കോഴിക്കോട് : ഇത് കലയെക്കുറിച്ച് മാത്രം പറയാനും ചിന്തിക്കാനുമുള്ള സമയമാണെന്ന് സംസ്ഥാന സ്കൂള്‍ കലോത്സവ സംഘാടകസമിതി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു. കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങാനിരിക്കെ ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്കൊപ്പം കലോത്സവത്തെ ആഘോഷമാക്കേണ്ട സമയമാണിത്. ഇത് കലയെക്കുറിച്ച് ചര്‍ച്ചചെയ്യാനും കുട്ടികളുടെ കലാപ്രകടനങ്ങള്‍ ആസ്വദിക്കാനുമുള്ള സമയമാണ്. ഇവിടെ വിവാദങ്ങള്‍ക്ക് അവസരമില്ല. മറ്റുകാര്യങ്ങളെക്കുറിച്ചെല്ലാം നമുക്ക് പിന്നീട് ചര്‍ച്ചചെയ്യാം. അതിന് അവസരങ്ങള്‍ ഒരുപാടുണ്ട്.
വലുപ്പം കൊണ്ടും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൊണ്ടും വലിയ മേളയാണിത്. കോവിഡ് കാരണമുണ്ടായ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന കലോത്സവം കുഴപ്പങ്ങളില്ലാതെ സമാപനത്തിലേക്ക് നീങ്ങുകയാണ്. 24 വേദികളിലെ കലാപ്രകടനങ്ങള്‍ അതിന്റെ അവസാനദിവസത്തിലേക്ക് കടക്കുന്നു. കലയെയോ കലോത്സവങ്ങളെയോ മാത്രമല്ല, എല്ലാ പൊതുപരിപാടികളെയും കൈനീട്ടി സ്വീകരിക്കുന്നവരാണ് കോഴിക്കോട്ടുകാര്‍. അതുകൊണ്ട് തന്നെ കലോത്സവവേദികളിലും അതുപ്രകടമാണ്. കലോത്സവത്തെ പൂര്‍ണമനസ്സോടെയാണ് കോഴിക്കോട് സ്വീകരിച്ചത്.
മത്സരയിനങ്ങള്‍ മുന്‍വര്‍ഷങ്ങളിലെ പോലെ രാത്രി വൈകി സമാപിക്കുന്ന രീതി ഇത്തവണയുണ്ടായില്ല. ചില ദിവസങ്ങളിലെങ്കിലും നേരത്തെ സമാപിക്കുകയും. അപ്പീലുകളെ നിയന്ത്രിക്കാനായത് സമയക്ലിപ്തത പാലിക്കുന്നതിന് സഹായകമായിട്ടുണ്ട്. കലോത്സവം ആര്‍ഭാടങ്ങളുടെ മേളയാണെന്ന് അഭിപ്രായമില്ല. ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മത്സരയിനങ്ങളില്‍ പങ്കെടുക്കുന്നവരില്‍ ഏറെയും. ഒറ്റയ്ക്ക് മത്സരത്തിന് എത്താന്‍ കഴിയാത്തവര്‍ക്ക് സ്കൂളിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണയേറേയുണ്ട്. 239 ഇനങ്ങളില്‍ ഏകദേശം അന്‍പത് ഇനം മാത്രമേ വര്‍ണാഭമായ വേഷവിധാനങ്ങളുമായി അരങ്ങിലെത്തുന്നുള്ളൂ. ബാക്കിയുള്ള മത്സരങ്ങളും കാണാതെ പോകരുത്.
മാന്വല്‍ പരിഷ്കരണം, ഗോത്രകലാരൂപങ്ങളെ ഉള്‍പ്പെടുത്തല്‍, സ്കോളര്‍ഷിപ്പ് തുക ഉയര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. സര്‍ക്കാര്‍ തലത്തിലും വകുപ്പുതലത്തിലുമുള്ള തീരുമാനം ആവശ്യമാണ്. കലോത്സവത്തിന് വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ചടക്കം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഇതിന് മുമ്പുള്ള കലോത്സവങ്ങളുടെ സമയത്തും ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഗുണകരമാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: