കോഴിക്കോട്: കൂറ്റന്‍ കൊട്ടാരം, വിളിപ്പുറത്ത് പരിചാരകരും ഉപചാരകരുമൊക്കെയുള്ള രാജാവ്… രത്‌നങ്ങള്‍ പതിച്ച സ്വര്‍ണ കിരീടവും ആടയാഭരണങ്ങളും ചെങ്കോലും മറ്റുമായി ‘അസൂയക്കാരന്റെ കണ്ണ്’ എന്ന നാടകത്തില്‍ രാജാവിന്റെ വേഷത്തില്‍ ദേവനാരായണന്‍ തകര്‍ത്തഭിനയിച്ചു.
പക്ഷേ, വേഷമഴിച്ചുവച്ചതോടെ മൂന്നു സെന്‍റിലെ കാറ്റടിച്ചാല്‍ വീഴുന്ന കുടിലില്‍ നാലു പ്രജകളില്‍ ഒരാളായി ഈ പത്താം ക്ലാസുകാരന്‍. ആലപ്പുഴ നാലുതെങ്ങിന്‍ചിറ അവുലൂക്കുന്നിലാണ് ദേവനാരായണന്റെ വീട്. വീടെന്ന് പറയാനാകില്ല, കമ്പും ടാര്‍പ്പോളിനും തകര ഷീറ്റും കൊണ്ടുള്ള ഒരു കുടില്‍, അല്ല, ഷെഡ്. നല്ലൊരു മഴ വന്നാല്‍ പേടിയോടെയേ അതില്‍ കഴിയാനാകൂ, ദേവ നാരായണനും അനുജന്‍ ഹരി നാരായണനും. ഇരുവരും പത്തനംതിട്ട വടശ്ശേരിക്കര എംആര്‍എസ് ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണെങ്കിലും അച്ഛന്‍ ബിജുമോനും അമ്മ ഗംഗാദേവിയും ആ കുടിലിലാണ്. ബിജുമോനും ഗംഗാദേവിക്കും പുന്നമട ജങ്ഷനില്‍ ലോട്ടറിക്കച്ചവടമാണ്. ബിജു ചെണ്ടയും ഇടക്കയുമൊക്കെ വായിക്കും.
സമീപത്തെ ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ ലീവില്‍ പോകുമ്പോള്‍ പകരം വിളിക്കും. ഇതാണ് കുടുംബത്തിന്റെ അധികവരുമാനം. മൂന്നു സെന്‍റില്‍ ഒരു വീടുണ്ടായിരുന്നത് പത്തു വര്‍ഷം മുമ്പ് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. അന്നു മുതല്‍ ഈ ഷെഡ്ഡിലാണ് താമസം. അടുക്കളയും കിടപ്പുമുറിയുമെല്ലാം ഒരുമിച്ചുതന്നെ. പ്രാഥമിക കൃത്യങ്ങള്‍ക്കുപോലും സൗകര്യമില്ല. വീടിനായി ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ നിരവധി തവണ അപേക്ഷ നല്കി. ഫണ്ടില്ലെന്നാണ് അധികൃതരുടെ മറുപടി.
രണ്ടു വര്‍ഷം കൂടി ദേവനാരായണന് ട്രൈബല്‍ സ്‌കൂളില്‍ തുടരാനാകും. അതു കഴിഞ്ഞാല്‍ വീട്ടിലേക്കു മടങ്ങണം. പഠത്തിനും കലയ്‌ക്കുമൊപ്പം മികച്ച ഫുട്‌ബോള്‍ കളിക്കാരനാകണമെന്നാണ് ദേവനാരായണന്റെ ആഗ്രഹം. ആദ്യമായാണ് ട്രൈബല്‍ സ്‌കൂളില്‍ നിന്ന് ഒരു നാടകം കലോത്സവ വേദിയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: