അഡ്വ. കെ.പി. വേണുഗോപാല്‍
സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജനദിനമാണ്. 1985 മുതലാണ് കേന്ദ്രസര്‍ക്കാര്‍ ഈ ദിനം യുവാക്കളുടെ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. യുവാക്കള്‍ക്ക് ശരിയായ നേതൃത്വവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കി അവരുടെ കര്‍മ്മശേഷിയെ രാഷ്ട്രപുരോഗതിക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. സ്വാമി വിവേകാനന്ദന്റെ ജീവിതവും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും യുവാക്കള്‍ക്ക് എന്നും മാതൃകയും വഴികാട്ടിയുമാണ്. ഭാരതീയരെ നൂറ്റാണ്ടുകള്‍ നീണ്ട ആലസ്യത്തില്‍ നിന്നുണര്‍ത്തി ആത്മാഭിമാനികളാക്കി മാറ്റിയതില്‍ സ്വാമി വിവേകാനന്ദനുള്ള പങ്ക് സുപ്രധാനമാണ്. 1893 സെപ്തംബറില്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന മതമഹാസമ്മേളനത്തില്‍ പങ്കെടുത്ത് സ്വാമിജി നടത്തിയ പ്രസംഗങ്ങള്‍ തമസ്സിലാണ്ടുകിടന്ന ഒരു ജനതയുടെ ഉണര്‍വിനും ഉയിര്ത്തെഴുന്നേല്പ്പിനും കാരണമായി. വേദാന്തത്തിന്റെ കരുത്തും ശക്തിയും സൗന്ദര്യവും അതിന്റെ ശാസ്ത്രീയമായ അടിസ്ഥാനവും മതമഹാസമ്മേളന വേദിയില്‍ ഉദ്ഘോഷണം ചെയ്ത് സ്വാമിജി ലോകത്തെതന്നെ അമ്പരിപ്പിച്ചു. സ്വാമി വിവേകാനന്ദനായിരുന്നു മതമഹാസമ്മേളനത്തിലെ താരം.
അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പ് ഒരു പരിവ്രാജകനായി ഭാരതം മുഴുവന്‍ അദ്ദേഹം സഞ്ചരിച്ചിരുന്നു. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുളള ഒരു രാഷ്ട്രത്തിലെ ജനത ദുര്‍ബലരും, ഭീരുക്കളും, കലഹപ്രിയരും, സ്വാര്‍ത്ഥമതികളുമായി കഴിയുന്ന പരിതാപകരമായ അവസ്ഥ ഈ യാത്രയില്‍ അദ്ദേഹം നേരില്‍കണ്ടു. ഈ ദുരവസ്ഥയ്ക്കുളള ശാശ്വത പരിഹാരം വേദാന്ത ആശയങ്ങളുടെ സര്‍വ്വവ്യാപനവും പ്രയോഗവുമാണെന്ന് സ്വാമിജി വിശ്വസിച്ചു. ‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത’ എന്ന ഉപനിഷദ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്ര ജാഗരണത്തിനായി അദ്ദേഹം യത്നിച്ചത്. ഓരോ വ്യക്തിയും അവനില്‍ അന്തര്‍ലീനമായിട്ടുള്ള ദൈവീക ചൈതന്യത്തെ അനുഭവിച്ചറിയണം എന്നതായിരുന്നു സ്വാമിജിയുടെ ആഗ്രഹം. തന്റെ സ്വരൂപത്തെകുറിച്ച് ഓരോരുത്തരും സ്വയം പഠിക്കണമെന്നും മറ്റുള്ളവരെ പഠിപ്പിക്കണമെന്നും സ്വാമിജി നിഷ്കര്‍ഷിച്ചു. നിദ്രയിലുള്ള ആത്മാവിനെ തട്ടിയുണര്‍ത്തിയാല്‍ ശക്തിയും, മഹത്വവും, പവിത്രതയും, സാമൂഹ്യ പ്രതിബദ്ധതയുമെല്ലാം തനിയെ വന്നുചേരുമെന്നും അദ്ദേഹം വിശ്വസിച്ചു.
ബംഗാളിലെ സംന്യാസിയും ദേശഭക്തനുമായിരുന്ന അശ്വനികുമാരദത്തനുമായി അല്‍മോറയില്‍ സ്വാമിജി നടത്തിയ കൂടിക്കാഴ്ചയും സംഭാഷണവും ഭാരത പുനരുദ്ധാരണത്തിനുള്ള സ്വാമിജിയുടെ പദ്ധതിയെ വെളിപ്പെടുത്തുന്നതായിരുന്നു. 1897 മെയിലോ, ജൂണിലോ ആയിരുന്നു ഈ കൂടിക്കാഴ്ച. ഭാരതത്തിന്റെ മോചനം ഏതുവഴിക്കാണെന്ന് പറയാന്‍ കഴിയുമോ എന്നതായിരുന്നു അശ്വനിബാബുവിന്റെ സ്വാമിജിയോടുള്ള ചോദ്യം. ‘നമ്മുടെ അസ്തിത്വത്തിന്റെ അന്തസ്സത്ത ആദ്ധ്യാത്മികതയാണെന്നും എല്ലാ പരിഷ്കാരങ്ങളും അതില്‍ കൂടി പുറത്തുവരണമെന്നുമായിരുന്നു’സ്വാമിജിയുടെ മറുപടി. ആദ്ധ്യാത്മികതയുടെ അടിസ്ഥാനത്തിലല്ലാതെ നടത്തുന്ന പരിഷ്കാരങ്ങള്‍ക്ക് ഇവിടെ നിലനില്പുണ്ടാകില്ലെന്നായിരുന്നു സ്വാമിജിയുടെ അഭിപ്രായം.
വേദാന്തവും ഭാരതീയ ജീവിതവും എന്ന വിഷയത്തില്‍ സ്വാമിജി നടത്തിയ പ്രഭാഷണത്തിലും ഇതു സൂചിപ്പിച്ചിട്ടുണ്ട്. ‘വേദത്തിന് പ്രാമാണികമായ ഒരേയൊരു ഭാഷ്യം വേദപ്രചോദകനായ ഭഗവാന് കൃഷ്ണന് ഒരിക്കല്‍ വിരചിച്ചു- ഭഗവദ്ഗീതയില്‍. ഏത് ജീവിതവൃത്തിയിലുമുള്ള ഏതൊരാള്ക്കുംവേണ്ടി അത് നിലകൊള്ളുന്നു. ഈ വേദാന്ത സങ്കല്പങ്ങള് പുറത്തുവരണം. ആല്ലാതെ വനത്തിലും ഗുഹയിലും അമര്‍ന്നാല്‍ പോരാ. പുറത്തുവന്ന് പാവപ്പെട്ടവന്റെ കുടിലില്‍ പ്രവര്‍ത്തിക്കണം. മീന്‍പിടിക്കുന്ന മുക്കുവന്റെ കൂടെയും പ്രവര്‍ത്തിക്കണം. പഠിക്കുന്ന വിദ്യാര്‍ത്ഥിയോടൊപ്പവും പ്രവര്‍ത്തിക്കണം. ഓരോ പുരുഷനേയും സ്ത്രീയേയും ശിശുവിനേയും- അവരുടെ തൊഴില്‍ ഏതുമാകട്ടെ, അവര്‍ താമസിക്കുന്നത് എവിടെയും ആകട്ടെ- ഈ വേദാന്ത സങ്കല്പങ്ങള് ആഹ്വാനം ചെയ്യുന്നു.” (വി.സ.സ. ഭാഗം-3 പേജ് 136)
ഇതുകൊണ്ട് എന്തുപ്രയോജനം എന്നു ചോദിക്കുന്നവരുണ്ട്. അവര്‍ക്കുള്ള ഉത്തരവും സ്വാമിജിക്കുണ്ട്. മുക്കുവന് താന്‍ ചൈതന്യമാണെന്നു കരുതിയാല്‍ അവന് മെച്ചപ്പെട്ട മുക്കുവനാകും. വിദ്യാര്‍ത്ഥി താന്‍ ചൈതന്യമാണെന്നു കരുതിയാല്‍ അവന് മെച്ചപ്പെട്ട വിദ്യാര്‍ത്ഥിയാകും. വക്കീല്‍ താന്‍ ചൈതന്യമാണെന്നു കരുതിയാല്‍ അയാള്‍ മെച്ചപ്പെട്ട വക്കീലാകും. ഇതുപോലെ മറ്റുള്ളവരും. ഒരാളും താന്‍ നിസ്സാരനാണെന്നോ ദുര്‍ബലനാണെന്നോ വിശ്വസിക്കരുതെന്നാണ് സ്വാമിജി ആഗ്രഹിച്ചത്. എന്തും ഏതും നമുക്ക് ചെയ്യാന്‍ കഴിയും. മഹനീയമായ ആത്മാവാണ് നമുക്കുള്ളത്. നാമതില്‍ വിശ്വസിക്കണം. ഉപനിഷത്തുക്കളില്‍നിന്ന് കിട്ടുന്ന കരുത്ത് ഇതാണെന്നും സ്വാമിജി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഭാരതത്തിലെ വിദ്യാര്‍ത്ഥികളിലും യുവാക്കളിലുമായിരുന്നു സ്വാമിജിയുടെ വലിയ പ്രതീക്ഷ. കൊളംബോ മുതല്‍ അല്‍മോറവരെയുള്ള സ്വാമിജിയുടെ പ്രസംഗങ്ങള്‍ വായിച്ചാല്‍ ഇതു ബോദ്ധ്യമാകും. ‘എന്റെ പ്രതീക്ഷ നിങ്ങളിലാണെന്ന് പലകുറി അദ്ദേഹം ഈ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് ഇന്നത്തെ വിദ്യാര്‍ത്ഥികളും യുവജനങ്ങളുമാണ്. രാഷ്ട്രത്തിന്റെ ഭാവി ശോഭനമാക്കാന്‍ ആത്മവിശ്വാസവും സ്വഭാവശുദ്ധിയുമുള്ള ഊര്‍ജ്ജസ്വലരും നിര്‍ഭയരും ആയവരെയാകണം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുറത്തുവിടേണ്ടത്. മനുഷ്യനെ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസം എന്നാണ് സ്വാമിജി ഇതിനെ വിശേഷിപ്പിച്ചത്. ഇതിനുള്ള ചില കര്‍മ്മപദ്ധതികളും അദ്ദേഹത്തിനുണ്ടായിരുന്നു. മദ്രാസിലെ വിക്ടോറിയ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ സ്വാമിജി ഇതു വെളിപ്പെടുത്തിയിട്ടുണ്ട്.
‘സുഹൃത്തുക്കളെ, അതുകൊണ്ട് എന്റെ പരിപാടി നമ്മുടെ ശാസ്ത്രങ്ങളിലുള്ള സത്യങ്ങള്‍ ഭാരതത്തിനകത്തും പുറത്തും പ്രചരിപ്പിക്കാന്‍ നമ്മുടെ ചെറുപ്പക്കാരെ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങുകയാണ്. നമുക്കുവേണ്ടത് കരുത്തും ചുറുചുറുക്കും ശ്രദ്ധയുമുള്ള നട്ടെല്ലുമുട്ടെ ആര്‍ജ്ജവമുള്ള ചെറുപ്പക്കാരെയാണ്. അങ്ങനെ ഒരു നൂറുപേരുണ്ടെങ്കില് ലോകത്തെ ഇട്ട് വട്ടമടിക്കാം.”(വി.സ.സ. ഭാഗം-3 പേജ് 115).
ഇതേ പ്രസംഗത്തില്‍ അദ്ദേഹം തുടര്‍ന്നും പറയുന്നു. ‘ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ സിരാതന്തുക്കളുമാണ് നമുക്ക് വേണ്ടത്. നാം വേണ്ടത്ര കരഞ്ഞിരിക്കുന്നു. ഇനി കരച്ചില് വേണ്ട. തന്‍കാലില്‍ നില്ക്കുക, ആണുങ്ങളാകുക. ആണുങ്ങളെ വാര്‍ത്തെടുക്കുന്ന മതമാണ്, ആണുങ്ങളെ വാര്‍ത്തെടുക്കുന്ന സിദ്ധാന്തങ്ങളാണ്, ആണുങ്ങളെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസമാണ് ഇന്ന് നമുക്കുവേണ്ടത്.’ (വി.സ.സ. ഭാഗം-3 പേജ് 116)
സ്വാമിജിയുടെ അഗ്നിസമാനമായ വാക്കുകള്‍ യുവാക്കളെ ആവേശംകൊള്ളിക്കുന്നതായിരുന്നു. സ്വാമി വിവേകാനന്ദനെപ്പോലെ യുവാക്കളുടെ മനസ്സിനെ ജ്വലിപ്പിച്ച മറ്റൊരാള്‍ ഇല്ലതന്നെ. വിവേകാനന്ദസാഹിത്യം പഠിക്കുന്ന ആര്‍ക്കും ഈ സത്യം ബോദ്ധ്യമാകും. ശ്രീരാമകൃഷ്ണ വിവേകാനന്ദന്മാരുടെ ജീവചരിത്രം രചിച്ച ഫ്രഞ്ച് ജീവചരിത്രകാരന്‍ റോമയിന്‍ റോളങ് ഇതു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ സാഹിത്യം പഠിച്ച താന്‍ ഒരു വൈദ്യുതാഘാതത്തിന് വിധേയനായതുപോലെ തോന്നി എന്നാണ് ഇതേക്കുറിച്ച് റോമയിന്‍ റോളങ് പറഞ്ഞിട്ടുള്ളത്.
1902 ജൂലായ് 4-ന് സമാധിയാകുമ്പോള്‍ സ്വാമിജിക്ക് നാല്പത് വയസ്സ് തികഞ്ഞിരുന്നില്ല. ഈ ഒരു കുറഞ്ഞകാലത്തിലാണ് കൊടുങ്കാറ്റിന്റെ ശക്തിയോടെ സ്വാമിജി നമ്മുടെ രാഷ്ട്രത്തെ പിടിച്ചുകുലുക്കിയത്. നിദ്രയിലാണ്ടുകിടന്നവരെ സ്വാമിജി ഉണര്‍ത്തി. ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്കി. യുവാക്കള്‍ക്ക് അതിരുകളില്ലാത്ത ആത്മവിശ്വാസം നല്കി. ഈ ഹിന്ദുസംന്യാസി ഒരത്ഭുതമാണ്. ഈ അത്ഭുതത്തെ അറിയാന്‍ വര്‍ത്തമാനകാലത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും അവസരമൊരുക്കണം. വിവേകാനന്ദ സാഹിത്യം സ്കൂളുകളില്‍ പഠനവിഷയമാക്കണം. കഴിയുന്ന സ്ഥലങ്ങളില്‍ യുവാക്കള്‍ക്കായി വിവേകാനന്ദ പഠനകേന്ദ്രങ്ങള്‍ തുടങ്ങണം. നമ്മുടെ യുവാക്കളുടെ മാനസികോര്‍ജ്ജത്തെ സംസ്കരിച്ച് കരുത്തുള്ളതാക്കി അത് രാഷ്ട്രനന്മയ്ക്കായി ഉപയോഗപ്പെടുത്താന്‍ ഇതുവഴി സാദ്ധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: