ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നത് പരിശോധനക്കാന് വിദഗ്ധ സംഘം. ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്ന സംഘം സ്ഥലത്തെത്തി വിള്ളലുണ്ടായ മേഖലകള്‍ പരിശോധിച്ചു.അറുന്നൂറോളം കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടിയാരംഭിച്ചു. ഹിമാലയ പാതയിലെ ഈ ചെറുപട്ടണത്തില്‍ 3800 കുടുംബങ്ങളാണുള്ളത്. വീടുകളില്‍ വിള്ളല്‍ വീണതോടെ അറുപതിലധികം കുടുംബങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറി. അപായസാധ്യത മുന്നില്‍ക്കണ്ട് ദേശീയ ദുരന്തനിവാരണ സേനയെ (എന്‍.ഡി.ആര്.എഫ്.) വിന്ന്യസിച്ചിട്ടുണ്ട്.
രക്ഷാദൗത്യത്തിന് ഹെലികോപ്റ്റര്‍ സേവനവും സജ്ജമാക്കി.
ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങളില്‍ ആദ്യത്തേതാണ് പില്ക്കാലത്ത് ജോഷിമഠ് എന്നു പ്രസിദ്ധമായ ജ്യോതിര്‍മഠം.ബദരീനാഥിലേക്കുള്ള മുഖ്യ പ്രവേശനകവാടമാണിവിടം. നൂറ്റാണ്ടു മുന്‍പ് ഹിമാലയന്‍ മലനിരകളില്‍ ഭൂചലനത്തില്‍ ഇടിഞ്ഞുവീണ മണ്ണും പാറയും കൊണ്ടുണ്ടായ പ്രദേശമാണിത്. അതിനാല്‍ മണ്ണിന് ഉറപ്പു കുറവാണ്. അതീവ പരിസ്ഥിതിലോല മേഖലയായ ജോഷിമഠില്‍ അനധികൃത നിര്‍മാണങ്ങളോ വനനശീകരണമോ പാടില്ലെന്നു 1976 ല്‍ കേന്ദ്രം നിയോഗിച്ച മിശ്ര കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.
സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ഉന്നതതല യോഗം വിളിച്ചു. ദുരന്തനിവാരണ സെക്രട്ടറിയടങ്ങുന്ന സംഘം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ബദരീനാഥ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പ്രദേശത്തുള്ള സാങ്കേതികവിദഗ്ധരോട് വിള്ളല്കാരണമുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടസാധ്യതയുള്ള കെട്ടിടങ്ങളും കണ്ടെത്തിവരുകയാണ്.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മേഖലയിലെ 570ലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വിള്ളല്‍വീണ് പലതും താമസയോഗ്യമല്ലാതായി. ആശങ്കയിലായ ജനങ്ങള്‍ പലായനം തുടങ്ങി. എണ്‍പതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും സുരക്ഷയുമൊരുക്കുന്നത് ഉറപ്പാക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. വീടുകളില്‍ മാത്രമല്ല, റോഡുകളിലും സമാനമായ വിണ്ടുകീറല്‍ സംഭവിക്കുന്നുണ്ട്. ഇതുമൂലം റോഡുകളിലൂടെ നടക്കാന്‍ പോലും നാട്ടുകാര്‍ ഭയപ്പെടുകയാണ്
ഭൂഗര്‍ഭ പാളിയിലുള്ള പാറക്കെട്ടു പൊട്ടി വെള്ളം ഒലിച്ചിറങ്ങിയതാകാം മണ്ണിടിച്ചിലിനു കാരണമെന്നു ഭൗമശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. എന്‍ടിപിസിയുടെ തപോവന്‍ – വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്ക നിര്‍മാണമാണ് ഭൂമി ഇടിയാനും വീടുകളില്‍ വിള്ളല്‍ വീഴാനും കാരണമെന്ന ആരോപണവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: