കോഴിക്കോട്: ഡിജിറ്റല്‍ ഇന്ത്യയും സ്കില്‍ ഇന്ത്യയും രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കുന്ന രണ്ട് പ്രധാന സ്തംഭങ്ങള്‍ ആണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പുതിയ ഇന്ത്യ യുവാക്കളുടെതാണ്. ഇന്ത്യ അവര്‍ക്കായി വലിയ അവസരങ്ങള്‍ തുറന്നു നല്‍കും. അതുകൊണ്ടുതന്നെ ബിരുദ വിദ്യാര്‍ത്ഥികള്‍ നൈപുണ്യ നവീകരണ പരിപാടികളുടെ ഭാഗമാകണം. ഡിജിറ്റല്‍ വ്യവസ്ഥയിലേക്ക് പ്രവേശിക്കാന്‍ ഈ വൈദഗ്ധ്യം അവരെ സഹായിക്കുമെന്നും അദേഹം പറഞ്ഞു.
ഇന്ത്യയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പം പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്. 1985ല്‍ ഒരു പദ്ധതിക്കായി സര്‍ക്കാര്‍ 100 രൂപ ചെലവഴിക്കുമ്പോള്‍ 15 രൂപ മാത്രമായിരുന്നു ലക്ഷ്യത്തിലെത്തിയിരുന്നത്. ഇന്നാകട്ടെ 100 രൂപ ചിലവഴിക്കുമ്പോള്‍ ആ 100 രൂപയും ലക്ഷ്യത്തിലെത്തുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ ഘട്ടത്തിലും കാലികമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അവസരങ്ങള്‍ക്ക് അതിരുകളില്ലെന്ന് മാത്രമല്ല അവ എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
20 കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി താമരശേരിയിലെ കത്തോലിക്ക ബിഷപ്പ് ഹൗസില്‍,’യുവജനങ്ങളുടെ ആധുനിക ഭാരതം സാങ്കേതിക വിദ്യാ ദശകത്തിലെ അവസരങ്ങള്‍’എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വര്‍ഷം 7.5 ലക്ഷം കോടി രൂപയാണ് നിക്ഷേപിച്ചത്. ആധുനികവല്‍ക്കരണത്തിനായി ധാരാളം പണം ചെലവഴിക്കുന്നു.
രാജ്യത്തെ നികുതി പിരിവ് ലക്ഷ്യം വച്ചതിലും 25 ശതമാനം കവിഞ്ഞു. 430 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി. കോവിഡനന്തര കാലഘട്ടം ലോകത്തിന് ഇന്ത്യയുടെ ശക്തി കാണിച്ചുകൊടുത്തു. കോവിഡിന് ശേഷം അമേരിക്ക പോലും അഭൂതപൂര്‍വമായ പണപ്പെരുപ്പം നേരിടുകയാണ്. ചൈന മൂന്ന് പാദങ്ങളില്‍ സാമ്പത്തിക തകര്‍ച്ച നേരിട്ടു. എന്നാല്‍ ഇന്ത്യയാകട്ടെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 86,000 കടന്നു. ഡിജിറ്റല്‍ ഇന്ത്യ ഇന്നൊവേഷന് ഫണ്ട് ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യ സെമി കണ്ടക്ടറുകള്‍ നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയ ശേഷം വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു. മികച്ച പ്രകടനവും ആസൂത്രണവും ലക്ഷ്യമിട്ട് ഏത് വിഷയവും ആരുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സദാ സന്നദ്ധമാണ്. ഗ്രാമ, നഗരഭേദമെന്യേ എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ ലഭ്യമാകണംമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു. സര്‍ക്കാര്‍ ഈ മേഖലയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിനായി ഡിജിറ്റല്‍ ഇന്ത്യ നിയമം ഉടന്‍ അവതരിപ്പിക്കും എന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: