ന്യൂദല്‍ഹി: ചൈനയെ പൊക്കി ഇന്ത്യയെ താറടിക്കാന്‍ കോണ്‍ഗ്രസും ചൈനീസ് ചാരനായ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ മഹേഷ് ജെത് മലാനി. കോവിഡിന് മുന്നില്‍ ചൈന തോല്‍ക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയെ താറടിക്കാന്‍ കഫ് സിറപ്പ് കഴിച്ച് ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും 66 കുട്ടികള്‍ മരിച്ചതിന്റെ കുറ്റം ഇന്ത്യയുടെ തലയില്‍ ചാര്‍ത്താന്‍ ഉത്സാഹം കാട്ടുകയായിരുന്നു ജയറാം രമേഷെന്ന് മഹേഷ് ജെത് മലാനി കുറ്റപ്പെടുത്തി.
ചൈനയ്‌ക്ക് വേണ്ടി ഇന്ത്യയ്‌ക്കെതിരായി നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യയുടെ കഫ് സിറപ്പിന് മേല്‍ ലോകാരോഗ്യസംഘടന കെട്ടിവെച്ചത് കൃത്യമായി പരിശോധനകള്‍ നടത്തി സ്ഥിരീകരിക്കാതെയാണെന്ന് ഇന്ത്യയിലെ ഡ്രഗ് കണ്‍ട്രോളര്‍ കണ്ടെത്തിയിരിക്കുകയാണ്. ലോകാരോഗ്യസംഘടന ഈ ആരോപണം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് അതിന് ഇന്ത്യയില്‍ വന്‍പ്രചാരണം നല്‍കുകയായിരുന്നു.
കോവിഡ് വാക്സിന്‍ നിര്‍മ്മിച്ചതിലൂടെയാണ് ഇന്ത്യ മരുന്ന് നിര്‍മ്മാണ രംഗത്ത് ലോകത്തിന്റെ തന്നെ കേന്ദ്രമായി മാറിയത്. ഈ നാളുകളില്‍ ഇന്ത്യയ്‌ക്ക് അമേരിക്കയുടെ ഉള്‍പ്പെടെ പ്രശംസ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ കഫ് സിറപ്പ് കഴിച്ചാണ് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതെന്ന പ്രസ്താവന നടത്തുക വഴി ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണമേഖലയിലെ വൈദഗ്ധ്യം ലോകത്തിന് മുന്നില്‍ നശിപ്പിക്കാനാണ് ജയറാം രമേഷും കോണ്‍ഗ്രസും ശ്രമിച്ചത്.
വേണ്ടത്ര പരിശോധനകള്‍ നടത്തി വസ്തുതകള്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പാണെന്ന് ആരോപിച്ച് ഇന്ത്യയുടെ ഡ്രഗ് കണ്‍ട്രോളര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ രംഗത്തെ ആഗോള പ്രതിച്ഛായ തകര്‍ക്കാനുള്ള ചൈനയുടെ ഗൂഢാലോചനയ്‌ക്ക് ലോകാരോഗ്യ സംഘടനയും കൂട്ട് നിന്നു എന്ന സംശയം ബലപ്പെടുകയാണ്. കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പ് തിടുക്കപ്പെട്ടാണ് ജയറാം രമേഷ് ഇന്ത്യയുടെ കഫ് സിറപ്പിനും അത് നിര്‍മ്മിച്ച കമ്പനികള്‍ക്കും നേരെ ആഞ്ഞടിച്ചത്. ഇതുവഴി ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ രംഗത്തെ പ്രതിച്ഛായ തകര്‍ക്കുക എന്ന ചൈനയുടെ അജണ്ട നടപ്പാക്കുകയാണ് ജയറാം രമേഷ് ചെയ്തത്. ഇത് അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാക്കിയതിന് പിന്നിലും കോണ്‍ഗ്രസിനും ജയറാം രമേഷിനും കയ്യുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഒക്ടോബര്‍ 10നാണ് ലോകാരോഗ്യസംഘടന ഗാംബിയയിലെ കുട്ടികള്‍ മരിച്ചത് ഇന്ത്യയിലെ കമ്പനി ഉല്‍പാദിപ്പിച്ച ചുമയുടെ മരുന്ന് കഴിച്ചിട്ടാണെന്ന് തിടുക്കപ്പെട്ടാണ് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചത്. ചുമയ്‌ക്കുള്ള മരുന്നില്‍ ഡൈ എതിലീന്‍ ഗ്ളൈക്കോളോ, എതിലീന്‍ ഗ്ളൈക്കോളൊ അടങ്ങിയതാകാം മരണകാരണമെന്ന ഊഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഈ വിഷാംശം ഉള്ളതാണ് മരണകാരണമെന്ന രീതിയിലാണ് ലോകാരോഗ്യസംഘടന വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ് സിഒ) പരിശോധിച്ചപ്പോള്‍ ചുമയ്‌ക്കുള്ള മരുന്നില്‍ ഈ വിഷാംശം കണ്ടെത്താനായില്ല. ഇതോടെയാണ് ഇതിന് പിന്നില്‍ ചൈനയുടെ ഗൂഢാലോചനയുണ്ടോ എന്ന സംശയം ബലപ്പെടുന്നത്.
2022 ഒക്ടോബര്‍ 15, ഒക്ടോബര്‍ 20, ഒക്ടോബര്‍ 29 തീയതികളില്‍ ചുമയുടെ മരുന്നില്‍ വിഷാംശമുള്ളതിന്റെ പരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും ലോകാരോഗ്യ സംഘടന നല്‍കാതിരിക്കുന്നത് എന്തോ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം വര്‍ധിപ്പിക്കുകയാണ്.
“ഇതില്‍ മാത്രല്ല, പല കാര്യങ്ങളിലും ജയറാം രമേഷ് ചൈന ഇന്ത്യയ്‌ക്കെതിരെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാജവാര്‍ത്തകളുടെ നാവായി മാറുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ ഇന്ത്യന്‍ പട്ടാളത്തെ കുറ്റപ്പെടുത്താന്‍ മുമ്പിലാണ് ജയറാം രമേഷും കോണ്‍ഗ്രസും. ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് സഹായകരമാവുന്ന പ്രധാനമേഖലയിലൊന്നാണ് മരുന്ന് നിര്‍മ്മാണരംഗം. കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചു എന്ന് സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നിരിക്കെ ജയറാം രമേഷ് ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയെ തിടുക്കപ്പെട്ട് കുറ്റപ്പെടുത്തുന്നത് എന്തിനാണ്?”- മഹേഷ് ജെത് മലാനി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: