വെള്ളരിക്കുണ്ട്: തീപിടുത്തവും ദുരന്തങ്ങളും വ്യാപകമാകുമ്പോഴും മലയോരത്ത് ഫയര്സ്റ്റേഷന് ഇല്ലാത്തത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. അഗ്നിബാധയോ പ്രകൃതിദുരന്തമോ ഉണ്ടായാല്‍ നിലവില്‍ നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാട്, പെരിങ്ങോം, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഫയര്എഞ്ചിന് വരുന്നത്. ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും അഗ്നിബാധ മൂലം സര്‍വ്വതും നശിച്ചിട്ടുണ്ടാവും.
കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു. ഉടന്‍ തീ അണയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നാശനഷ്ടം ലഘൂകരിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കിലോമീറ്ററുകള്‍ അകലെ നിന്നും ഫയര്‍ എഞ്ചിന് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ത്തമായി കത്തി നശിച്ചിരുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്ത് അഗ്നി രക്ഷാ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തി ഒന്നര വര്‍ഷമായെങ്കിലും കടലാസില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.
സ്ഥലമനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം 2020 ഒക്ടോബറിലാണ് അഗ്നി രക്ഷാസേന കേന്ദ്രത്തിന് ഉദ്യോഗസ്ഥര്‍ ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം ഒന്നരേക്കര് സ്ഥലം കണ്ടെത്തിയിരുന്നത്. ഓഫീസിന് പുറമേ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെ സ്ഥാപിക്കാനായിരുന്നു ആലോചന നടന്നത്. ആവശ്യമായ റോഡ്, ജല സൗകര്യങ്ങള്‍ ഉണ്ടെന്ന് അന്ന് സന്ദര്‍ശക സംഘം വിലയിരുത്തിയിരുന്നു. എന്നാല്‍ പിന്നീട് വന്ന ബജറ്റുകളിലൊന്നും ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായില്ല.
ഇവിടെ അഗ്നിരക്ഷാസേനാ കേന്ദ്രം വന്നാല്‍ വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും ഗുണം ലഭിക്കും. അതുകൊണ്ട് ബിരിക്കുളം അഗ്നിരക്ഷാസേനാ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: