രാജ്കോട്ട് : സൂര്യകുമാര്‍ യാദവിന്റെ (112*) സെഞ്ച്വറി മികവില്‍ ശ്രീലങ്കയ്ക്ക് എതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ട്വന്റി ട്വന്റി മത്സരത്തില്‍ 91 റണ്‍സിന് ജയിച്ച ഇന്ത്യ 2-1ന് പരമ്പരയും സ്വന്തമാക്കി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍് 228 റണ്‍സ് നേടി്. ലങ്കയുടെ മറുപടി 16.4 ഓവറില്‍ 137ല്‍ ഒതുങ്ങി.
51 പന്തുകളില്‍ ഏഴുഫോറും ഒന്‍പത് സിക്സുകളുമടക്കം പുറത്താവാതെ 112 റണ്‍സടിച്ച് സൂര്യകുമാറിന്റെ ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 36 പന്തുകളില്‍ 46 റണ്‍സും രാഹുല്‍ ത്രിപാതി 16പന്തുകളില്‍ 35 റണ്‍സും നേടി. അക്ഷര്‍ പട്ടേല്‍ ഒന്‍പത് പന്തുകളില്‍ 21 റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗും രണ്ടുവിക്കറ്റുവീതം വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും ഉമ്രാന് മാലിക്കും ചഹലും ചേര്‍ന്നാണ് ലങ്കയെ എറിഞ്ഞിട്ടത്. കുശാല്‍ മെന്‍ഡിസ്(23),ഷനക (23),ധനഞ്ജയ (22) എന്നിവര്‍ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്.
മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ഇഷാന് കിഷന് (1) മടങ്ങി. രാഹുല്‍ ത്രിപാഠി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. വെറും 16 പന്തുകള്‍ നേരിട്ട് 5 ബൗണ്ടറിയും രണ്ട് സിക്സറുകളും സഹിതം 35 റണ്‍സ് നേടിയ ത്രിപാഠി പവര്‍പ്ലേടെ അവസാന ഓവറില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 52. മൂന്നാം വിക്കറ്റാണ് കളി മാറ്റിയത്. ടി20യുടെ വേഗതയ്ക്കൊപ്പം നില്‍ക്കാത്ത കളിക്കാരനെന്ന ആക്ഷേപമുള്ള ശുഭ്മന്‍ ഗില്‍ അപ്രകാരം തന്നെ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ തന്റെ പതിവുശൈലിയില്‍ കത്തിക്കയറിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചത്. സാവധാനം ശുഭ്മന്‍ ഗില്ലും ബൗണ്ടറികള്‍ കണ്ടെത്തി. 26 പന്തുകളില്‍ സൂര്യ ഫിഫ്റ്റി തികച്ചു. 111 റണ്‍സ് നീണ്ട മൂന്നാം കൂട്ടുകെട്ടിനൊടുവില്‍ മടങ്ങുമ്പോള്‍ ഗില്‍ തന്റെ ആദ്യ ടി20 ഫിഫ്റ്റിക്ക് 4 റണ്‍സ് മാത്രം അകലെയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയും 4 റണ്‍സ് വീതമെടുത്ത് മടങ്ങി. ഏഴാം നമ്പറില്‍ അക്സര്‍ പട്ടേല്‍ എത്തിയതോടെ ഇന്ത്യ വീണ്ടും ഉണര്‍ന്നു. 45 പന്തുകളില്‍ സൂര്യ ഫിഫ്റ്റി തികച്ചു. കളി അവസാനിക്കുമ്പോള്‍ 51 പന്തുകള്‍ നേരിട്ട് 7 ബൗണ്ടറിയും 9 സിക്സറും സഹിതം 112 റണ്‍സ് നേടിയ സൂര്യയും 9 പന്തുകളില്‍ 4 ബൗണ്ടറി സഹിതം 21 റണ്‍സ് നേടിയ അക്സര്‍ പട്ടേലും പുറത്താവാതെ നിന്നു.
കൂറ്റന്‍ വിജലയക്ഷ്യവുമായി ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. കുശാല്‍ മെന്‍ഡിസ് ആക്രമിച്ച് ബാറ്റ് ചെയ്തപ്പോള്‍ ആദ്യ വിക്കറ്റില്‍ തന്നെ 44 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്നു. അഞ്ചാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെ (23) പുറത്താക്കിയ അക്സര്‍ പട്ടേല്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടടുത്ത ഓവറില്‍ അര്‍ഷ്ദീപ് സിംഗ് പാത്തും നിസങ്കയെയും (15) പുറത്താക്കി. അവിഷ്ക ഫെര്‍ണാണ്ടോയെ (1) ഹാര്‍ദിക് പാണ്ഡ്യ വീഴ്ത്തിയപ്പോള്‍ ശ്രീലങ്ക 3 വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു.
നാലാം വിക്കറ്റില്‍ ധനഞ്ജയ ഡിസില്‍വയും ചരിത് അസലങ്കയും ചേര്‍ന്ന 33 റണ്‍സ് കൂട്ടുകെട്ടാണ് ശ്രീലങ്കയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍, അസലങ്കയെയും (19) ഡിസില്‍വയെയും (22) വീഴ്ത്തിയ ചഹാല്‍ ശ്രീലങ്കയെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. വനിന്ദു ഹസരങ്കയെയും (9) മഹീഷ് തീക്ഷണയെയും (0) മടക്കി അയച്ച ഉമ്രാന് ഖാന് ശ്രീലങ്കയുടെ വാലറ്റത്തെ ചുരുട്ടിക്കൂട്ടി. ഇതിനിടെ ചമിക കരുണരത്നെയെ ഹാര്‍ദിക് മടക്കി അയച്ചു. ശ്രീലങ്കയുടെ അവസാന പ്രതീക്ഷയായ ദസുന്‍ ശാനകയെ (23) മടക്കി ഇന്ത്യയുടെ കൂറ്റന്‍ വിജയം ഉറപ്പിച്ച അര്‍ഷ്ദീപ് അവസാന വിക്കറ്റായ ദില്ഷന് മധുഷനകയെയും (1) മടക്കി അയച്ചു. ലങ്കയുടെ മറുപടി 16.4 ഓവറില്‍ 137ല്‍ ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: