ന്യൂദല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരമുള്‍പ്പെടെയുള്ള സായുധ വിപ്ലവങ്ങള്‍ വിസ്മരിക്കപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമ്പത്തിക വിദഗ്ധനായ സഞ്ജയ് സന്യാലിന്റെ റെവല്യൂഷണറീസ്-ദ അദര്‍ സ്റ്റോറി ഓഫ് ഹൗ ഇന്ത്യന്‍ വണ്‍ ഇറ്റ്സ് ഫ്രീഡം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന അഹിംസ പ്രസ്ഥാനത്തിനൊപ്പം തന്നെ പ്രാധാന്യം സായുധ വിപ്ലവങ്ങള്‍ക്കുമുണ്ട്. ചിലപ്പോഴൊക്കെ ഈ സായുധ വിപ്ലവങ്ങളെ അവഗണിക്കാന്‍ അല്ലെങ്കില്‍ താഴ്ത്തിക്കെട്ടാന്‍ ചരിത്രകാരന്മാര് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രപുസ്കങ്ങള്, പഠനകാലത്തെ ബുക്കുകള്‍ എന്നിവയില്‍ നിന്നെല്ലാം ഒരേ കാഴ്ചപ്പാട് മാത്രമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. പക്ഷേ, നിരവധി വ്യക്തികളും, ആശയങ്ങളും, സംഘടനകളും രാജ്യത്തിന്റെ സ്വാതന്ത്യത്തില്‍ മൂല്യവത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സായുധ വിപ്ലവങ്ങളെ അവഗണിക്കാനും അവയ്ക്ക് അര്‍ഹമായ അംഗീകാരം നല്കാതിരിക്കാനും ശ്രമങ്ങള്‍ നടക്കുന്നു.
ജയത്തിന്റെയോ തോല്‍വിയുടേയോ അടിസ്ഥാനത്തിലല്ല ചരിത്രം രേഖപ്പെടുത്തേണ്ടത്. മറിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ സായുധ ചെറുത്തുനില്‍പ്പ് ശ്രമങ്ങള്‍ അടയാളപ്പെടുത്തിയും ഇത്തരം ശ്രമങ്ങളെ വിലയിരുത്തിയും വിശകലനം ചെയ്തും അവയുടെ യാഥാര്‍ഥ്യമാണ് രേഖപ്പെടുത്തേണ്ടത്. ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിലൂടെയാണ് ചരിത്രം രചിച്ചത്. പക്ഷേ ചരിത്രകാരന്മാര് മറന്ന ഒന്നുണ്ട്. ഭഗത് സിങ്ങിനെ തൂക്കിലേറ്റിയ ദിവസം ലാഹോര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വീടുകള്‍ പട്ടിണിയിലായിരുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം എല്ലാ ഇന്ത്യക്കാരിലും ഒരിക്കലും അവസാനിക്കാത്ത ദേശസ്നേഹം വളര്‍ത്തി, അമിത് ഷാ ചൂണ്ടിക്കാട്ടി.
വന്ദേ മാതരം രചിച്ചുകൊണ്ട് ജനങ്ങളില്‍ ദേശസ്നേഹം ഉണര്‍ത്തിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലൂടെ യുവാക്കള്‍ക്ക് ഉണര്‍വു നല്കിയ സുഭാഷ് ചന്ദ്ര ബോസ് എന്നീ ഉദാഹരണങ്ങളും അമിത് ഷാ ഉയര്‍ത്തിക്കാട്ടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരമോ ആദരവോ ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: