കാലടി(കൊച്ചി): തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വതീ ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് തുടക്കമാകും. ധനുമാസത്തിലെ തിരുവാതിര നാളിനാണ് നടതുറക്കുന്നത്. നടതുറപ്പിന്റെ ഭാഗമായി അകവൂര്‍ മനയില്‍ നിന്ന് വൈകിട്ട് നാലിന് ദേവിക്കും മഹാദേവനും ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങള്‍, കെടാവിളക്കില്‍ നിന്നു പകര്‍ത്തിയ ദീപം, താലം, പൂക്കാവടി, വാദ്യമേളങ്ങളോടെ ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെയാണ് നടതുറക്കല്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത്.
ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ മേല്‍ശാന്തി ദീപവും തിരുവാഭരണവും ശ്രീകോവിലിന് അകത്തേക്കെടുക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന അടയാളം ലഭിക്കുന്നതോടെ ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാര്‍ തെരഞ്ഞെടുത്തിട്ടുള്ള സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ശ്രീപാര്‍വതീദേവിയുടെ തോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന പുഷ്പിണിയും നടയ്‌ക്കല്‍ സന്നിഹിതരാവും. തുടര്‍ന്ന് പുഷ്പിണിയായ ബ്രാഹ്‌മണി അമ്മ നടയ്‌ക്കലെത്തി ഊരാണ്മക്കാരും സമുദായം തിരുമേനിയും എത്തിയിട്ടുണ്ടോ എന്നു മൂന്നുവട്ടം വിളിച്ചു ചോദിക്കും. എത്തിയെന്ന മറുപടി ലഭിച്ചയുടന്‍ നടതുറക്കട്ടേ എന്ന് അനുവാദം ചോദിക്കും. ശേഷം ഊരാണ്മക്കാരില്‍ നിന്നും അനുവാദം വാങ്ങിയശേഷമാണ് ക്ഷേത്രം നടതുറപ്പ് മഹോത്സവത്തിന് തുടക്കമാവുക.
ദീപാരാധനയ്‌ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തും. ഈ സമയം നടയില്‍ വ്രതം നോറ്റ മങ്കമാര്‍ തിരുവാതിര പാട്ടുപാടി ചുവടുവയ്‌ക്കും. രാത്രി മുഴുവന്‍ പാട്ടുപുരയില്‍ കുടികൊള്ളുന്ന ദേവിയോടൊപ്പം ബ്രാഹ്‌മണി പാട്ടുപാടി പുഷ്പിണി കൂട്ടിരിക്കും. അടുത്ത ദിവസം രാവിലെ നാലിന് നടതുറക്കുന്നതിനു മുന്‍പ് ദേവിയെ തിരികെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. 6 മുതലുള്ള ദിവസങ്ങളില്‍ രാവിലെ നാല് മുതല്‍ ഉച്ചയ്‌ക്ക് ഒന്ന് വരെയും രണ്ട് മുതല്‍ രാത്രി ഒന്‍പത് വരെയുമാണ് ദര്‍ശന സമയം.
സാധാരണ ക്യൂവിനു പുറമേ www.thiruvairanikkulamtemple.com സന്ദര്‍ശിച്ച് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തും ദര്‍ശനം നടത്താം. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ തന്നെയാണ് വെര്‍ച്വല്‍ ക്യൂ വെരിഫിക്കേഷന്‍ കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നത്. 3000 പേര്‍ക്ക് ക്യൂ നില്‍ക്കാനുള്ള പന്തലുകളില്‍ തന്നെ ഭക്തര്‍ക്ക് വഴിപാട് ബുക്ക് ചെയ്യുന്നതിനുള്ള കൗണ്ടറുകളും സജ്ജമാണ്. ഭക്തര്‍ക്ക് കുടിവെള്ളവും രാവിലെ 9 മുതല്‍ അന്നദാനവും ലഭിക്കും. പാര്‍ക്കിങ്ങിന് ക്ഷേത്ര ട്രസ്റ്റിന്റെ ഗ്രൗണ്ടും സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടുകളും ഉപയോഗപ്പെടുത്താം.
സ്‌പെഷല്‍ ബസുകളുമായി കെഎസ്ആര്‍ടിസി
നടതുറപ്പ് മഹോത്സവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി ഡിപ്പോകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ നടത്തും. തീര്‍ഥാടന പാക്കേജില്‍ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളും വിവിധ ഡിപ്പോകളില്‍ നിന്നുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: