കൊച്ചി: 2023 ഡിസംബറോടെ കൊച്ചി ഫിഷിംഗ് ഹാര്‍ബറിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പ്പാദന സഹമന്ത്രി ഡോ. എല്‍. മുരുകന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെന്റിനു മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തില്‍ എപ്പോഴും ശ്രദ്ധയുണ്ടെന്ന് കൊച്ചിന് ഫിഷിംഗ് ഹാര്‍ബര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കൊച്ചി ഫിഷിംഗ് ഹാര്‍ബര്‍ മാത്രമല്ല, ചെന്നൈ, വിശാഖപട്ടണം, പരദീപ് ഹാര്‍ബറുകളും നവീകരിക്കാന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതായും, ഇത് പ്രകാരം ഷിപ്പിംഗ്, തുറമുഖ മന്ത്രാലയവും ഫിഷറീസ് മന്ത്രാലയവും സംയുക്തമായി ധനസഹായം നല്കുന്ന ഈ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും ഡോ. മുരുകന് പറഞ്ഞു. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റും പദ്ധതി നടത്തിപ്പില്‍ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനികവല്‍ക്കരണത്തിലൂടെ, നിലവിലെ അവസ്ഥയില്‍ നിന്ന് പൂര്‍ണ്ണമായ മാറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടവേ, അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുക, ലാന്‍ഡിംഗ് സെന്ററുകളുടെ വികസനം, ശുചിത്വത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന നിലവാരം ഉറപ്പാക്കി മത്സ്യബന്ധന തുറമുഖങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ഐസ് പ്ലാന്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിളവെടുപ്പിനു ശേഷമുള്ള സൗകര്യങ്ങളുടെ നവീകരണം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇവയ്ക്കെല്ലാം പുറമെ ഇവിടെ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഹാര്‍ബറുകളില്‍ ഡോര്‍മിറ്ററി, റസ്റ്റോറന്റ്, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവരുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തി നവീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രി മത്സ്യസമ്പദ പദ്ധതിക്ക് കീഴില്‍ മത്സ്യമേഖലയ്ക്ക് 20,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതില്‍ നിന്ന് മത്സ്യബന്ധന മേഖലയോടുള്ള പ്രധാനമന്ത്രിയുടെ കരുതല്‍ വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കയറ്റുമതിയിലും വളര്‍ച്ചയിലും കൊറോണ ലോകത്തെയാകെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ മത്സ്യമേഖലയുടെ കയറ്റുമതി 32 ശതമാനമായി വര്‍ധിച്ചതായും അക്വാകള്‍ച്ചര്‍ കയറ്റുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ് എന്നും മുരുകന് പറഞ്ഞു. ഹൈബി ഈഡന് എംപി, കെ ജെ മാക്സി എംഎല്‍എ, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ എം ബീന ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മന്ത്രിയെ അനുഗമിച്ചു. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അധികൃതരുമായി പോര്‍ട്ട് ട്രസ്റ്റ് ഓഫീസില്‍ ഡോ. എല്‍. മുരുകന് നേരത്തെ അവലോകന യോഗവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: