ന്യൂദല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പല്ല മോദി ലക്ഷ്യമാക്കുന്നത്. 2025ല്‍ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ (5 ട്രില്ല്യണ്‍ സമ്പദ്ഘടന) സമ്പദ്ഘടനയാക്കി മാറ്റാനാണ് മോദി കിണഞ്ഞ് ശ്രമിക്കുന്നത്. വെറും സേവനമേഖലയിലെ മികവ് കൊണ്ട് മാത്രം ഇന്ത്യയ്ക്ക് പുതിയ യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ മോദി ഇപ്പോള്‍ ഇന്ത്യയെ വലിയൊരു ചുവടുമാറ്റത്തിന് ഒരുക്കുകയാണ്. ഉല്പാദനമേഖലയുടെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം.
വലിയ തോതില്‍ ഇന്ത്യയില്‍ ഉല്പാദനം നടത്താന്‍ തയ്യാറായി വരുന്ന കമ്പനികളെ വന്‍തോതില്‍ സാമ്പത്തിക ഉത്തേജകപാക്കേജ് നല്കി ഇന്ത്യ ആലിംഗനം ചെയ്യുകയാണ്. അങ്ങിനെ പടിപടിയായി വമ്പന്മാര് ഇന്ത്യയെ തേടി എത്തിത്തുടങ്ങി. ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണ രംഗത്തെ ഭീമന്മാരായ തയ്വാന് കമ്പനികളായ ഫോക്സ് കോണും വിന്‍സ്ട്രണും ഇന്ത്യയിലെത്തിക്കഴിഞ്ഞു. അതില്‍ വിന്സ്ട്രണിനെ ടാറ്റ തന്നെ ഏറ്റെടുക്കാന്‍ പോവുകയാണ്. 2023 മാര്‍ച്ച് 31ഓടെ ഈ ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനി എന്ന യശസ്സ് ടാറ്റയ്ക്ക് സ്വന്തമാകും. ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന രാജ്യം എന്ന ഖ്യാതി നേടുന്നതോടെ ഇന്ത്യ ഇലക്ട്രോണിക്സ് ഉല്പാദന രംഗത്ത് ലോകം ശ്രദ്ധിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറും.
ആപ്പിളിന്റെ ഐഫോണ്‍ 14 ഇന്ത്യയില്‍ ഉല്പാദനം തുടങ്ങിക്കഴിഞ്ഞു. ഇതോടെ ഉയര്‍ന്ന സാങ്കേതികോല്പാദന രംഗത്തെ മികച്ച രാജ്യമായി ഇന്ത്യ മാറുകയാണ്.
കോണ്‍ഗ്രസ് അനുയായിയായ രഘുറാം രാജനെപ്പോലുള്ളവര്‍ സേവനമേഖലയില്‍ നിന്നും ഇന്ത്യയെ ഉല്പാദനരംഗത്തേക്ക് തിരിച്ചുവിടുന്നതിനെ വിമര്‍ശിക്കുന്നവരാണ്. എന്നാല്‍ ഇത്തരമൊരു കുതിച്ചുചാട്ടത്തിലൂടെ മാത്രമേ ഇന്ത്യയെ ലോകത്തിലെ മികച്ച സമ്പദ്ഘടനയാക്കി മാറ്റാനാകൂ എന്നാണ് മോദി വിലയിരുത്തുന്നത്.
വിശ്വോത്തര പ്രതിരോധനിര്മ്മാണമേഖലയിലെ ഭീമന് കമ്പനിയായ അമേരിക്കയിലെ ലോക്ഹീഡ് മാര്ട്ടിന് എഫ്-16 വിമാനങ്ങളുടെ ചിറകുകള് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ലോകത്തെങ്ങും വിറ്റഴിക്കാന്‍ പോകുന്ന എഫ് 16 യുദ്ധവിമാനങ്ങളുടെ ചിറകുകള് ഇനി ഇന്ത്യയിലായിരിക്കും നിര്‍മ്മിക്കുക എന്നാണ്. ലോക് ഹീഡ് മാര്ട്ടിന് നല്കുന്ന ഉറപ്പ്.
ഗുജറാത്തിലെ ധൊലേറയില്‍ എയര്‍ബസ് എന്ന യൂറോപ്പിലെ വിമാനനിര്‍മ്മാണക്കമ്പനി പ്ലാന്റ് ആരംഭിച്ചു കഴിഞ്ഞു. എയര്‍ബസിന്റെ വാണിജ്യ വിമാനങ്ങള്‍ ഇപ്പോള്‍ ഭാഗികമായി ഇന്ത്യയില്‍ നിര്‍മ്മിച്ചുവരുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഈ നിര്‍മ്മാണം 2025ല്‍ 100 കോടി ഡോളറില്‍ എത്തിക്കുകയാണ് എയര്‍ബസിന്റെ ലക്ഷ്യം.
ഡയമണ്ട് ഉല്പാദനരംഗത്ത് ലോകത്തിലെ ഏറ്റവും മികച്ച 15ല്‍ 14 ഡയമണ്ടുകളും കട്ട് ചെയ്ത് പോളിഷ് ചെയ്യുന്നത് ഇന്ത്യയിലാണ്. അതായത് ഇന്ത്യ ഉറ്റുനോക്കുന്നത് വില കുറഞ്ഞ ഉല്പാദന മേഖല മാത്രമല്ല, ഉയര്‍ന്ന സാങ്കേതികവൈദഗ്ധ്യം ആവശ്യമായ ഉല്പാദനരംഗത്തേക്ക് കൂടിയാണ്. അതിലൂടെ മാത്രമേ യൂറോപ്പ്, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളുടെ ഉല്പാദന ഹബ്ബായി ഇന്ത്യയ്ക്ക് മാറാന്‍ സാധിക്കൂ. പല പ്രതിസന്ധികളും സന്ദേഹങ്ങളും ശീതയുദ്ധങ്ങളും കാരണം വികസിത രാജ്യങ്ങള്‍ ചൈനയ്ക്ക് ബദലായുള്ള ഉല്പാദന കേന്ദ്രങ്ങള്‍ നോക്കിക്കൊണ്ടിരിക്കേ, ഇന്ത്യയിലേക്ക് പരമാവധി രാഷ്ട്രങ്ങളേയും കമ്പനികളേയും ആകര്‍ഷിക്കാനാണ് മോദിയുടെ ശ്രമം.
കഴിഞ്ഞ ദിവസം വാഹന വില്പനരംഗത്തെ ഇന്ത്യ ജപ്പാനെ കടത്തിവെട്ടി ലോകത്തിലെ മൂന്നാമത്തെ രാജ്യമായി മാറി. വാഹന്‍ ഉല്പാദനരംഗത്തും ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്തി. 2022 ല്‍ 42 ലക്ഷം വാഹനങ്ങളാണ് ജപ്പാനില്‍ വിറ്റഴിഞ്ഞതെങ്കില്‍ ഇന്ത്യയില്‍ 42.5 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞു. കോവിഡ് പ്രതിസന്ധിയെയും ചിപ്പ് ക്ഷാമത്തെയും മറികടന്നാണ് ഇന്ത്യ വാഹനവില്പനയില് മുന്നോട്ട് കുതിച്ചതെന്നത് മോദി സര്‍ക്കാരിന്റെ മറ്റൊരു നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: