനമാണു സര്‍ക്കാര്‍ നിലപാടിനു പിന്നിലെന്ന് ആരോപണമുണ്ട്.
ഭക്ഷണം പരിശോധിക്കാന്‍ ചുമതലയുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാകട്ടെ വെറും 140 പേരേ സംസ്ഥാനത്തുള്ളൂ. ഇവര്‍ അമിത ജോലിഭാരത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ഇവരുടെ ജോലി ഭാരം കുറയ്ക്കാന്‍ തങ്ങളെ നിയോഗിക്കുന്നതിനു പകരം പോലീസിനെ ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കം അദ്ഭുതവും അമ്പരപ്പും സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂണിയന് ഭാരവാഹികള്‍ ജന്മഭൂമിയോടു പറഞ്ഞു.
‘വലിയൊരു ശക്തിയാണു ഞങ്ങള്‍. എല്ലാ മാസവും ഞങ്ങള്‍ നടത്തുന്ന ‘ഹെല്‍ത്തി കേരള’ പരിശോധന മാത്രം മതി ഇതിനു തെളിവായി. കഴിഞ്ഞ 11ന് ഞങ്ങള്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ 70,000 സ്ഥാപനങ്ങളുടെ ശുചിത്വമാണു പരിശോധിച്ചത്. ഒറ്റ ദിവസത്തെ നേട്ടമാണിത്. ഭക്ഷ്യപരിശോധനാ ചുമതല ഏല്‍പ്പിച്ചാല്‍ വലിയൊരു മാറ്റം ഈ മേഖലയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നു മൂന്നു തവണ ഞങ്ങള്‍ മന്ത്രി വീണാ ജോര്‍ജിനെ നേരില്‍ക്കണ്ടു പറഞ്ഞതാണ്. പരിഗണിക്കാമെന്നു പറഞ്ഞതല്ലാതെ നടപടിയൊന്നുമെടുത്തില്ല.’ സംസ്ഥാന ഭാരവാഹി ചൂണ്ടിക്കാട്ടി.
നിയമം വന്നാലും സ്ഥിതി മാറില്ല
2021ലെ പൊതുജനാരോഗ്യ നിയമം നടപ്പായാല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കു ഭക്ഷ്യ പരിശോധനാ ചുമതല കിട്ടുമെന്നു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാല്‍ അതില്‍ കാര്യമില്ലെന്നു നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഈ അധികാരമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു. 55 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരേ തദ്ദേശ വകുപ്പിലുള്ളൂ. അയ്യായിരത്തോളമുള്ള വന്‍സേന ആരോഗ്യ വകുപ്പിനു കീഴിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: