കോഴിക്കോട് : നഞ്ചിയമ്മയുടെ കുടുംബഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കെ.വി. മാത്യുവും ജോസഫ് കുര്യനും എതിരെ കളക്ടറുടെ റിപ്പോര്ട്ട്. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് കെ.വി. മാത്യു ഭൂമി കൈമാറ്റം ചെയ്യാന്‍ കോടതിയില്‍ ഹാജരാക്കിയത് മാരിമുത്തുവിന്റെ പേരിലുള്ള വ്യാജ നികുതി രസീതാണെന്ന വാദം കളക്ടര്‍ സ്വീകരിച്ചു. ഇതോടെ ഈ വ്യാജഭൂമികൈമാറ്റം കുരുക്കിലായി.
കോടതിയില്‍ മാരിമുത്തു ആദിവാസിയാണെന്നത് മറച്ചുവെച്ചാണ് കെ.വി. മാത്യു ഭൂമി തീറ് നല്‍കുന്നതിന് ഉത്തരവ് വാങ്ങിയത്. 1999ലെ പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനസ്ഥാപനവും നിയമപ്രകാരം ആദിവാസിയില്‍ നിന്നും ആദിവാസി ഇതര വിഭാഗത്തില്‍പ്പെട്ട ഒരാള്‍ ഭൂമി വാങ്ങുന്നത് നിയമവിരുദ്ധമാണ്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മാരിമുത്തു ആദിവാസിയാണ്. മാരിമുത്തുവിന്റെ അച്ഛനായ രാമിയും ആദിവാസിയാണെന്നും കളക്ടര്‍ റിപ്പോര്‍ട്ടി പറഞ്ഞിട്ടുണ്ട്.
നഞ്ചിമ്മയുടെ കുടുംബസ്വത്തിന് പുറമെ അഗളി വില്ലേജില്‍ മറ്റൊരു 40 സെന്‍റ് ഭൂമിയും കെ.വി. മാത്യു ആധാരപ്രകാരം തട്ടിയെടുത്തതായി മാരിമുത്തു പറയുന്നു.
നഞ്ചിയമ്മയുടെ കുടുംബ ഭൂമി സംബന്ധിച്ച് കളക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും അട്ടപ്പാടിയിലെ ട്രൈബര്‍ താലൂക്ക് തഹസില്‍ദാര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും മറികടന്നാണ് ജോസഫ് കുര്യന് കൈവശസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ തഹസില്‍ദാര്‍ അഗളി വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതും പാലക്കാട് ജില്ലാ കളക്ടറുടെ അന്വേഷണ പരിധിയിലാണ്. കെ.വി. മാത്യുവിന് അവകാശമില്ലാത്ത ഭൂമിയില്‍ നിന്നും ജോസഫ് കുര്യന് നല്‍കിയ 50 സെന്‍റ് ഭൂമിയില്‍ അദ്ദേഹം പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി വാങ്ങുകയും ചെയ്തു. കെ.വി. മാത്യുവിന്റെ ആധാരം മിക്കവാറും അസാധുവാകും. അതോടെ ജോസഫ് കുര്യന്റെ ആധാരവും അസാധുവാകും.
ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി കോടതി ഉത്തരവ് വഴി തട്ടിയെടുക്കുന്നത് അട്ടപ്പാടിയിലെ ഭൂമാഫിയ സംഘത്തിന്റെ സ്ഥിരം തന്ത്രമാണ്. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പൊലീസ് സംരക്ഷണയില്‍ ഭൂമി പിടിച്ചെടുക്കും. നഞ്ചിയമ്മയുടെ കുടുംബഭൂമിയുടെ കാര്യത്തിലും ഇതേ തന്ത്രം പയറ്റാന്‍ ശ്രമിച്ച തട്ടിപ്പുകാരുടെ നീക്കത്തിനാണ് കലക്ഠറുടെ റിപ്പോര്‍ട്ട് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: