ചാലക്കുടി: അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖലയില്‍ കാട്ടാനയുടെ തുമ്പിക്കൈയ്യില്‍ കുരുക്ക് മുറുകിയ നിലയില്‍ കണ്ടെത്തി. വാഴച്ചാല്‍ റേഞ്ചിലെ ആനക്കയത്തിനും ഷൂട്ടിംങ്ങ് മുക്കിനും ഇടയില്‍ പൊരിങ്ങല് കൂത്ത് പവ്വര്‍ ഹൗസിനടുത്തായിട്ടാണ് ആനയെ കഴിഞ്ഞ ദിവസം കുരുക്ക് മുറുകിയ നിലയില്‍ കാണപ്പെട്ടത്.
വന്യജീവി ഫോട്ടോഗ്രാഫറായ ആരിദാണ് ആനയെ കണ്ടെത്തിയത്. തുടര്‍ന്ന് ആനയെ കണ്ട വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിര്‍ദ്ദേശ പ്രകാരം ആനയെ കണ്ടെത്തി കുരുക്കഴിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. വാഴച്ചാല്‍ ഡിഎഫ്ഒ ആര്.ലക്ഷ്മിയുടെ നേതൃത്വത്തില്‍ മൂന്ന് റേഞ്ചുകളിലെ ഉദ്യോഗസ്ഥരെ വിവിധ മേഖലകളാക്കി തിരിച്ച് ആനയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
ഏകദേശം മുപ്പത് വയസ് പ്രായമായ പിടിയാനയുടെ കൂടെ രണ്ട് കുട്ടിയാനകളേയും കണ്ടിരുന്നതായി പറയുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ആനയെ കണ്ടതെങ്കിലും പിന്നീട് കാണാന്‍ സാധിച്ചിട്ടില്ല.
തുമ്പിയിലെ മാംസത്തില്‍ കയര്‍ പൂണ്ട് പോയ നിലയിലാണെന്ന് പറയന്നു. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് ഇതേ ആനയെ അന്നും വന്യജീവി ഫോട്ടോഗ്രാഫര്‍ കാണുകയും വിവരം വനം വകുപ്പ് അധികൃതരെ അറയിക്കുകയും ചെയ്തിരുന്നു. പിന്നീട് യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല.കാട് കയറി പോയ ആനയെ പിന്നീട് കാണുവാന്‍ സാധിച്ചിട്ടില്ലെന്ന് ആദിവാസികളും പറയുന്നു,അതിന് ശേഷം ഇപ്പോള്‍ ആണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: