തിരുവനന്തപുരം: സ്നേഹസാന്ദ്രം ചരിറ്റബിള്‍ ട്രസ്റ്റ് ഒരുക്കിയ ഭിന്നശേഷിക്കാരുടെ ക്രിസ്മസ് പുതുവത്സര ആഘോഷവേദി വേറിട്ട കാഴ്ചയായി. ഇരുന്നൂറിലധികം ഭിന്നശേഷിക്കാരുടെ അമ്മമാര്‍ ഭാരവാഹികളും അംഗങ്ങളുമായ സംഘടനയാണ് സ്നേഹസാന്ദ്രം ട്രസ്റ്റ്. ആഘോഷങ്ങളൊന്നും തങ്ങളുടെ പൊന്നോമനകള്‍ക്ക് അന്യമാകരുതെന്ന അമ്മമാരുടെ ആഗ്രഹമാണ് ഒരു സംഘടന രൂപീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണവും റംസാനും ക്രിസ്മസും പുതുവത്സരവുമൊക്കെ അവര്‍ ആഘോഷിക്കുന്നു. സമ്മാനപൊതികളും പുതുവസ്ത്രവുമായി നിരവധി സുമനസുകളാണ് ഓരോ ആഘോഷവേളയിലും അവര്‍ക്കൊപ്പം ചേരുന്നത്. ആ സ്നേഹസാന്ദ്രിമയില് വിരുന്നുണ്ണാന്‍, അവരുടേതായ ഭാഷയില്‍ പരസ്പരം സ്നേഹം പങ്കിടാന്‍ വൈകല്യങ്ങള്‍ മറന്ന് വീല്‍ ചെയറിലും അമ്മമാരുടെ ഒക്കത്തേറിയും എത്തുന്നത് ഇരുന്നൂറിലധികം കുരുന്നുകള്‍. ഇന്നലെ എസ്എംവി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡന്റും നടിയുമായ സിന്ധു വര്‍മ്മ അധ്യക്ഷയായി. ട്രസ്റ്റിന്റെ വിവിധ പദ്ധതികളുടെയും ഔദ്യോഗിക വാഹനത്തിന്റെ ഫ്ലാഗോഫും മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിച്ചു. ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച ജനപ്രതിനിധിക്കുള്ള കര്‍മരത്ന പുരസ്ക്കാരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വിളപ്പില്‍ രാധാകൃഷ്ണന് മന്ത്രി സമ്മാനിച്ചു.
സ്നേഹ സാന്ദ്രം ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര, പിആര്‍എസ് മുരുകന്, റാണി മോഹന്‍ദാസ്, ഡോ. മറിയ ഉമ്മന്‍, മാധ്യമ പ്രവര്ത്തകന് ശിവാകൈലാസ്, നിംസ് ജിഎം ഡോ.സജു, ഡോ. ഷാഹുല്‍ ഹമീദ്, മുഹമ്മദ് ആസിഫ്, ജെയിംസ്, വസന്തകുമാരി, അപ്സര തുടങ്ങിയവര്‍ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയുണ്ട്, ഭക്ഷ്യധാന്യ കിറ്റുകള്‍, പുതുവസ്ത്രങ്ങള്‍, വീല്‍ചെയറുകള്‍, മധുര പലഹാരങ്ങള്‍ തുടങ്ങി കൈനിറയെ സമ്മാനങ്ങളുമായാണ് സ്നേഹസാന്ദ്രയുടെ ഓമനകള്‍ വീടുകളിലേക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: