ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിന്റെ ഇടവേളയും ക്രിസ്മസ് ആഘോഷങ്ങളും കഴിഞ്ഞ് സജീവമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പു തുടര്‍ന്ന് ആഴ്‌സണല്‍. വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്‌ത്തി പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നില്‍. അതേസമയം, സീസണില്‍ കിതച്ച് മുന്നേറുന്ന ലിവര്‍പൂളിനും ജയം. ആസ്റ്റണ്‍ വില്ലയെ 3-1ന് കീഴടക്കി.
സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ ജയം ആധികാരികം. 27-ാം മിനിറ്റില്‍ പിന്നിലായിപ്പോയ ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളടിച്ചാണ് പീരങ്കിപ്പട ജയിച്ചു കയറിയത്. ബോവനെ ബോക്‌സില്‍ വീഴ്‌ത്തിയതിന് വെസ്റ്റ്ഹാമിന് ലഭിച്ച പെനല്‍റ്റി സെയ്ദ് ബെന്റ്ഹമ ഗോളാക്കി. രണ്ടാം പകുതിയില്‍ ബുകയൊ സാക്ക (53), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (58), എഡ്ഡി കെറ്റിയ (69) എന്നിവരുടെ ഗോളില്‍ ആഴ്‌സണല്‍ ജയം പിടിച്ചു. 15 കളിയിലെ പതിമൂന്നാം ജയം കുറിച്ച ആഴ്‌സണല്‍ 40 പോയിന്റുമായി പട്ടികയില്‍ ഒന്നാമത് തുടരുന്നു.
എവേ മത്സരത്തില്‍ മുഹമ്മദ് സല (അഞ്ച്), വിര്‍ജില്‍ വാന്‍ ഡിക് (37), സ്റ്റെഫാന്‍ ബജെസെറ്റിച്ച് (81) എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ ജയം കണ്ടത്. ഒല്ലി വാറ്റ്കിന്‍സ് ആസ്റ്റണ്‍വില്ലയുടെ ആശ്വാസം. 15 കളിയില്‍ 25 പോയിന്റുമായി ഏഴാമതാണ് ലിവര്‍പൂള്‍. ബ്രെന്റ്‌ഫോഡിനോട് ടോട്ടനം സമനിലയുമായി രക്ഷപ്പെട്ടു. രണ്ട് ഗോളിനു പിന്നിലായ ടോട്ടനത്തെ ഹാരി കെയ്‌നും ഹോജ് ബെര്‍ഗും നേടിയ ഗോളുകളാണ് രക്ഷിച്ചത്. 16 കളിയില്‍ 30 പോയിന്റുമായി നാലാമതാണ് ടോട്ടനം.
ലെസ്റ്റര്‍ സിറ്റി 3-0ന് ന്യൂകാസില്‍ യുണൈറ്റഡിനോട് തോറ്റപ്പോള്‍, ഫുള്‍ഹാം 3-0ന് ക്രിസ്റ്റല്‍ പാലസിനെയും ബ്രൈട്ടണ്‍ 3-1ന് സതാംപ്ടണിനെയും വൊള്‍വര്‍ഹാംപ്ടണ്‍ 2-1ന് എവര്‍ട്ടണിനെയും തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: