കണ്ണൂര്‍: നിര്‍മ്മാണ ക്ഷേമനിധി തൊഴിലാളി ആനുകൂല്യവിതരണം നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞതോടെ തൊഴിലാളികള്‍ ദുരിതത്തില്‍. അംഗസംഖ്യകൊണ്ടും അംശാദായ വര്‍ധനവിന്റെ കാര്യത്തിലും സംസ്ഥാനത്തെ ക്ഷേമനിധി ബോര്‍ഡുകളില്‍ ഏറ്റവും സമ്പന്നമായ ബോര്‍ഡുകളിലൊന്നാണ് കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്.
ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നിന്നും അവസാനമായി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഏറ്റവും ഒടുവില്‍ വിവാഹധനസഹായം വിതരണം ചെയ്തത് 2021 സെപ്തംബര്‍ 2 തീയ്യതിയാണെന്നും അതിനുശേഷം ഇതുവരെ ആനുകൂല്യം വിതരണം ചെയ്തിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ചികിത്സ ധനസഹായം 2021 ജൂണിലും, അപകട ചികിത്സസഹായം ആഗസ്തിലും പ്രസവാനുകൂല്യം ഇതേവര്‍ഷം നവംമ്പറിലും മാരകരോഗത്തിനുളള ചികിത്സാസഹായം ആഗസ്തിലും മരണാനന്തരസഹായം 2021 ഡിസംബറിനുശേഷവും ബോര്‍ഡ് വിതരണം ചെയ്തിട്ടില്ല.
ഒരുവര്‍ഷത്തിലധികമായി ബോര്‍ഡ് തൊഴിലാളികള്‍ക്ക് പുതുതായി പെന്ഷന് അനുവദിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു. നിലവില്‍ പെന്ഷന് ലഭിക്കുന്നവര്‍ക്കുള്ള പെന്ഷന് ആറ് മാസമായി മുടങ്ങിക്കിടക്കുകയാണ്. മാസാമാസം ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കുമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് ആറുമാസമായി പെന്ഷന് ലഭിക്കാത്തതെന്ന് ബോര്‍ഡിന്റെ പെന്ഷന് കൈപ്പറ്റുന്നവര്‍ പറയുന്നു. അതില്‍തന്നെ തന്നെ പലര്‍ക്കും മസ്റ്ററിംഗ് നടത്തിയിട്ടില്ലെന്നും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നുമുള്ള ന്യായം പറഞ്ഞ് വര്‍ഷങ്ങളോളമായി പലരുടേയും പെന്ഷന് കുടിശ്ശികയായിട്ടുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോര്‍ഡിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനായി ഒരു ശതമാനം സെസ്സ് പിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ആദ്യകാലങ്ങളില്‍ അത് കാര്യക്ഷമമായി നടന്നുവന്നിരുന്നു. നിലവില്‍ 2000 കോടി രൂപയോളം സെസ്സ് വരുമാനം കുടിശ്ശികയായി നില്‍ക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്.
പ്രസ്തുത തുകയുടെ 6 ശതമാനം പലിശ കണക്കാക്കിയാല്‍ 1500 കോടി രൂപയോളം പലിശയിനത്തില്‍ തന്നെ ബോര്‍ഡിന് നഷ്ടപ്പെടുകയാണെന്നും തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മാണ തൊഴിലാളി പെന്‍ഷനുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ നാഷണല്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസ് നാളെ ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.സി. കരുണാകരന്, കെ.വി. പവിത്രന്, ടി.പി. രാജന്ചുഴലി, കെ. ശശിധരന് കുറുമാത്തൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: