അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ മരണത്തില്‍ ആദരാഞ്ജലികളുമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടങ്ങീ നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ അമ്മ ഹീരാ ബായുടെ മരണവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് ശ്രവിച്ചത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യത്തെ സുഹൃത്തും അധ്യാപികയുമാണ് അമ്മ. അമ്മയെ നഷ്ടപ്പെടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്. കുടുംബത്തിന് വേണ്ടി ഹീരാ ബാ നടത്തിയ പോരാട്ടങ്ങള്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. അവരുടെ ത്യാഗപൂര്‍ണവും സന്യാസ തുല്ല്യവുമായ ജീവിതം എന്നും നമ്മള്‍ ഓര്‍മ്മിക്കും. ഈ അവസരത്തില്‍ പ്രധാനമന്ത്രിക്കും കുടുംബത്തിനും ഒപ്പം നില്‍ക്കുന്നു, കോടിക്കണക്കിന് ജനങ്ങളുടെ പ്രാര്‍ത്ഥന താങ്കള്‍ക്കൊപ്പമുണ്ടെന്നുമായിരുന്നു അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ അമ്മ ഹീരാ ബായുടെ വിയോഗത്തില്‍ ദുഃഖമുണ്ട്. അമ്മയുടെ മരണം നികത്താന്‍ കഴിയാത്ത വിടവാണ് ഒരാളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്. പ്രധാനമന്ത്രി്ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നുവെന്നുമായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ മരണം അതിയായ ദുഃഖം ഉളവാക്കുന്ന വാര്‍ത്തയാണ്. സ്നേഹം, ലാളിത്യം, കഠിനാധ്വാനം, ജീവിതമൂല്യങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം മികച്ച ഉദാഹരണമായിരുന്നു ഹീരാബെന്‍. ദൈവം അമ്മയുടെ ആത്മാവിന് ശാന്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അറിയിച്ചു.
‘ഒരു മകനെ സംബന്ധിച്ച് അമ്മയായിരിക്കും അവന്റെ ലോകം. അമ്മയുടെ മരണം മകനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ അമ്മയുടെ മരണം വളരെ ദുഃഖമുണ്ടാക്കുന്നു. അമ്മയുടെ ആത്മാവിന് ശ്രീരാമപാദങ്ങളില്‍ സ്ഥാനം ലഭിക്കട്ടെ’ എന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാതിന്റെ അനുശോചനം.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ അമ്മ ഹീരാബെന്നിന്റെ മരണവാര്‍ത്ത വളരെ ദുഃഖകരമാണ്. അമ്മയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ബുദ്ധിമുട്ടേറിയ ജീവിതത്തിനിടയിലും ഹീരാബാ തന്റെ കുടുംബത്തിന് നല്‍കിയ മൂല്യങ്ങളിലൂടെയാണ് രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെ ലഭിച്ചതെന്നും’ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുറിച്ചു.
പ്രധാനമന്ത്രി മരേന്ദ്രമോദിയുടെ അമ്മയുടെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഹീരാ ബാജിയുടെ പോരാട്ടവും പുണ്യപൂര്‍ണവുമായ ജീവിതം എപ്പോഴും പ്രചോദനകരമാണ്, അവരുടെ വാത്സല്യവും സത്യസന്ധതയും രാജ്യത്തിന് വിജയകരമായ നേതൃത്വം നല്‍കി. അമ്മയുടെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണ്, ഈ ശൂന്യത നികത്തുക അസാധ്യമാണെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രതികരിച്ചത്.
ഏറെ ദുഃഖകരമായ വാര്‍ത്തയാണ്, പ്രധാനമന്ത്രിയോട് അനുശോചനങ്ങള്‍ അറിയിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കുറിച്ചു. ഹീരാബെന്നിന്റെ ആത്മാവിന് ദൈവം തന്റെ അരികില്‍ ഇടം നല്‍കട്ടെ, കുടുംബാംഗങ്ങള്‍ക്കും പ്രധാനമന്ത്രിക്കും ഈ വിയോഗം താങ്ങാനുള്ള ധൈര്യം ലഭിക്കട്ടെ എന്നും പ്രിയങ്ക വാദ്രയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഹീരാ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി ആശുപത്രിയെത്തി അമ്മയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഹീരാ ബെന്നിന്റ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. തുടര്‍ ചികിത്സയ്‌ക്കിടെയാണ് മരണം സംഭവിക്കുന്നത്.
1922 ജൂണ്‍ 18ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെന്നിന്റെ ജനനം. ചായ വില്‍പ്പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയെ വിവാഹം കഴിച്ചു. ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി- ഹീരാബെന്‍ ദമ്പതികളുടെ ആറു മക്കളില്‍ മൂന്നാമനാണ് നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകന്‍. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി. വാസന്തി ബെന്‍ എന്നിവരാണ് മറ്റു മക്കള്‍. ഭര്‍ത്താവിന്റെ മരണം വരെ വട്നഗറിലെ കുടുംബ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ മരണത്തോടെ ഇളയമകനായ പങ്കജ് മോദിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: