പ്രകൃതിക്കും മനുഷ്യനും വേണ്ടി വീറോടെ പൊരുതിയ സുഗതകുമാരി ടീച്ചര്‍ക്ക് ജന്മനാടായ ആറന്മുളയില്‍ ഒരു സ്മൃതിവനമൊരുങ്ങുന്നു. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദബോസ് നാളെ ഉദ്ഘാടനം ചെയ്യും. ടീച്ചര്‍ തന്റെ ജന്മനാട്ടില്‍ വരുമ്പോഴെല്ലാം പച്ചപ്പിന്റെ സൗന്ദര്യവും പക്ഷികളുടെ കളകൂജനവും ആവോളം ആസ്വദിക്കാറുണ്ടായിരുന്നു. പച്ചിലപ്പടര്‍പ്പുകളില്‍ ഊഞ്ഞാലാടുന്ന കവളങ്കാളിക്കൂട്ടങ്ങളെ നോക്കി മതിമറന്ന് അനുഭൂതിദായകമായ നിമിഷങ്ങളോര്‍ത്ത് വരികള്‍ കുറിച്ചിട്ടു. മന്ദമാരുതനില്‍ ഇളകിയാടുന്ന മരച്ചില്ലകളില്‍ ഹൃദയ സ്പര്‍ശമുണ്ടായപ്പോള്‍ അതുനാടിന്റെ നിരവധി ഉണര്‍ത്തുപാട്ടുകള്‍ക്കു ജന്മം നല്‍കി. ആറന്മുളയില്‍ വന്നു മടങ്ങുന്നത് കുറേ സ്വപ്‌നങ്ങളുമായിട്ടായിരുന്നു. ”ഒരു താമരപ്പൊയ്ക, അതിനുചുറ്റും വനം, മിണ്ടാപ്രാണികള്‍ക്ക് കുടിക്കാനും വസിക്കാനും ഒരിടമുണ്ടാകണം”. ഈ ആഗ്രഹാഭിലാഷം നേരില്‍ കാണുമ്പോഴെല്ലാം പങ്കുവക്കുമായിരുന്നു.
അന്നൊന്നും വ്യക്തമായ ഉത്തരം ടീച്ചര്‍ക്ക് നല്‍കാനായില്ല. ഇന്നിപ്പോള്‍ ആ സ്വ്പ്‌നങ്ങള്‍ക്ക് ചിറകുവിരിയുകയാണ്. ടീച്ചര്‍ എന്താഗ്രഹിച്ചോ അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ആറന്മുളക്കാരുടെ യത്‌നം സഫലമാകുന്നു. ‘സുഗതവനം’ പദ്ധതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നതോടെ പ്രകൃതിയുടെ കാവലാളായി ജീവിതകാലം മുഴുവന്‍ പടവെട്ടിയ സുഗതകുമാരിക്ക് ഉചിത സ്മാരകമാകും. ഭാവിതലമുറയ്‌ക്ക് അറിയാനും പഠിക്കാനുമുള്ള പ്രകൃതിയുടെ പാഠശാലയാണ് സുഗതവനം. പ്രകൃതി ഒരു തുറന്നപുസ്തകമാണെന്ന് ടീച്ചര്‍ എപ്പോഴും പറയാറുണ്ട്. പൊയ്കയിലെ താമരപ്പൂവ് ആറന്മുളേശനുള്ള അര്‍ച്ചനാദ്രവ്യമാണ്. മീനും തവളയും സൂക്ഷ്മജീവികളും സന്തോഷമായി കഴിയുന്ന ജലാശയം, സൗഹൃദത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. വള്ളിപ്പടര്‍പ്പുകളും മരഞ്ചാടികളും കൊണ്ട് നിറഞ്ഞ വനം ആവാസവ്യവസ്ഥയുടെ നേര്‍ക്കാഴ്ചയാവണമെന്നാണ് ടീച്ചറുടെ ആഗ്രഹം. എല്ലാം സാധിതമാകുന്ന ധന്യനിമിഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ ആറന്മുള ഒരുങ്ങിക്കഴിഞ്ഞു.
പരിസ്ഥിതിയെ തകര്‍ത്ത്, ആറന്മുള വിമാനത്താവളം നിര്‍മ്മിക്കുവാന്‍ നീക്കം നടന്നപ്പോള്‍ മുതല്‍ സുഗതകുമാരിയുടെ മനസ് സംഘര്‍ഷകലുഷിതമായിരുന്നു. തന്റെ ഹൃദയവ്യഥ മുഖ്യമന്ത്രിയുടെ മുന്നില്‍ വിവരിച്ചിട്ടും ഫലമുണ്ടായില്ല. പക്ഷേ ഇച്ഛാശക്തിയോടെ ആറന്മുളയുടെ പൈതൃകത്തിനും പ്രകൃതിക്കും വേണ്ടി അചഞ്ചലമായ പോരാട്ടം നടത്തി, വിജയം വരിച്ചപ്പോഴും ടീച്ചറുടെ മനസ്സ് തൃപ്തിയടഞ്ഞില്ല. മറ്റെന്തോ ലക്ഷ്യത്തിനു വേണ്ടിയുള്ള ദാഹം മൂലം മനസ്സ് അസ്വസ്ഥമായിരുന്നു. ടീച്ചറുമായി സംസാരിച്ചപ്പോഴെല്ലാം വിജയാഘോഷം പാടില്ലെന്ന് ശഠിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ”ആറന്മുളയില്‍ എന്തുപാടില്ല എന്ന ചോദ്യത്തിന് ഉത്തരം കിട്ടി. പക്ഷേ എന്തുവേണം എന്ന ചോദ്യത്തിനും കൂടി ഉത്തരം കണ്ടെത്തേണ്ട ബാധ്യത പ്രക്ഷോഭം നയിച്ചവര്‍ക്കുണ്ട്. ആറന്മുളയ്‌ക്ക് വേണ്ടത് പരിസ്ഥിതി സംരക്ഷണത്തിനും പൈതൃകരക്ഷയ്‌ക്കും വേണ്ടിയുള്ള കര്‍മ്മപദ്ധതിയാണ്. അതു വിജയിച്ചാലേ എനിക്ക് തൃപ്തിവരൂ.”
വേദവാക്യംപോലെ ആ ധന്യവചസ്സുകളെ നെഞ്ചിലേറ്റാന്‍ ആറന്മുളക്കാര്‍ തയ്യാറായി. അന്നുമുതല്‍ ആരംഭിച്ച പ്രവര്‍ത്തനത്തിന് ഫലം കണ്ടുതുടങ്ങി. ടീച്ചര്‍ ജീവിച്ചിരുന്നകാലത്ത് സ്വപ്‌നം പൂവണിഞ്ഞില്ലെങ്കിലും തുടക്കം കുറിക്കാന്‍ ഇപ്പോള്‍ സാധിച്ചു. ടീച്ചറുടെ ആഗ്രഹാഭിലാഷങ്ങളുടെ മൂര്‍ത്തരൂപമാണ് സുഗതവനം.
സുഗതകുമാരിയുടെ വാക്കുകള്‍ പ്രകൃതിധ്വംസകരുടെ നെഞ്ച് തകര്‍ക്കുന്ന കൂരമ്പുകളായിരുന്നു. സൈലന്റ്‌വാലിയിലും പ്ലാച്ചിമടയിലും കേട്ടശബ്ദം സമൂഹമനസാക്ഷിയെ പിടിച്ചുലച്ചു. ആറന്മുളയ്‌ക്ക് വേണ്ടി ഇറങ്ങിത്തിരിച്ച സന്ദര്‍ഭത്തിലും ജനസമൂഹം കലവറയില്ലാത്ത പിന്തുണ നല്‍കി. എന്തിനു വേണ്ടിയാണോ ജീവിതകാലമത്രയും പൊരുതിയത്, ആശാദര്‍ശനങ്ങളെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ സംരംഭമായിരിക്കണം ആറന്മുളയില്‍ ഉയരേണ്ടതെന്ന് സംഘാടകര്‍ ആഗ്രഹിക്കുന്നു.
പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി, സ്ത്രീസുരക്ഷ, മനുഷ്യാവകാശം, സുസ്ഥിരവികസനം, ജീവകാരുണ്യസേവനം, പൈതൃകസംരക്ഷണം, സാഹിത്യരചന തുടങ്ങി ടീച്ചര്‍ വ്യാപരിച്ചിരുന്ന മേഖലകളെയും വിഷയങ്ങളെയും അവലംബിച്ചുള്ള പഠനകേന്ദ്രമായിരിക്കും സുഗതവനത്തില്‍ ഉയരുക. മരക്കവി എന്നുവിളിച്ച് കളിയാക്കുകയും ഭത്സിക്കുകയും ചെയ്ത പ്രകൃതിധ്വംസകര്‍ക്കുള്ള മറുപടിയാണ് മരക്കൂട്ടത്തെ തന്നെ സുഗതകുമാരിയുടെ സ്മരണയ്‌ക്ക് മുന്നില്‍ സമര്‍പ്പിച്ചുകൊണ്ട് ആറന്മുള ഹെരിറ്റേജ് ട്രസ്റ്റ് സുഗതവനം സാധ്യമാക്കുന്നത്. മരക്കവിക്ക് അമരകവിയാകാന്‍ കഴിയുമെന്ന് കാലം തെളിയിക്കുന്ന അഭിമാനനിമിഷങ്ങള്‍ പങ്കുവയ്‌ക്കുകയാണ്, വെള്ളിയാഴ്ച ആറന്മുള എന്ന പൈകൃതഗ്രാമം. ‘ഒരു തൈ നടാം നാടിനുവേണ്ടി’ എന്ന് പാടിയ മനീഷിക്ക് മുന്നില്‍ ആയിരം തൈ നടുന്ന കരങ്ങള്‍ ഉയരുന്നു, ഒരു നല്ല നാളേക്കുവേണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: