പന്തളം: ആയിരക്കണക്കിന് അയ്യപ്പ ഭക്തരുടെ ശരണം വിളികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മകരവിളക്കിന് ശബരിമല അയ്യപ്പന് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പന്തളത്തുനിന്നും പുറപ്പെട്ടു. പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴമാളിക കൊട്ടാരത്തില്‍ രേവതിനാള്‍ ലക്ഷ്മി തമ്പുരാട്ടി (93) യുടെ നിര്യാണത്തെത്തുടര്‍ന്ന് കൊട്ടാരം കുടുംബാഗങ്ങള്‍ക്ക് അശുദ്ധിയായതിനാല്‍ ആചാരപരമായ ചടങ്ങുകള്‍ ഒഴിവാക്കി.
വലിയതമ്പുരാനെയും രാജപ്രതിനിധിയേയും കൊട്ടാരത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മരണം. ഉടന്‍തന്നെ ക്ഷേത്രം അടച്ച് ദര്‍ശനത്തിനായി വെച്ചിരുന്ന ആഭരണങ്ങള്‍ അശുദ്ധിയില്ലാത്ത കൊട്ടാരം ബന്ധുക്കള്‍ പെട്ടിയിലാക്കി ക്ഷേത്രത്തിന് പുറത്ത് എത്തിച്ചു. ഘോഷയാത്ര ഒരുമണിക്ക് തന്നെ പുറപ്പെട്ടു. സ്വീകരണങ്ങളും വെടിക്കെട്ടും ചെണ്ടമേളവും ഘോഷയാത്രയുടെ തുടക്കത്തില്‍ ഒഴിവാക്കിയിരുന്നു.
പരമ്പരാഗത പാതയിലൂടെ കാല്‍നടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം ശനിയാഴ്ച വൈകിട്ട് ശബരിമലയിലെത്തും. അന്ന് സന്ധ്യയില്‍ ആഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോയത്. നാളെ പുലര്‍ച്ചെ നാലുമണിയോടെ ആഭരണപ്പെട്ടികള്‍ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും സംഘവും കര്‍പ്പൂരാഴിയുടെ അകമ്പടിയില്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. തുടര്‍ന്ന് ശ്രീകോവിലിനു മുമ്പില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നുവച്ചു.
പ്രധാനപെട്ടി ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയും രണ്ടാമത്തെ പെട്ടി മരുതമനയില്‍ ശിവന്‍പിള്ളയും മൂന്നാമത്തെ പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരും ശിരസ്സിലേറ്റി ഘോഷയാത്ര പുറപ്പെട്ടു. കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി ഇന്നലെ വിശ്രമിച്ചു. ഇന്ന് ളാഹ വനം വകുപ്പ് സത്രത്തിലെത്തി വിശ്രമിക്കും. ശനിയാഴ്ച വൈകിട്ട് ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം അധികാരികള്‍ സന്നിധാനത്തേക്ക് സ്വീകരിക്കും. തിരുവാഭരണങ്ങള്‍ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തും. ശബരിമലയില്‍ രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ നടത്തേണ്ട ആചാരപരമായ ചടങ്ങുകളും അശുദ്ധികാരണം ഇത്തവണ ഉണ്ടാകില്ല.
പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ അസി. കമാന്‍ഡന്റ് എം.സി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പോലീസും, ബോംബ് സ്‌ക്വാഡും തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ തുടങ്ങിയവരടക്കം വിവിധ രാഷ്‌ട്രീയ, സാമൂഹിക, സാമുദായിക നേതാക്കള്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: