സാമ്പത്തിക സേവനങ്ങള്‍ ഉറപ്പാക്കും വിധം ദുര്‍ബല വിഭാഗങ്ങള്‍ക്കും താഴ്ന്ന വരുമാനമുള്ളവര്‍ക്കും താങ്ങാനാവുന്നതരത്തില്‍, സമയബന്ധിതമായി മതിയായ വായ്പ ലഭ്യമാക്കുന്നത് ലോകമെമ്പാടും സാമ്പത്തിക വളര്‍ച്ചയുടെയും ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന്റെയും പ്രധാന ചാലകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വ്യവസ്ഥാപിത ധനസഹായത്തിന്റെ ലഭ്യത തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സാമ്പത്തിക ആഘാതങ്ങള്‍ക്കുള്ള സാധ്യത കുറയ്‌ക്കാനും മനുഷ്യ മൂലധനത്തിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും സഹായകമാകും. പതിനേഴ് ഐക്യരാഷ്‌ട്രസംഘടനാ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍, സമൂഹത്തിലെ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഘടകമായി സാമ്പത്തികമായി എല്ലാവരെയും സഹായിക്കുന്നത് പരാമര്‍ശിച്ചിട്ടുണ്ട്.
2010-ല്‍, ജി 20 രാജ്യങ്ങള്‍ സാമ്പത്തിക ശാക്തീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സുഗമമാക്കുന്നതിനായി സാമ്പത്തികപദ്ധതികളില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുന്നതിനുള്ള ആഗോള പങ്കാളിത്തത്തിന് (ജിപിഎഫ്‌ഐ) അംഗീകാരം നല്‍കി. സേവനം ഒട്ടും ലഭിക്കാത്തതോ പരിമിതമായി മാത്രം ലഭിക്കുന്നതോ ആയ വ്യക്തികള്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ഊന്നല്‍ നല്‍കിയായിരുന്നു ഇത്.
2011-ല്‍, ജി 20 നേതാക്കള്‍ പണമയയ്‌ക്കാനുള്ള ചെലവ് കുറയ്‌ക്കാനുള്ള പ്രതിബദ്ധത വെളിപ്പെടുത്തി. ഡിജിറ്റല്‍ സാമ്പത്തികരംഗം ശാക്തീകരിക്കുന്നതിനുള്ള ഉന്നതതല ആശയങ്ങള്‍ 2016-ല്‍ വികസിപ്പിച്ചെടുത്തത് ഡിജിറ്റല്‍ പരിവര്‍ത്തനപാതയിലുള്ള രാജ്യങ്ങള്‍ക്ക് വഴികാട്ടിയാണ്. ഇന്ത്യയില്‍, സാമ്പത്തികസഹായ പദ്ധതികളില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുന്നതിനുള്ള നയങ്ങളില്‍ സേവനം ലഭ്യമല്ലാത്തതും കുറഞ്ഞതുമായ മേഖലകളിലേക്ക് ബാങ്ക് ശാഖാ ശൃംഖലകള്‍ വ്യാപിപ്പിക്കല്‍, വായ്പാ വിപണികളാല്‍ ഒഴിവാക്കപ്പെടുന്ന സാമൂഹിക വിഭാഗങ്ങള്‍ക്കു വായ്പ ലഭ്യമാക്കല്‍, ലീഡ് ബാങ്ക് പദ്ധതിയുടെ സമാരംഭം, സ്വയം സഹായ സംഘങ്ങളെയും സംയുക്ത ബാധ്യതാ സംഘങ്ങളെ(ജെഎല്‍ജി)യും പ്രോത്സാഹിപ്പിക്കല്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (കെസിസി), ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ (ബിഎസ്ബിഡിഎ) എന്നിവ ആരംഭിക്കല്‍, ഇടപാടു പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിനിധികള്‍ വഴി സേവനം മെച്ചപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്നു.
വിപുലീകൃത സേവനങ്ങളുടെ കീഴില്‍ എല്ലാ വീട്ടുകാര്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുന്നതിനുള്ള പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) പരിപാടിയുടെ ആരംഭം ഒരു നിര്‍ണായക നിമിഷമായിരുന്നു. 2014 ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പിഎംജെവൈ പ്രഖ്യാപിച്ചു. 2014 ഓഗസ്റ്റ് 28-ന് പരിപാടി ഉദ്ഘാടനം ചെയ്യവേ, ദരിദ്രരുടെ മോചനം ആഘോഷിക്കുന്നതിനുള്ള ഉത്സവമായാണ് പ്രധാനമന്ത്രി ഈ അവസരത്തെ വിശേഷിപ്പിച്ചത്. ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ, ജാം (ജന്‍ധന്‍, ആധാര്‍, മൊബൈല്‍) ത്രിത്വം സാമ്പത്തികശാക്തീകരണത്തില്‍ വലിയ മാറ്റം വരുത്തുകയും സൗകര്യപ്രദവും സുരക്ഷിതവും സുതാര്യവും താങ്ങാനാവുന്നതുമായ രീതിയില്‍ ഡിജിറ്റല്‍ പേയ്മെന്റുകളുടെ സാര്‍വത്രികവല്‍ക്കരണം സാധ്യമാക്കുകയും ചെയ്തു. മഹാവ്യാധി സമയത്ത്, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) മുഖേന ദുര്‍ബല വിഭാഗങ്ങള്‍ക്ക് യഥാസമയം ആശ്വാസം നല്‍കിയപ്പോള്‍, നിലനില്‍പിനുള്ള ജാം സംവിധാനത്തിന്റെ ശേഷി പരീക്ഷിക്കപ്പെട്ടു.
ആര്‍ക്കാണോ സേവനം ലഭ്യമാക്കേണ്ടത് അവരിലേക്ക് എത്തുന്നതിലുള്ള തടസം മറികടക്കുന്നതിനായി യുപിഐ, ആധാര്‍, ജിഎസ്ടിഎന്‍, ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി), അക്കൗണ്ട് അഗ്രിഗേറ്റേഴ്സ് (എഎ) തുടങ്ങിയ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകോത്തര പേയ്മെന്റ് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഇതിനായി സംരംഭങ്ങള്‍ക്കു വായ്പ നല്‍കുന്നതിനായി ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തിക വിവരങ്ങള്‍ പങ്കുവെക്കുന്നുമുണ്ട്.
ഡിജിറ്റൈസ് ചെയ്ത ഭൂരേഖകള്‍ സമന്വയിപ്പിക്കുന്ന ഫിന്‍ടെക് സൊല്യൂഷനുകള്‍ കര്‍ഷകര്‍ക്ക് തടസ്സങ്ങളില്ലാത്ത വായ്പ ലഭ്യമാക്കുന്നു. ഉപഭോക്താക്കള്‍ ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ തിരിച്ചറിയല്‍ പ്രക്രിയ (വി-സിഐപി) അവതരിപ്പിച്ചു. ഉത്തരവാദിത്തപൂര്‍ണമായ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനായി, ചെറുതുക അടവുകള്‍ക്കും വിദേശ ഇടപാടുകള്‍ക്കും എംഎസ്എംഇ വായ്പകള്‍ക്കുമായി റെഗുലേറ്ററി സാന്‍ഡ്ബോക്സ് കോഹോര്‍ട്ടുകള്‍ ആര്‍ബിഐ സ്ഥാപിച്ചിട്ടുണ്ട്. ഇടപാടിനുള്ള ചെലവുകളും വിവര അസമത്വവും കുറയ്‌ക്കുന്നതിലൂടെ പൊതുവെയും, അതോടൊപ്പം എംഎസ്എംഇകള്‍, ചെറുകിട നാമമാത്ര കര്‍ഷകര്‍ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തില്‍ വിശേഷിച്ചും, സാമ്പത്തിക പദ്ധതികളിലും പ്രക്രിയയിലും പങ്കാളിത്തം കൊണ്ടുവരുന്നതിനുള്ള പരമ്പരാഗത തടസ്സങ്ങള്‍ പരിഹരിച്ച് സാമ്പത്തികശാക്തീകരണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഡിജിറ്റല്‍ നവീകരണങ്ങള്‍ക്ക് കാര്യമായ പങ്ക് വഹിക്കാനാകും.
അജയ് സേത്ത്, മിഖായേല്‍ ദേബബ്രത പത്ര
(അജയ് സേഥ് കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലെ സാമ്പത്തിക കാര്യവകുപ്പ് സെക്രെട്ടറിയും ഡോ. മൈക്കല്‍ ഡി പത്ര റിസേര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: