എരുമേലി: ആചാരപ്പെരുമയില്‍ മാനവികതയുടെ സന്ദേശം പകര്‍ന്ന് എരുമേലിപേട്ടതുള്ളല് നാളെ നടക്കും. ചരിത്ര പ്രസിദ്ധമായ ചടങ്ങിന് അമ്പലപ്പുഴ- ആലങ്ങാട് സംഘങ്ങള്‍ അവസാനഘട്ട ഒരുക്കത്തിലാണ്. രാവിലെ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെതാണ് ആദ്യപേട്ട.
രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. എരുമേലി പേട്ട ശാസ്താക്ഷേത്രത്തില്‍നിന്നുമാണ് പേട്ടതുള്ളല്‍ തുടങ്ങുന്നത്. വാവരുപള്ളി വലംവെച്ച് ധര്‍മശാസ്താ ക്ഷേത്രത്തില്‍ പേട്ടതുള്ളല്‍ സമാപിക്കും. മസ്ജിദില്‍നിന്ന് വാവരുസ്വാമിയുടെ പ്രതിനിധിയെ ഒപ്പംകൂട്ടിയാണ് അമ്പലപ്പുഴ സംഘം ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങുന്നത്.
വാവരുസ്വാമി അമ്പലപ്പുഴ സംഘത്തിനൊപ്പം പോയെന്ന വിശ്വാസത്തില്‍ ആലങ്ങാട് സംഘം മസ്ജിദിനെ വണങ്ങി ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങും.അമ്പലപ്പുഴയുടെ പേട്ടയ്ക്ക് സമൂഹപെരിയോന്‍ എന്‍. ഗോപാലകൃഷ്ണ പിള്ള മുഖ്യകാര്‍മ്മികത്വം വഹിക്കും. അമ്പാടത്ത് എ.കെ.വിജയകുമാറാണ് ആലങ്ങാട് യോഗം പെരിയോന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: