ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന എന്‍എസ്എസിന്റെ ആവശ്യം കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കുമാവില്ല. വിശ്വാസ സംരക്ഷണത്തിനുവേണ്ടി രംഗത്തിറങ്ങിയവര്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെ ഇടതുമുന്നണി സര്‍ക്കാര്‍ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സ്ത്രീകളും വിദ്യാര്‍ത്ഥികളും ഹിന്ദുസംഘടനാ പ്രവര്‍ത്തകരുമുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്കെതിരെയാണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുള്ളത്. ഈ കേസുകള്‍ പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് പതിനായിരക്കണക്കിനാളുകളാണ് ബുദ്ധിമുട്ടുന്നത്. ഇതുമൂലം വിദേശരാജ്യങ്ങളില്‍ ജോലിക്കു ശ്രമിക്കുന്ന തൊഴില്‍ രഹിതരും ഉദ്യോഗാര്‍ത്ഥികളും പരീക്ഷാര്‍ത്ഥികളുമൊക്കെ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ നിരവധി. കേസില്‍ പ്രതികളായിട്ടുള്ള പലരും ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത നിരപരാധികളുമാണ്. നാമജപഘോഷയാത്രയുടെ കാലത്ത് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയവരെപ്പോലും കേസില്‍ പ്രതികളാക്കുകയായിരുന്നു. ഹിന്ദുഐക്യവേദി നേതാവ് കെ.പി.ശശികല ടീച്ചര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ എടുത്ത ചില കേസുകള്‍ ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഈ കേസുകള്‍ എടുത്തിട്ടുള്ളതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണിത്. എന്നാല്‍ ഓരോരുത്തര്‍ക്കെതിരെയും നിരവധി കേസുകളാണ് എടുത്തിട്ടുള്ളത്. ഓരോ കേസുകള്‍ക്കും കോടതിയെ സമീപിക്കുകയെന്നത് പ്രായോഗികമല്ല. കേസുകള്‍ സര്‍ക്കാര്‍ തന്നെ പിന്‍വലിക്കുകയാണ് വേണ്ടത്.
വിശ്വാസ സംരക്ഷണത്തിനുവേണ്ടി രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായ ഹിന്ദുക്കള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. കേസുകള്‍ പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തതാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ച ലഭിച്ചതോടെ ഈ ഉറപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോവുകയായിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല പ്രക്ഷോഭത്തെ നേരിട്ടത് ശരിയായില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുകയുണ്ടായി. ശബരിമലയില്‍ യുവതീ പ്രവേശനമാകാമെന്ന വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഇതോടെ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച വിധി അസ്ഥിരപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു വീണ്ടുവിചാരം ഉണ്ടായത്. വിധി നടപ്പാക്കാന്‍ തിടുക്കം കാണിച്ച രീതി ശരിയായില്ലെന്നും ഭരണപക്ഷത്ത് അഭിപ്രായമുയര്‍ന്നു. ഇനി അങ്ങനെയൊന്ന് സംഭവിക്കില്ലെന്നും പറയുകയുണ്ടായി. ഈ നിലപാട് ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ ശബരിമല പ്രക്ഷോഭത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കേണ്ടതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയിച്ചതോടെ സിപിഎമ്മും സര്‍ക്കാരും മലക്കംമറിഞ്ഞു. കേസുകള്‍ അതേപടി നില്‍ക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം പരിഗണിക്കാനും വച്ചുതാമസിപ്പിക്കാതെ തീരുമാനമെടുക്കാനുമുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. നിരപരാധികള്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന എന്‍എസ്എസ് നിലപാട് മാനിക്കപ്പെടണം.
തങ്ങള്‍ മതത്തിന് എതിരല്ലെന്നും, വിശ്വാസം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമെന്നുമാണ് ഇടതുമുന്നണി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം അടുത്തകാലത്തായി പറഞ്ഞുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് പരമ്പരാഗതമായി വോട്ടു ചെയ്തുകൊണ്ടിരിക്കുന്ന ഹിന്ദുക്കളെ കബളിപ്പിക്കാനും, ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ് ഇതിലൂടെ സിപിഎം ശ്രമിക്കുന്നതെന്ന കാര്യം കാണാതിരിക്കരുത്. മതമെന്നും വിശ്വാസമെന്നുമൊക്കെ സിപിഎം പറയുമ്പോള്‍ അത് സംഘടിത മതവിഭാഗങ്ങളെക്കുറിച്ചാണ്. അവരുടെ മതവും വിശ്വാസവുമൊക്കെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ഹിന്ദുക്കളുടെ കാര്യത്തില്‍ ഇങ്ങനെയൊരു ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് സിപിഎം കരുതുന്നില്ല. ശബരിമലയ്‌ക്കു പോകുന്നവരെയും തെയ്യം കെട്ടുന്നവരെയുമൊക്കെ ഊരുവിലക്ക് കല്‍പ്പിക്കുന്ന സിപിഎം, ഇതരമതസ്ഥരുടെ വിശ്വാസത്തില്‍ ഇടപെടാറില്ല. ഹജ്ജിനു പോകുന്നവര്‍ക്കും ഉംറ അനുഷ്ഠിക്കുന്നവര്‍ക്കുമൊന്നും, അവര്‍ പാര്‍ട്ടിക്കാരായാല്‍പ്പോലും സിപിഎമ്മില്‍ വിലക്കില്ല. ഹിന്ദുക്കള്‍ക്കെതിരെ മാത്രമാണ് പാര്‍ട്ടിയുടെ പെരുമാറ്റ ചട്ടം പ്രയോഗിക്കുന്നത്. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനും, ലിംഗസമത്വം സ്ഥാപിക്കുന്നതിന് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കാനുമുള്ള തീരുമാനങ്ങള്‍ ചില മുസ്ലിം സംഘടനകള്‍ കണ്ണുരുട്ടി കാണിച്ചതോടെ വേണ്ടെന്നുവയ്‌ക്കുകയാണല്ലോ സിപിഎമ്മും സര്‍ക്കാരും ചെയ്തത്. ഹിന്ദുക്കളുടെ കാര്യത്തില്‍ ഇങ്ങനെയൊന്നും തങ്ങളില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന പരസ്യ പ്രഖ്യാപനമാണ് ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: