ന്യൂദല്‍ഹി : എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റിഅംഗവുമായ ഇ.പി. ജയരാജനെതിരെ സിപിഎം നേതാവ് പി. ജയരാജന് ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേന്ദ്ര കമ്മിറ്റി വിവരം തേടി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോടാണ് കേന്ദ്ര കമ്മിറ്റി വിശദീകരണം തേടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോയോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇപി ജയരാജനെതിരെ അന്വേഷണത്തിന് പോളിറ്റ് ബ്യൂറോയുടെ അനുമതി വേണം. ഇക്കാര്യം നേതാക്കള്‍ സംസംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ട്്. പി. ജയരാജന് ഇ.പി. ജയരാജനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ പോളിറ്റ് ബ്യൂറോയില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് കൂടുതല്‍ സാധ്യത. ഇ.പി. ജയരാജനെതിരായ പരാതിയില്‍ പാര്‍ട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. ആരോപണമുന്നയിച്ച പി. ജയരാജന് രേഖാമൂലം പരാതി നല്കിയാല് അന്വേഷണ കമ്മിഷനെ നിയോഗിക്കും.
ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന് അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്നാണ് പി. ജയരാജന്റെ ആരോപണം. പാര്‍ട്ടി പദവിയുടെ മറവിലാണ് ഇ.പി. കോടിക്കണക്കിന് സ്വത്തുക്കള്‍ സമ്പാദിച്ചതെന്നും ജയരാജന്റെ ആരോപണങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ വ്യക്തിപരമായി ഇക്കാര്യത്തില്‍ ആരോപണമൊന്നുമുന്നയിച്ചിട്ടില്ലെന്നും ഉള്‍പാര്‍ട്ടി സമരത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ നടന്നതെന്നും പി. ജയരാജന് കണ്ണൂരില്‍ വ്യക്തമാക്കി.
തനിക്ക് റിസോര്‍ട്ടുമായി ബന്ധമൊന്നുമില്ലെന്നായിരുന്നു ഇപി പ്രതികരിച്ചത്. മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗമായ തന്നെ തഴഞ്ഞ് എം.വി. ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കിയത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇപി എതിര്‍പ്പിലാണ്. കണ്‍വീനറായിട്ട് കൂടി എല്‍ഡിഎഫിന്റെ രാജ്ഭവന്മാര്ച്ചില് നിന്ന് അദ്ദേഹം വിട്ടുനിന്നു. ആരോഗ്യപ്രശ്നങ്ങളാള്‍ ലീവെടുത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും തൃശൂരില്‍ നടന്ന കിസാന്‍സഭാ അഖിലേന്ത്യാസമ്മേളനത്തില്‍ ഇപി ജയരാജന് മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. വി.എസ്- ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശക്തനായിരുന്ന സിപിഎം നേതാക്കളില്‍ ഒരാളായിരുന്നു. ഇ.പി. ജയരാജന്.
അതിനിടെ ഇപി ജയരാജനുമായി ബന്ധപ്പെട്ട മൊറാഴയിലെ വൈദേഹം ആയുര്‍വേദ റിസോട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന കളക്ടര്‍ക്ക് നല്കിയ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന് പരാതിക്കാരനായ ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറിയുമായ സജിന്‍.
റിസോര്‍ട്ട് നിര്‍മാണത്തിനായി പ്രദേശത്ത് നിയമലംഘനങ്ങള്‍ നടക്കുന്നുവെന്ന് മനസിലായതോടെയാണ് പ്രശ്നത്തില്‍ പരിഷത്ത് ആദ്യമായി ഇടപെട്ടത്. പരിഷത്ത് റിസോര്‍ട്ടിനെതിരെ സമരം ചെയ്തെങ്കിലും മൊറാഴയിലെ ആയുര്‍വേദ റിസോട്ടിന് സഹായകരമായ നിലപാടാണ് തഹസില്‍ദാര്‍ സ്വീകരിച്ചത്.
പുഴയോട് ചേര്‍ന്നുള്ള കുന്നുകളാണ് ഉടുപ്പ പ്രദേശത്തുള്ളത്. ഉടുപ്പ കുന്ന് ഇടിച്ചാല്‍ പ്രദേശത്ത് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകും. മണ്ണെടുത്ത് തുടങ്ങിയതോടെ ഇക്കാര്യം പ്രദേശവാസികളാണ് ആദ്യമായി പരിഷത്തിനെ അറിയിക്കുന്നത്. അന്ന് പരിഷത്ത് വിഷയത്തില്‍ ഇടപെടുമ്പോള്‍ ഇ.പി. ജയരാജന് മുന്‍ കൈ എടുത്തുള്ള റിസോര്‍ട്ട് ആണെന്ന് അറിയില്ലായിരുന്നു. പിന്നീട് ചില ഇടപെടല്‍ മറുഭാഗത്ത് നിന്നും അത്തരത്തില്‍ ഉണ്ടായി.
കളക്ടര്‍ക്ക് പരാതി നല്‍കിയതോടെ തഹസില്‍ദാറോട് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ സമരം നടന്നിട്ടും പ്രദേശവാസികളുടെ എതിര്‍പ്പുണ്ടായിരുന്നിട്ടും റിസോര്‍ട്ടിനെതിരെ പ്രതിഷേധമില്ലെന്നാണ് അന്നത്തെ തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്നും സജിന്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകനായിരുന്ന സജിനെ പരാതി നല്‍കിയതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. തനിക്കിപ്പോള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സജിനും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: