തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദം അവസാനിപ്പിക്കാന്‍ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡി.ആര്‍.അനിലിനെ രാജിവെയ്‌പ്പിക്കാന്‍ സിപിഎം നീക്കം.
മേയറുടെ രാജി ആവശ്യപ്പെട്ടിട്ട് ബിജെപി നേതൃത്വത്തില്‍ നടക്കുന്ന സമരം മൂലം രണ്ട് മാസമായി കോര്‍പറേഷന്‍ പ്രവര്‍ത്തനം സ്തംഭിച്ച സ്ഥിതിയിലാണ്. കോര്‍പറേഷന്‍ ഭരണസമിതി ഡി.ആര്‍. അനിലിനെ രാജിവെയ്പിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇതുവഴി മേയര്‍ ആര്യ രാജേന്ദ്രനെ രാജിയില്‍ നിന്നും രക്ഷിച്ചെടുക്കാനും കഴിയും. ഇക്കാര്യത്തില്‍ പന്ത് ബിജെപി കോര്‍ട്ടിലാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ സിപിഎം മുന്നോട്ട് വെച്ച ഈ നീക്കം ബിജെപി അംഗീകരിക്കുകയാണെങ്കില്‍ ഡി.ആര്‍.അനില്‍ രാജിവെയ്‌ക്കും.
രണ്ട് കത്ത് വിവാദങ്ങളാണ് ഉണ്ടായത്. ഒന്ന് തിരുവനന്തപുരം മേയര്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത്. രണ്ടാമത്തേത് ഒരു നിയമന ശുപാര്‍ശ. ഈ കത്ത് അനില്‍ അയച്ചതാണെന്നും അത് താന്‍ നശിപ്പിച്ചെന്നും ഡി.ആര്‍. അനില്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് അനിലിനെ രാജിവെയ്‌പ്പിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കാമെന്ന് സിപിഎം പറയുന്നത്.
മറ്റൊന്ന് സമരം ചെയ്ത ബിജെപി വനിതാ കൗണ്‍സിലര്‍മാരെ അപമാനിച്ചു എന്ന ആരോപണവുംഅനിലിന് നേരെ ഉയരുന്നുണ്ട്. മേയറുടെ ഡയസിനു മുന്നിൽ ബാനറുമായി പ്രതിഷേധിച്ച ഒമ്പത് ബിജെപി വനിതാ കൗൺസിലർമാരെ മേയർ ആര്യാ രാജേന്ദ്രൻ സസ്‌പെൻഡ് ചെയ്‌തതിനു പിന്നാലെ പ്രതിഷേധക്കാർ ബുക്ക് ഉദ്യോഗസ്ഥരിൽ നിന്ന് വാങ്ങി ഹാജർ രേഖപ്പെടുത്തിയിരുന്നു. ഇതുകണ്ട അനിൽ സിറ്റിംഗ് ഫീസ് കിട്ടുന്നതിനു വേണ്ടിയാണ് സസ്‌പെൻഷനിലായിട്ടും ബിജെപി കൗൺസിലർമാർ ഒപ്പിട്ടതെന്ന് മൈക്കിലൂടെ പറഞ്ഞു. ‘കാശ് കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗമുണ്ട് കൗൺസിലർമാരെ’, അതിന് ഈ ബുക്കിൽ ഒപ്പിടണോ ‘ എന്നും വനിതാ കൗൺസിലർമാരെ നോക്കി അനില്‍ ചോദിച്ചിരുന്നു. ഇത് വനിതകളെ അപമാനിക്കലാണെന്ന് കാട്ടി ബിജെപി കൗണ്‍സിലര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ബിജെപി തയ്യാറാണെങ്കില്‍ ഡി.ആര്‍. അനില്‍ രാജിവെയ്‌ക്കും. അതല്ല, കോര്‍പറേഷന്‍ മേയര്‍ തന്നെയാണ് രാജിവെയ്‌ക്കേണ്ടതെന്ന വാദത്തില്‍ ബിജെപി ഉറച്ചു നിന്നാല്‍ പ്രതിസന്ധി ഇനിയും നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: