ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരം ജമ്മു കശ്മീരിൽ നിന്ന് ഏകദേശം 200ഓളം അഗ്നിവീരരെ തിരഞ്ഞെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഈ ആദ്യ ബാച്ചിലെ 200 പേരും ഇന്ത്യൻ സൈന്യത്തിൽ പരിശീലനത്തിനായി ചേർന്നു. ഇതോടെ ആദ്യ ബാച്ചിലെ ‘അഗ്നിവീരന്മാര്‍ 2022 അവസാനത്തോടെ ഇന്ത്യന്‍ സേനയിലേക്ക് എത്തുമെന്ന വാക്ക് കേന്ദ്രം പാലിച്ചിരിക്കുകയാണ്. 2023 പകുതിയോടെ പരിശീലനം പൂര്‍ത്തിയാക്കുന്ന ഇവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
ഫിസിക്കൽ ടെസ്റ്റുകൾ, മെഡിക്കൽ ടെസ്റ്റുകൾ, എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷമാണ് ഏകദേശം 200 ഉദ്യോഗാർത്ഥികളെ ജമ്മു കശ്മീരില്‍ നിന്നും തിരഞ്ഞെടുത്തത്. കശ്മീരിലെ സാംബ പ്രദേശത്ത് നിന്നുള്ളവരാണ് ഉദ്യോഗാര്‍ത്ഥികളില്‍ അധികവും. ഒക്ടോബര്‍22ന് സേന റിക്രൂട്ട്മെന്‍റ് ഓഫീസാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജമ്മു കശ്മീരിലെ പത്ത് പ്രവിശ്യകളില്‍ നിന്നും യുവാക്കള്‍ അഗ്നിപഥ് റിക്രൂട്ട്മെന്‍റില്‍ പങ്കെടുത്തിരുന്നു. സാംബ, കതുവ, ജമ്മു, ഉദംപൂര്‍, രജൗറി, പൂഞ്ച്, റിയാസി, റാംബന്‍, ദോഡ, കിഷ്ത്വാര്‍ എന്നീ പ്രവിശ്യകളില്‍ നിന്നുള്ളവരാണ് റിക്രൂട്ട്മെന്‍റിന് എത്തിയത്. ശ്രീനഗറിലെ ആർമി റിക്രൂട്ടിംഗ് ഓഫീസിൽ നിന്നും ഇന്ത്യൻ ആർമിയുടെ വിവിധ റെജിമെന്റുകളുടെ 30 പരിശീലന കേന്ദ്രങ്ങളിലേക്ക് ഇവരെ അയച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
ഉദ്യോഗാർത്ഥികൾ 2 പരിശീലനത്തിന് റിപ്പോർട്ട് ചെയ്ത് തുടങ്ങി. ഡിസംബര്‍ 31 വരെ റിപ്പോര്‍ട്ട് ചെയ്യാം. ജനുവരി 1 മുതലാണ് ഇവർക്ക് പരിശീലനം തുടങ്ങുക. യുവാക്കൾക്ക് സൈനിക സേവനത്തിന് അവസരമൊരുക്കുന്ന കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയാണ് അഗ്നിപഥ്. 17.5 വയസ്സ് മുതൽ 21 വയസ്സുവരെ പ്രായമുള്ളവർക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന പദ്ധതിയാണ് അഗ്നിപഥ്. പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമ സേനകളിലേക്ക് പദ്ധതി പ്രകാരം നിയമിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: