ഒരു കോടിരൂപയുടെ ലഹരിക്കടത്തില്‍ പ്രതിസ്ഥാനത്തുനില്ക്കുന്ന സിപിഎം കൗണ്‍സിലര്‍ ഷാനവാസ് പറയുന്നത് കേട്ടില്ലെ. ”16 വയസ്സുമുതല്‍ ഞാന്‍ പാര്‍ട്ടിക്കാരനാണ്. നേരത്തെ ചില തരികിട പരിപാടികളില്‍ ഏര്‍പ്പെട്ടു. ഇപ്പോള്‍ അമ്മാതിരിക്കാരനല്ല ഞാന്‍. നല്ല വിശ്വാസിയാണ്. അഞ്ചുനേരം നിസ്കരിക്കുന്നുണ്ട്. മയക്കുമരുന്നുകടത്ത് നടത്തേണ്ട ആവശ്യമൊന്നും എനിക്കില്ല. ആകെ ചെയ്ത തെറ്റ് ലോറി വാങ്ങിയത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നതാണ്.” ഇഞ്ചാദി ഐറ്റങ്ങളാല് നിറഞ്ഞിരിക്കുകയാണ് പാര്‍ട്ടി. ചെറിയൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിക്കുകയോ എന്ന മാതിരി.
സിപിഎമ്മിന്റെ പ്രഖ്യാപിത ശൈലി അനുസരിച്ച് പള്ളിയില്‍ പോകാന്‍ പറ്റുമോ സഖാവെ. 5 നേരം നിസ്കരിക്കാന്‍ പറ്റുമോ, ഇതൊക്കെ തെറ്റല്ലെ. സമ്മതിച്ച ഒരു തെറ്റുണ്ടല്ലോ ലോറിവാങ്ങിയത് പാര്‍ട്ടിയെ അറിയിച്ചില്ല എന്നത്. എന്നിട്ടും ഷാനവാസിനെതിരെ നടപടിയില്ലാത്തതെന്താണ്. നേരത്തെ കടകംപള്ളി സുരേന്ദ്രന് ഗുരുവായൂരില്‍ ചെന്ന് വഴിപാട് നേര്‍ന്നത് വലിയ കുറ്റമായിരുന്നില്ലെ. അയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പരസ്യമായി പറഞ്ഞത് കോടിയേരി ബാലകൃഷ്ണനായിരുന്നില്ലെ! പാര്‍ട്ടിയെ അറിയിക്കാതെ മൂകാംബിക ക്ഷേത്രത്തില്‍ ചെന്നതിന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കിയ പാര്‍ട്ടിയല്ലേ ഇത്. പാലക്കോട് പ്ലീനത്തിലെ നിര്‍ദ്ദേശങ്ങളും നിര്‍ബന്ധങ്ങളും കടകംപള്ളി സുരേന്ദ്രന് മാത്രം ബാധകമാണോ?
ഇമ്മാതിരി ഒരു സാധനം എറണാകുളത്തും ഉണ്ടായിരുന്നു. കളമശ്ശേരി ഏരിയാസെക്രട്ടറി സദ്ദാംഹുസൈന്. ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയി വിലപേശി വിട്ടയച്ചതാണ് ഇയാള്‍ക്കെതിരെ മുഖ്യപരാതി. അതിനെക്കുറിച്ചന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. കേന്ദ്രകമ്മിറ്റി അംഗം എളംമരംകരീമിനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. എളമരം നന്നായി അന്വേഷിച്ചു. ഒടുവില്‍ കണ്ടെത്തിയ കുറ്റം പാര്‍ട്ടി ആഗ്രഹിച്ചപോലെ തന്നെ. സദ്ദാം തെറ്റുകാരനല്ല. അങ്ങിനെ എത്രയെത്ര കേസുകള്‍. ഷാജഹാന് പറയുന്നു തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന്. എന്താസംശയം. പാര്‍ട്ടി അന്വേഷിക്കും. ഷാജഹാന് നിരപരാധിയെന്ന് വിധിക്കും. സ്വന്തമായി അന്വേഷണ കമ്മീഷനും ലോക്കപ്പും പോലീസും സ്വന്തമായി കോടതിയുമുള്ള ഈ പാര്‍ട്ടി ഇപ്പോള്‍ ഒരു ഭീതിയിലാണ്. യുദ്ധ ഭീതിയാണത്.
ആര്‍എസ്എസ് സര്‍സംഘചാലക് ഉയര്‍ത്തിയതായി പറയുന്ന യുദ്ധഭീതിക്കെതിരെ പാര്‍ട്ടി പത്രത്തില്‍ തലങ്ങും വിലങ്ങും അക്ഷരം നിറയ്ക്കുകയാണ്. അതിപ്രകാരമാണ്. ”ഹിന്ദുധര്‍മ്മത്തെയും സംസ്കാരത്തെയും സംരക്ഷിക്കാനുള്ള യുദ്ധത്തിന്റെ വക്കിലാണ് ഹിന്ദുസമൂഹം. പുറത്തുനിന്നുള്ള ശത്രുക്കള്‍ക്കെതിരെയല്ല ഈ യുദ്ധം. അകത്തുനിന്നുള്ള ശത്രുക്കള്‍ക്കെതിരെയാണ്. വിദേശ കടന്നുകയറ്റക്കാര്‍ ഇപ്പോള്‍ ഇവിടെയില്ല. എന്നാല്‍ വിദേശ സ്വാധീനവും ഗുഢാലോചനയും തുടരുന്നു. ഇതിനെതിരായ യുദ്ധത്തില്‍ അത്യാവേശം പ്രകടമായേക്കും. അത് അഭിലഷണീയമല്ലെങ്കിലും പ്രകോപനപരമായ പ്രസ്താവനകള്‍ ഉണ്ടാക്കുന്നു. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായി തുടരണം. ഇവിടെ മുസ്ലീങ്ങള്‍ കഴിയുന്നതില്‍ കുഴപ്പമില്ല. പൂര്‍വികരുടെ വിശ്വാസത്തിലേക്ക് മടങ്ങാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അങ്ങനെയാവാം. അക്കാര്യത്തില്‍ ഹിന്ദുക്കള്‍ക്ക് കടുംപിടുത്തമില്ല. അതേസമയം മുസ്ലീങ്ങള്‍ അവര്‍ കേമന്മാരാണെന്ന ചിന്ത ഉപേക്ഷിക്കണം. തങ്ങള്‍ ഉന്നതരാണ്. ഇവിടെ ഭരിച്ചവരാണ്. തങ്ങള്‍ വ്യത്യസ്തരാണ് ഇത്തരം ചിന്തകള്‍ എല്ലാവരും ഉപേക്ഷിക്കണം.”
പാഞ്ചജന്യ, ഓര്‍ഗനൈസര്‍ വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞതിനെക്കുറിച്ച് പാര്‍ട്ടി പത്രത്തിലെ വെപ്രാളവും പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയുടെ ഭീഷണിയും. അതുകൂടാതെ സെബാസ്റ്റ്യന്‍ പോളിന്റെ കോളവും കൊമ്പു കുലുക്കുന്നു. ഹിന്ദുധര്‍മ്മത്തെയും സംസ്കാരത്തെയും സംരക്ഷിക്കാന്‍ ഹിന്ദുസമൂഹം യുദ്ധം ചെയ്യാനുള്ള സാഹചര്യം എങ്ങനെ വന്നു എന്നല്ലെ ആലോചിക്കേണ്ടത്. അത് മുസ്ലീങ്ങള്‍ക്കെതിരായ യുദ്ധമായി വ്യാഖ്യാനിക്കുന്നതല്ലെ നികൃഷ്ടവും നീചവുമായ നടപടി. മതാധിഷ്ഠിതമായ പൗരത്വമെന്ന അപകടകരമായ സിദ്ധാന്തം പൗരത്വനിയമത്തിലൂടെ കൊണ്ടുവന്നവര്‍ക്ക് രണ്ടാംതരം പൗരത്വമെന്ന ആശയം അനായാസം നടപ്പിലാക്കാനാകുമെന്നാണ് സെബാസ്റ്റ്യന്‍ പോളിന്റെ കണ്ടെത്തല്‍. കേമന്മാരെന്ന ചിന്ത ഉപേക്ഷിക്കണമെന്ന് ഉപദേശിക്കുന്നതിന്റെ അര്‍ഥം കൂടുതല്‍ ഉത്കൃഷ്ടരായവര്‍ ഇവിടെ ഉണ്ടെന്നാണോ? പൗരത്വനിയമം വന്നതിന്റെ പേരില്‍ ഒരു ഇസ്ലാമെങ്കിലും പീഡിപ്പിക്കപ്പെട്ടോ? പാര്‍ലമെന്റിനകത്തും പുറത്തും ഇന്ത്യന്‍ ഭരണകൂടവും പ്രധാനമന്ത്രിയും ആവര്‍ത്തിക്കുന്നതും ഇതുതന്നെല്ലെ. ഇന്ത്യയില്‍ ജീവിക്കുന്ന ഒരാള്‍ക്കും ഈ നിയമം പ്രതികൂലമായിരിക്കില്ല എന്നതല്ലെ അത്.
യുഎസ് ചീഫ് ജസ്റ്റിസ് ടോണി പറഞ്ഞതും പോള്‍ ഉദ്ധരിച്ചിരുന്നു. നീഗ്രോ അടിമയോട് മനുഷ്യന് എന്ന വിഭാഗത്തില്‍ അടിമപ്പെടില്ലെന്ന്. മുസ്ലീങ്ങള്‍ അടിമയാണെന്ന് മോഹന്‍ഭാഗവത് പറഞ്ഞിട്ടുണ്ടോ? അങ്ങിനെ നേരിയ ചിന്തയെങ്കിലും ഉണ്ടായിട്ടുണ്ടോ? മതാധിഷ്ഠിത പൗരത്വമെന്ന അപകടകരമായ സിദ്ധാന്തം പൗരത്വ നിയമഭേദഗതിയിലൂടെ കൊണ്ടുവന്നവര്‍ക്ക് രണ്ടാംതരം പൗരത്വമെന്ന ആശയം അനായാസം നടപ്പാക്കാനാകുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ കണ്ടെത്തിയിട്ടുണ്ട്. ശരിയായിരിക്കാം. പക്ഷേ പോളിന്റെ പിതാവല്ല മോദിയുടെ പിതാവെന്ന വ്യത്യാസവുമുണ്ട്. പറയുന്നതേ പ്രവര്‍ത്തിക്കൂ. രണ്ടുതരം പൗരത്വം ഇന്ത്യയുടെ പാരമ്പര്യത്തിലില്ല. പാരമ്പര്യത്തിലില്ലാത്തതൊന്നും പോള്‍ പ്രതീക്ഷിക്കുകയും വേണ്ടേ.
ഹിന്ദു എന്ന പദമാണ് ചിലര്‍ക്ക് അലര്‍ജിയാകുന്നത്. എന്നാല്‍ ഹിന്ദുരാഷ്ട്രം, ഹിന്ദുുസ്ഥാന് എന്നതിനോട് വിയോജിപ്പില്ലെന്ന് കാണാനാകും. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്, കേരളത്തിലുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ മോദി അധികാരത്തിലെത്തുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത സമയത്ത് സ്ഥാപിതമായതാണ്. സ്വയംരക്ഷയും സുരക്ഷയും എല്ലാവരുടെയും കടമയാണ്. വിദ്വേഷ പ്രചാരണം, അനീതി, അക്രമങ്ങള്‍, ഗുണ്ടായിസം, വിദ്വേഷ പ്രചാരണം എന്നിവ ഒഴിവാക്കപ്പെട്ടേണ്ടതാണെന്ന ഉറച്ച വിശ്വാസമാണ് സംഘത്തിനും സര്സംഘചാലകനുമുള്ളത്. ആരാലും ഭയപ്പെടാതെ ആരെയും ഭയപ്പെടുത്താതെ എന്ന നിലയിലുള്ള ഹിന്ദുസമൂഹമാണ് ഇന്നത്തെ ആവശ്യം. ഇതാര്‍ക്കും എതിരല്ലെന്ന സത്യം മനസ്സിലാക്കാനാണ് പോളച്ചന് തയ്യാറാകേണ്ടത്. ഇന്ത്യന്‍ ഭരണഘടനയാണ് എന്റെ മതമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച നരേന്ദ്രമോദിയാണ് രാഷ്ട്രത്തെ നയിക്കുന്നതെന്ന തിരിച്ചറിവെങ്കിലും വേണ്ടതല്ലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: