തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം പാര്‍ട്ടി യോഗത്തില്‍ ഉന്നയിച്ചതിനു പിന്നാലെ, പി. ജയരാജനെതിരെ പരാതി പ്രളയം. ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനുകളില്‍ പി.ജയരാജന് ബന്ധമുണ്ടെന്നും ഇത് കണ്ടെത്തണമെന്നുമാണ് പരാതികളില്‍ ആവശ്യപ്പെടുന്നത്.
കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ ജയരാജന്‍ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സി.പി.എമ്മിന് പരാതി ലഭിച്ചതായാണ് വിവരം. പി.ജെ ആര്‍മിയും തുടക്കം മുതല്‍ മറ്റ് നേതാക്കള്‍ക്ക് കണ്ണിലെ കരടായിരുന്നു. പാര്‍ട്ടിക്കും മുകളില്‍ ഒരു നേതാവ് വളരുന്നത് അംഗീകരിക്കാനാകില്ലെന്നും, ഒരു നേതാവിനും വേണ്ടി പ്രത്യേക ആര്‍മി ഒന്നും വേണ്ടെന്നുമുള്ള നിലപാടായിരുന്നു തലമുതിര്‍ന്ന നേതാക്കള്‍ മുന്‍പ് വാദിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജനെതിരെ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ, രേഖാമൂലം ഇപി ജയരാജനെതിരെ പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നാണ് എംവി ഗോവിന്ദന്‍ അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: