പോയ്മറഞ്ഞ വര്‍ഷം ഔഷധ വകുപ്പിനെ വിജയസോപാനമേറ്റുന്നതില്‍ പ്രധാനം രാജ്യത്താകമാനം 8916 പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങള്‍ തുറക്കാനായി എന്നതാണ്. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുക വഴിയും വകുപ്പ് ശ്രദ്ധ പിടിച്ചുപറ്റി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും താങ്ങാവുന്ന വിലയ്ക്ക് ജനറിക് മരുന്നുകള്‍ ലഭ്യമാക്കുക എന്നതാണ് പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പി.എം.ബി.ജെ.പി.) പദ്ധതിയുടെ പ്രധാന ലക്ഷ്യം.
രാജ്യത്താകമാനം പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങള്‍ (പി.എം.ബി.ജെ.കെ.) തുറക്കുകയാണു പദ്ധതി. 2022 നവംബര്‍ 30 വരെ 8916 പി.എം.ബി.ജെ.കെകള്‍ തുറക്കാന്‍ സാധിച്ചു. 2025 മാര്‍ച്ചാകുമ്പോഴേക്കും 10500 എണ്ണം യാഥാര്‍ഥ്യമാക്കുകയാണു ലക്ഷ്യം. പൊതുവിപണിയില്‍ ലഭിക്കുന്ന കമ്പനി മരുന്നുകളെ അപേക്ഷിച്ച് 50% മുതല്‍ 90% വരെ വിലക്കിഴിവോടെയാണ് ജനൗഷധി മരുന്നുകള്‍ വില്‍ക്കപ്പെടുന്നത്. മികച്ച ഉല്പാദന നടപടിക്രമം പിന്തുടരുന്നതിനു ലോകാരോഗ്യം സംഘടനയുടെ അംഗീകാരം ലഭിച്ച വിതരണക്കാരില്‍നിന്നു മാത്രമേ ജനൗഷധി കേന്ദ്രങ്ങളിലേക്കു മരുന്നുകള്‍ എത്തിക്കുകയുള്ളൂ. മരുന്നുകളുടെ മേന്മ ഉറപ്പുവരുത്തുന്നതിനാണ് ഇത്. പി.എം.ബി.ജെ.പി. വഴി 1759 മരുന്നുകളും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 280 ഇനങ്ങളുമാണ് ജനങ്ങള്‍ക്കു ലഭ്യമാക്കുന്നത്. 2025 മാര്‍ച്ചോടെ ഇതു യഥാക്രമം രണ്ടായിരവും മുന്നൂറും ആക്കി ഉയര്‍ത്താനാണു ശ്രമം. അതോടെ പ്രമേഹം, ഹൃദ്രോഗങ്ങള്‍, അര്‍ബുദം, അലര്‍ജി രോഗങ്ങള്‍, കുടല്‍രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളും വൈറ്റമിന്‍, ധാതു, ഭക്ഷ്യ സപ്ലിമെന്റുകളും കുറഞ്ഞ വിലയ്ക്കു ലഭ്യമാകും.
രാജ്യത്തെ സ്ത്രീകളുടെ ആര്‍ത്തവകാല ശരീര ശുദ്ധി ഉറപ്പുവരുത്തുന്നതിനായി പി.എം.ബി.ജെ.പി. കേന്ദ്രങ്ങള്‍ വഴി പ്രത്യേക നാപ്കിനുകള്‍ ലഭ്യമാക്കുന്നുണ്ട്. സാനിറ്ററി പാഡിന്റെ വില ഒരു രൂപ മാത്രമാണ്. 2022 നവംബര്‍ വരെ 31 കോടി പാഡുകളാണു വിറ്റഴിക്കപ്പെട്ടത്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (പി.എം.ബി.ഐ.) 893.56 കോടി രൂപയുടെ വില്പന നടത്തി. ഇതുവഴി 5300 കോടി രൂപയുടെ ലാഭമാണ് ഇന്ത്യന്‍ ജനതയ്ക്ക് ഉണ്ടായത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ കാര്യമാണെങ്കില്‍, 2022 നവംബര്‍ 30 വരെ 758 കോടി രൂപയുടെ വില്പനയാണ് പി.എം.ബി.ഐ. നടത്തിയത്. ജനതയ്ക്ക് ഉണ്ടായ നേട്ടമാവട്ടെ 4500 കോടി രൂപ. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഈ പരിയോജയന വഴി ഉണ്ടായ നേട്ടം 18,000 കോടി രൂപയുടേതാണ്.
ഔഷധ വിതരണം സുഗമമാക്കുന്നതിനായി ഐടി അധിഷ്ഠിത വിതരണ ശൃംഖലകള്‍ യാഥാര്‍ഥ്യമാക്കി. ഗുരുഗ്രാമില്‍ കേന്ദ്ര സംഭരണ കേന്ദ്രം ആരംഭിക്കുകയും ചെന്നൈ, ഗോഹട്ടി, സൂറത്ത് എന്നിവിടങ്ങളില്‍ മേഖലാതല സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ ഇന്ത്യയിലും മധ്യേന്ത്യയിലും സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്.
മരുന്നുവില കുറയ്ക്കുന്നതിനു ഗൗരവതരമായ ഇടപെടല്‍ ഔഷധ വകുപ്പു നടത്തുന്നുണ്ട്. 2022 സെപ്റ്റംബര്‍ 13ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം വിജ്ഞാപനം ചെയ്ത അവശ്യമരുന്നുകളുടെ ദേശീയ പട്ടിക, 2022നെ അടിസ്ഥാനപ്പെടുത്തി മരുന്നുവില നിയന്ത്രണം ഉത്തരവ് (ഡി.പി.സി.ഒ.) 2013ന്റെ ഒന്നാമതു പട്ടികയില്‍ ഔഷധ വകുപ്പ് ഭേദഗതി വരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഔഷധ വകുപ്പിന്റെ കീഴിലുള്ള ദേശീയ ഔഷധ വില നിര്‍ണയ അതോറിറ്റി (എന്‍.പി.പി.എ.) ആദ്യ പട്ടികയില്‍ പെടുന്ന മരുന്നുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില പുതുക്കിക്കൊണ്ടിരിക്കുകയാണ്.
ഗവണ്മെന്റും വ്യവസായ, വിപണന മേഖലകളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതാണു മറ്റൊരു നേട്ടം. ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന ഫാര്‍മ സഹി ദം മൊബൈല്‍ ആപ് 2.0 പുറത്തിറക്കുകയും ചെയ്തു.
ഔഷധ മേഖല മെച്ചപ്പെടുത്തുന്നതിനായി 21-22 സാമ്പത്തിക വര്‍ഷം മുതല്‍ 25-26 സാമ്പത്തിക വര്‍ഷം വരെ നീളുന്ന അഞ്ചു വര്‍ഷത്തെ പദ്ധതി ഒരുക്കിയിട്ടുണ്ട്. 500 കോടി രൂപയുടേതാണു പദ്ധതി. മൂന്നു ഘടകങ്ങളോടുകൂടിയതാണ് ഇത്.
പൊതു സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ ഔഷധ വ്യവസായത്തിനു സഹായമേകലാണ് ആദ്യത്തേത്. ഔഷധ മേഖലയിലെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള സഹായ പദ്ധതിയാണ് അടുത്തത്. ഔഷധ, വൈദ്യ ഉപകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ളതാണു മൂന്നാമത്തേത്.
ഇതില്‍ ആദ്യത്തേതിന് 20 പദ്ധതി നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതില്‍ 17 എണ്ണം യോഗ്യമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി 2022 ഡിസംബര്‍ 15നകം ഡി.ആര്.പി. സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതു പരിശോധിച്ച് പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം നല്‍കും. ഔഷധ മേഖലയിലെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള സഹായ പദ്ധതിയില്‍ 60 അപേക്ഷകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
വൈദ്യശാസ്ത്ര രംഗത്ത് ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുന്നതിനു ബൃഹദ് പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കീ സ്റ്റാര്‍ട്ടിങ് മെറ്റീരിയല്‍സ്, ഡ്രഗ് ഇന്റര്‍മീഡിയറ്റ്സ്, ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്സ് എന്നിവയുടെ ഉല്പാദനം മെച്ചപ്പെടുത്തുന്നതിനായി ഉല്പാദന ക്ഷമതയ്ക്കനുസരിച്ച് ഇളവുകള്‍ നല്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ നിലവില്‍ ആവശ്യമായിവരുന്ന വര്‍ധിച്ച തോതിലുള്ള ഇറക്കുമതി കുറച്ചുകൊണ്ടുവരികയാണു ലക്ഷ്യം.
വൈദ്യോപകരണ മേഖല ആരോഗ്യ സംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഇന്ത്യയിലെ ഇപ്പോഴത്തെ വൈദ്യോപകരണ മേഖല 1100 യു.എസ്. ഡോളറിന്റേതാണ് എന്നാണു കണക്കാക്കപ്പെടുന്നത്. ആഗോള വൈദ്യോപകരണ വിപണിയുടെ 1.5% വരും, ഇത്.
ഈ രംഗത്തുള്ള ഇന്ത്യയുടെ സംഭാവന കോവിഡ്-19 മഹാവ്യാധിക്കാലത്തു ഗണ്യമായി ഉയര്‍ന്നു. വെന്റിലേറ്ററുകള്‍, ഐ.ആര്. തെര്‍മോ മീറ്ററുകള്‍, പി.പി.ഇ. കിറ്റുകള്‍, എന്‍-95 മാസ്കുകള്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍, ആര്.ടി.-പി,സി.ആര്. കിറ്റുകള്‍ എന്നിവ ഉല്പാദിപ്പിക്കുന്നതില് മികവു പുലര്‍ത്തി.
വൈദ്യോപകരണങ്ങളുടെ ആഭ്യന്തര ഉല്പാദനം പ്രോല്‍സാഹിപ്പിക്കുന്നതിനും ഇളവുകള്‍ നല്‍കിവരുന്നുണ്ട്. വൈദ്യോകപകരണ നിര്‍മാണ മേഖലയില്‍ വലിയ തോതിലുള്ള നിക്ഷേപം പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നുണ്ട്. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 2027-28 സാമ്പത്തിക വര്‍ഷം വരെ നീളുന്ന പദ്ധതിയുടെ ആകെ മുതല്‍മുടക്ക് 3420 കോടി രൂപയായിരിക്കും. പദ്ധതിക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്ക് വൈദ്യോപകരണങ്ങളുടെ വര്‍ധിത വില്പനയ്ക്ക് അഞ്ചു ശതമാനം സാമ്പത്തിക ഇളവ് അനുവദിക്കും. അഞ്ചു വര്‍ഷമാണ് ഇതുണ്ടാവുക.
ഇതിനായി അപേക്ഷിക്കാന്‍ രണ്ട് അവസരങ്ങള്‍ നല്‍കിയിരുന്നു. 42 അപേക്ഷകളാണ് ആകെ ലഭിച്ചത്. ഇതില്‍ 21 പേര്‍ക്ക് അനുമതി നല്കി. 1,058.97 കോടി രൂപയുടെ നിക്ഷേപവും 6411 തൊഴിലവസരങ്ങളുമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. 31 ഉല്പന്നങ്ങള്ക്കായുള്ള 13 പദ്ധതികള്‍ 2022 സെപ്റ്റംബറാകുമ്പോഴേക്കും ആരംഭിച്ചുകഴിഞ്ഞു. അതുവരെ 2892 പേര്‍ക്കു തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഔഷധ നിര്‍മാണത്തിനും ഉല്പാദനവുമായി ബന്ധപ്പെടുത്തിയുള്ള ഇളവു നല്‍കിവരുന്നുണ്ട്. ഉല്പാദന ക്ഷമതയും നിക്ഷേപവും വര്‍ധിക്കാന്‍ ഇതു സഹായകമാകും. മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ഈ മേഖലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയ വൈദ്യോപകരണ പ്രോത്സാഹന കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചതും വൈദ്യോപകരണങ്ങള്‍ക്കായുള്ള കയറ്റമുതി പ്രോല്‍സാഹന കൗണ്‍സില്‍ രൂപീകരിച്ചതും ഉള്‍പ്പെടെ നയപരമായ പല നാഴികക്കല്ലുകള്‍ സ്ഥാപിക്കാന്‍ സാധിച്ച വര്‍ഷവുമാണ് 2022 ഔഷധ വകുപ്പിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: