Categories: Main Article

ക്രിസ്മസ് നല്‍കുന്ന സന്ദേശം

'അപ്പോളോ15' എന്ന റോക്കറ്റിലൂടെ സഞ്ചരിച്ച് ചന്ദ്രനിലെത്തിയ അമേരിക്കക്കാരനായ ജെയിംസ് ഇര്‍വിന്‍ അവിടെയെത്തിയശേഷം ഇങ്ങനെ പറഞ്ഞു: 'മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയത് ഒരു മഹാസംഭവമായി ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനെക്കാള്‍ എത്രയോ ആശ്ചര്യകരമായ സംഭവമാണ് ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യനായി ലോകത്തില്‍ അവതരിച്ചു എന്നുള്ളത്.'

Published by

റവ. ജോര്‍ജ് മാത്യു പുതുപ്പള്ളി

നുഷ്യാവതാരം വഴി നിത്യനായ ദൈവം സ്‌നേഹത്തിന്റെ സര്‍വശക്തിയോടും ചൈതന്യത്തോടും കൂടി മാനവജീവിതത്തിലേക്കു പ്രവേശിച്ചതിന്റെ അനുസ്മരണമാണ് ക്രിസ്മസ്. മനുഷ്യജീവിതത്തിലേക്കുള്ള ദൈവത്തിന്റെ പ്രവേശനം സാധാരണ പ്രക്രിയയേക്കാളുപരി ദൈവികപ്രവൃത്തിയായിരിക്കുന്നത് എത്രയോ അത്ഭുതകരമാണ്. ‘അപ്പോളോ15’ എന്ന റോക്കറ്റിലൂടെ സഞ്ചരിച്ച് ചന്ദ്രനിലെത്തിയ അമേരിക്കക്കാരനായ ജെയിംസ് ഇര്‍വിന്‍ അവിടെയെത്തിയശേഷം ഇങ്ങനെ പറഞ്ഞു: ‘മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയത് ഒരു മഹാസംഭവമായി ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനെക്കാള്‍ എത്രയോ ആശ്ചര്യകരമായ സംഭവമാണ് ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യനായി ലോകത്തില്‍ അവതരിച്ചു എന്നുള്ളത്.’

ആഹ്ലാദപൂര്‍ണ്ണമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ കഷ്ടതയിലും ദാരിദ്യത്തിലും രോഗത്തിലും നിരാശയിലും കഴിയുന്നവര്‍ക്കു വേണ്ടിയുള്ള യേശുകര്‍ത്താവിന്റെ ആഹ്വാനം അവഗണിക്കുവാനിടയായാല്‍ അത് ശോകാത്മകമായ അനുഭവമായിരിക്കും.

‘ഈ ചെറിയവനില്‍ ഒരുവന് നിങ്ങള്‍ ചെയ്യുന്നത് എനിക്കാണു ചെയ്യുന്നത്’ എന്നത്രെ നമ്മുടെ അരുമനാഥന്‍ അരുളിച്ചെയ്തിരിക്കുന്നത്. ആട്ടിടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍പറ്റത്തെ കാവല്‍കാത്തു കിടന്നപ്പോഴാണ് ദൈവദൂതന്‍ അവര്‍ക്കു പ്രത്യക്ഷനായി യേശുവിന്റെ ജനനവാര്‍ത്ത അറിയിച്ചത്. ‘ദൂതന്‍ അവരോട് : ഭയപ്പെടേണ്ട, സര്‍വജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന്  ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അടയാളമോ, ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും എന്നു പറഞ്ഞു. പെട്ടെന്ന് സ്വര്‍ഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേര്‍ന്ന് ദൈവത്തെ പുകഴ്‌ത്തി. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം എന്നു പറഞ്ഞു’  

(ലൂക്കൊസ് 2:10..14). വിശ്വസ്തതയോടും സംതൃപ്തിയോടുംകൂടി ചുമതല നിര്‍വഹിക്കുന്നവര്‍ക്കു മാത്രമേ മാലാഖമാരുടെ സാമീപ്യവും ദൈവസാന്നിദ്ധ്യത്തെക്കുറിച്ചുള്ള നിശ്ചയവും അനുഭവപ്പെടുകയുള്ളൂ. അലസന്മാര്‍ക്കും അഹങ്കാരികള്‍ക്കും ദിവ്യദര്‍ശനങ്ങള്‍ ഉണ്ടാകുകയില്ല.

‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം’ എന്ന സന്ദേശമാണല്ലോ മാലാഖയില്‍ നിന്ന് ഇടയന്മാര്‍ ശ്രവിച്ചത്. അതുകൊണ്ട്  വ്യക്തികളും കുടുംബങ്ങളും സമൂഹവും സഭകളും രാഷ്‌ട്രങ്ങളും ദൈവസ്‌നേഹത്തിന്റെ സ്വാധീനത്തിനു സ്വയം വിധേയമാക്കപ്പെടുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ശാന്തിയും സമാധാനവും സന്തോഷവും കൈവരുകയുള്ളൂ. അദൃശനായ ദൈവത്തിന്റെ സ്വഭാവം മനുഷ്യനു മനസിലാവത്തക്ക വിധത്തില്‍ വെളിപ്പെടുത്തിത്തരുന്നതിനാണ് യേശുക്രിസ്തു അവതാരം ചെയ്തത്. തന്റെ പാപരഹിതമായ ജീവിതത്തിലും ബലിമരണത്തിലും യേശുക്രിസ്തു മനുഷ്യന് പാപമോചനത്തിന്റെയും സമൃദ്ധിയായ ജീവന്റെയും സന്തോഷം പ്രദാനം ചെയ്തു. മനുഷ്യന്‍ ദൈവത്തോടുകൂടെ ജീവിക്കേണ്ടതിനു ദൈവം ക്രിസ്തുവില്‍ മനുഷ്ടനോടുകൂടെ വസിച്ചു.

വിപുലമായ ക്രിസ്മസ് ആഘോഷങ്ങളില്‍ യേശുവിനെയും അവിടുന്ന് കാണിച്ചുതന്ന ദൈവസ്‌നേഹത്തെയും വിസ്മരിക്കുന്നുവെങ്കില്‍ അതു വലിയൊരു വൈരുദ്ധ്യമായിരിക്കും. സ്‌നേഹം, ഐക്യം, ദയ, പരോപകാരം, സമാധാനം, ക്ഷമ, മതസൗഹാര്‍ദം എന്നീ ഗുണങ്ങള്‍ മനുഷ്യന്‍ പ്രാവര്‍ത്തികമാക്കാന്‍ ക്രിസ്മസ് ആഹ്വാനം ചെയ്യുന്നു. ദേഷ്യം, പക, വെറുപ്പ്, നിഗളം, അസഹിഷ്ണുത, അസൂയ, വര്‍ഗീയത, മ്ലേശ്ചത എന്നിവ ഹൃദയത്തില്‍ വാഴുമ്പോള്‍ സമാധാനപ്രഭുവായ യേശുവിനു അവിടെ വസിക്കുവാന്‍ കഴിയുകയില്ല. യേശുകര്‍ത്താവിന്റെ ലാളിത്യവും ക്രിയാത്മകമായ ദൈവസ്‌നേഹത്തിന്റെ ശക്തിയും ക്രിസ്മസില്‍ എല്ലാവരിലും വെളിപ്പെടുവാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by