Categories: Article

സംസ്കാരികഹിന്ദുത്വം പറയുമ്പോൾ മതാത്മകഹിന്ദുത്വത്തെ റദ്ദ് ചെയ്യേണ്ടതുണ്ടോ?

Published by

കഴിഞ്ഞ കുറേകാലങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന, വഴി തെറ്റിക്കുന്ന വായ്‌ത്താരി ആണ്, ‘ഹിന്ദുത്വത്തിന് മതാത്മകസ്വഭാവം ഇല്ല, ഹിന്ദുത്വം ഒരു സംസ്കാരം മാത്രമാണ്’ എന്നത്.  സുപ്രീം കോടതിയും അങ്ങനെ പറഞ്ഞിട്ടുണ്ടത്രേ.

ഇങ്ങനെയുള്ള സോദ്ദേശ്യമായ വിളംബരങ്ങളെ ഏറ്റുപാടുന്നവർക്ക് മതാത്മകതയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും സ്വന്തമായി ഒരു ധാരണയില്ല എന്നതാണ് വാസ്തവം. സംസ്കാരികഹിന്ദുത്വം പറയുമ്പോൾ, ഹിന്ദുത്വത്തിനു മതാത്മകതയില്ല എന്നു പ്രഖ്യാപിച്ചു മതാത്മകഹിന്ദുത്വം റദ്ദ് ചെയ്യപ്പെടേണ്ടതുണ്ടോ?

സംസ്കാരവും മതാത്മകതയും

സംസ്കാരവും മതാത്മകതയും തമ്മിലുള്ള വ്യത്യാസമോ ബന്ധമോ ഈ ‘ചിന്തകർക്ക്’ വ്യക്തമായിട്ടില്ല എന്നു തോന്നുന്നു.

Culture അഥവാ സംസ്കാരം എന്നത് വിശാലമായ ഒരു ഭൂമികയാണ്. അതിൽപ്പെട്ടതാണ് Religion അഥവാ മതം എന്നത്.

മതം മാത്രമല്ല, സംസ്കാരത്തിന്റെ ഭാഗമായി നിൽക്കുന്നത്. കൃഷി, ഭാഷ, ,ഈണം, താളം, ഭക്ഷണരീതി, ഉടുപ്പ്, നടപ്പ്, കല, സാഹിത്യം, നിർമിതി തുടങ്ങി സകലമാന വ്യവഹാരങ്ങളിലും സംസ്കാരമുണ്ട്.  എന്നാൽ സംസ്കാരത്തിന്റെ ഘടകങ്ങൾ ആയി വർത്തിക്കുന്ന മതം, ഭാഷ, വേഷം തുടങ്ങിയ എല്ലാ Cultural Elements ന്റെയും Cultural Value (സാംസ്‌ക്കാരിക മൂല്യം) വ്യത്യസ്തവുമാണ്.

മേൽപറഞ്ഞ എല്ലാറ്റിലും വെച്ചു ഏറ്റവും സാംസ്‌ക്കാരികമൂല്യംകൂടിയ Cultural Element  മതം തന്നെ ആണ് 

അബ്രഹാമിക കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ടതു മാത്രമോ, ആ ചട്ടക്കൂട് ഉളളത് മാത്രമോ, അല്ല മതം.

മതം എന്ന ആശയം 100%  സെമിറ്റിസിസം മാത്രമാണ് അല്ലെങ്കിൽ Semitic Religion എന്നതിന്റെ തർജമയാണ് മതം എന്നിങ്ങനെയുള്ള ബോധനം ദുരുദ്ദേശപരമാണ്.

ഏതെങ്കിലും തരത്തിൽപ്പെട്ട ദൈവവിശ്വാസവും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളും സംസ്കാരത്തിന്റെ ഘടകമായി പരിഗണിക്കപ്പെടേണ്ടുന്ന മതം തന്നെ ആണ്.

സെമിറ്റിക് ചട്ടക്കൂടിനുള്ളിൽ നിൽക്കുന്നത് മാത്രമല്ല മതം. അതിനു പുറത്തും നൂറുകണക്കിനു മതമുണ്ട്.

സെമിറ്റിക് ചട്ടക്കൂടിനു അകത്ത് നിൽക്കാത്തത് കൊണ്ടു ഹിന്ദുത്വത്തിനു മതാത്മകസ്വഭാവമില്ല എന്ന ആശയപ്രചാരണം, മതത്തിന്റെ സ്ഥാനത്ത് ഏതെങ്കിലും സെമിറ്റിക് മതങ്ങളെ ഹിന്ദുസമൂഹം പുൽകുന്നതിൽ കുഴപ്പമില്ല എന്നോ പുൽകേണ്ടതാണ് എന്നോ ഉള്ള പ്രഖ്യാപനം കൂടിയാണ്,

മതം, സംസ്കാരത്തിന്റെ പ്രധാനഘടകമാണ്;

ഹിന്ദുത്വത്തിന്റെ മതാത്മകത നിഷേധിക്കത്തക്കതുമല്ല.

മതം എന്നതിനു അഭിപ്രായം എന്നാണ് അർത്ഥം..

സ്വജീവിതത്തിൽ ‘പ്രായോഗികമായി പിൻപറ്റുന്ന വിശ്വാസവഴി’ എന്ന് അതിനെ വിസ്തരിക്കണം.

മതത്തെയും സംസ്കാരത്തെയും ഇങ്ങനെയും മനസ്സിലാക്കാം – ക്ഷേത്രപദ്ധതികളെ പിൻപറ്റിയുള്ള വിവിധതരം ആരാധനകളോ  അതുമല്ലെങ്കിൽ ശിവരാത്രിവ്രതം തുടങ്ങിയവയോ ഒക്കെയും ഈ നാടിന്റെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് . എന്നാൽ അവ സംസ്കാരത്തിന്റെ ഭാഗമാകുന്നത്, സംസ്കാരത്തിന്റെ ഒരു പ്രധാനഘടകമായ മതാത്മകതയുടെ ഭാഗം ആകുന്നത് കൊണ്ടു മാത്രമാണ്.

ഒന്നുകൂടി വ്യക്തമാക്കിയാൽ,.

തന്ത്രിമാരും പൂജാരിമാരും സന്യാസിമാരും ഒക്കെ ഒക്കെ സാംസ്കാരികധാരയുടെ ഭാഗമാണ്. അവർ അതിന്റെ ഭാഗമായിരിക്കുന്നത് മതാത്മകതയുടെ ഭാഗമായത് കൊണ്ടാണ്. അവർ ആദ്യം മതാചാര്യന്മാരാണ്. അതിൽ പിന്നെ സാംസ്കാരികനായകരും.

നാടൻപാട്ടുകലാകാരന്മാരും വാദ്യകലാകാരന്മാരും ഒക്കെ സാംസ്‌ക്കാരികധാരയുടെ ഭാഗമായിരിക്കുന്നത്, നേരിട്ട് മതാത്മകതയുടെ ഭാഗമായത് കൊണ്ടല്ല, അവർ പരമ്പരാഗത ഈണത്തിന്റെയും താളബോധത്തിന്റെയും നൈരന്തര്യം പേറുന്നത് കൊണ്ടാണ്.

ചുരുക്കത്തിൽ ദൈവവിശ്വാസപരമായ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ഉള്ളിടത്തോളം ഹിന്ദുത്വത്തിന്റെ മതാത്മകത നിരാകരിക്കത്തക്കതല്ല.

ഹിന്ദുത്വത്തിൽ മതാത്മകതയ്‌ക്ക് ഭിന്നമുഖത്വം ഉണ്ട് എങ്കിലും, ഇവിടെ സാംസ്‌ക്കാരികഹിന്ദുത്വം ഉണ്ട് എന്നത് പോലെ യാഥാർഥ്യമാണ് മതാത്മകഹിന്ദുത്വവും ഉണ്ട് എന്നത്.

കുറേക്കാലമായി “സാംസ്കാരികഹിന്ദുത്വത്തെ”, മതാത്മകഹിന്ദുത്വത്തിന്റെ നിരാകരണത്തിനായി തെറ്റിദ്ധരിപ്പിക്കാനായി,  തെറ്റായി പ്രചരിപ്പിച്ചു പോന്നതിന്റെ ഫലമായി, പ്രായോഗികതലത്തിൽ അതിനനുസരിച്ച് നിലപാടുകൾ രൂപപ്പെട്ടു വരുന്നത് കൊണ്ടു, നിരവധി ദുരന്തങ്ങൾ ആണ് മതാത്മകഹിന്ദുത്വം അനുഭവിക്കേണ്ടി വരുന്നത്.

ജീവിതത്തിൽ, ഹിന്ദുസംസ്കാരത്തിന്റെ ഏതെങ്കിലും അംശം മാത്രം ഉണ്ടെങ്കിലും ഹിന്ദു ആകുമോ?

മതാത്മകഹിന്ദുത്വത്തിന്റെ പിൻപറ്റൽ ഇല്ലെങ്കിലും ഹിന്ദുസംസ്കാരത്തിന്റെ ഏതെങ്കിലും അംശം മാത്രം ജീവിതത്തിന്റെ ഭാഗമായി ഉണ്ടെങ്കിൽ ഹിന്ദു ആകുമോ?

ആകും എന്നാണു സാംസ്കാരികഹിന്ദുത്വമാത്രവാദികൾ ഇപ്പോൾ പറഞ്ഞു പോരുന്നത്.

സംസ്കാരവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരംശവുമായി സാമ്യം ഉണ്ടെങ്കിൽ പോലും അത്തരക്കാരും ഹിന്ദുക്കൾ ആണ് എന്നത് വാദത്തിന് സമ്മതിച്ചേക്കാം. എന്നാൽ ഈ വിധത്തിൽ ഹിന്ദുലേബൽ നേടുന്നവർ, ആ ഹിന്ദു ലേബൽ ദുരുപയോഗം ചെയ്ത് അടുത്ത ക്ഷണത്തിൽ ചെയ്യുന്നത്, അവർക്ക് പുലബന്ധം ഇല്ലാത്ത മതാത്മകഹിന്ദുത്വത്തിന്റെ സവിശേഷതകളായ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്താനും ജഡ്ജിയായി തീർപ്പു കൽപിക്കാനുമാണ്. ഇതൊരുതരം തട്ടിപ്പാണ്.

സാംസ്കാരികഹിന്ദുത്വത്തെ സംബന്ധിച്ചിടത്തോളം തന്നെ ഇത്തരത്തിൽ എല്ലാവരും ഹിന്ദുക്കളാണ് എന്നിങ്ങനെ ഒരു ബ്ലാങ്ക് ചെക്ക് നൽകുന്നത് അബദ്ധമാണ്. സാമ്യതകളുടെ Cultural Value പരിശോധിക്കാതെയുള്ള ‘ബുദ്ധിജീവിമന്യത’ മാത്രമാണത്.

ഇത്തരത്തിൽ കൂട്ടിക്കുഴച്ച് സാധാരണക്കാരെ വിഭ്രമിപ്പിച്ചു കൊണ്ടുളള നീക്കങ്ങളിലൂടെയുള്ള ഹിന്ദുലേബലിൽ തന്നെയാണ്  ‘ശബരിമല യുവതീപ്രവേശനനിഷേധം’ എന്ന മതാത്മകഹിന്ദുവിന്റെ വിഷയത്തെ മതാത്മക ഹിന്ദുത്വത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ ഇത്തരക്കാർ  വികലമായി കൈകാര്യം ചെയ്തത്.

എന്നാൽ മതാത്മകഹിന്ദുത്വം എന്താണെന്ന്, ശബരിമല സമരക്കാലത്ത് ഇത്തരക്കാർക്കും ബോധ്യപ്പെടാൻ സാഹചര്യമുണ്ടായി.

മതാത്മകഹിന്ദുത്വനിരാകരണത്തിൽ മുഴച്ചു നിൽക്കുന്ന പ്രതിലോമകത

വസ്തുതാപരമായി നിലനിൽക്കുന്ന ഒരു കാര്യത്തെ നിരാകരിച്ചു, ഹിന്ദുവിന് മതാത്മകതയില്ല, ഹിന്ദുത്വം എന്നത് സംസ്കാരം മാത്രമാണ് എന്നിങ്ങനെ ഒരു ബോധനപദ്ധതി ചിട്ടപ്പെടുത്തിയത്, കുൽസിതതാത്പര്യത്തോടെ തന്നെയാണ്. വിശ്വാസപരമായ ആചാരങ്ങളിൽ ഒരു പുലബന്ധവും ഇല്ലാത്ത ചിലർക്ക്, (Practicing Hindu അല്ലാത്ത ചിലർക്ക്),

മതപരമായ കാര്യങ്ങളിൽ അഭിപ്രായവും നിർണയവും നടത്തേണ്ട മതാചാര്യന്മാരുടെ റോളും സ്വാധീനവും റദ്ദ് ചെയ്യുന്നതിനും അവരെ മറി കടന്നു വിശാലമായ ‘സാംസ്‌ക്കാരിക ഹിന്ദു” ഭൂമികയിൽ നിലയുറപ്പിച്ചു മതാത്മകഹിന്ദുത്വത്തിൽ “ഇടപെടലുകൾ” നടത്തുന്നതിനും അജണ്ടകൾ നടപ്പിലാക്കുന്നതിനും ഉള്ള “ആധികാരികത”, ഉണ്ടാക്കിയെടുക്കൽ ആണ് “മതാത്മകഹിന്ദുത്വം ഇല്ല” എന്ന പ്രചാരണങ്ങളിലൂടെ ലക്ഷ്യം വെച്ചത്.

ഇതേ മട്ടിൽ സാംസ്കാരികഹിന്ദുത്വത്തിന്റെ പേരിൽ, മതാത്മകഹിന്ദുത്വത്തിനു ആഘാതം സൃഷ്ടിച്ച മറ്റൊരു ആഖ്യാനമാണ് “33 കോടി ദേവതമാരുടെ കൂട്ടത്തിൽ ഒരു യേശു കൂടി കൂട്ടിയാലും ഞങ്ങൾക്ക് സ്വീകാര്യൻ ആണ് ” എന്ന പ്രചാരണം.

മതാത്മകഹിന്ദുത്വത്തിൽ 33 കോടി ദേവതമാരുടെ കൂട്ടത്തിൽ യേശു എന്ന ഒരാളെക്കൂടി ഉൾക്കൊള്ളുന്നത് അപ്രസക്തമാണ്.

അങ്ങനെ ഒരാൾക്ക് ഉള്ള ആചാരാനുഷ്ഠാനങ്ങളും അപ്രസക്തമാണ്.

ഇപ്രകാരം അറിഞ്ഞോ അറിയാതെയോ  സാംസ്കാരികഹിന്ദുത്വവാദത്തിന്റെ പേരിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്,  മതാത്മകഹിന്ദുത്വത്തെ ദുർബലപ്പെടുത്തുവാനും പരമതപാരമ്പര്യങ്ങളെ പുല്കുവാനുമുള്ള ആശയമാണ്.

ചുരുക്കത്തിൽ ഇവർ പറയുന്നത്, ‘മതാത്മകഹിന്ദുത്വം ഇല്ലാത്തത്’ കൊണ്ട്, നിങ്ങൾ ക്രിസ്തുമസ് തുടങ്ങിയവ ആചാരത്തിന്റെ ഭാഗമാക്കുന്നതിൽ കുഴപ്പമൊന്നും ഇല്ല,

സംസ്കാരം ഭാരതീയമായാൽ മതി എന്നാണ്.

നിങ്ങൾക്ക് സ്വന്തമായി മതം ഇല്ലാത്തത് കൊണ്ടു ജിഹാദിസമോ ക്രിസ്തീയതയോ പരമതമായി തീരുന്നില്ല എന്ന ലോജിക്കാണ് ഇവിടെ പ്രവർത്തിപ്പിക്കുന്നത്.

ഏക പോംവഴി

അങ്ങേയറ്റം പ്രതിലോമകരമായ ഈ ബോധനത്തിനു കുട പിടിക്കുന്നത്, ‘കാന്താര’യെ പുകഴ്‌ത്തുന്നവരുമാണ് എന്നത് രസകരമായ ഒരു വസ്തുതയായി തോന്നുന്നു..

‘കാന്താര’, മതാത്മകഹിന്ദുത്വത്തിന്റെ വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കുന്ന സിനിമയാണ്. മതാത്മകധാരകളിൽ പ്രമുഖമായത് കൊണ്ടാണ് അത് സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്നത്.

കാന്താരയെ പുകഴ്‌ത്തുന്നവർ അടുത്ത ദിവസം തെയ്യക്കോലങ്ങളെ റോഡിൽ കാഴ്ചക്കോലങ്ങളായി നിർത്തി മതിപ്പു കെടുത്തുകയാണ്. തൊട്ടടുത്ത ദിവസം ക്രിസ്തുമസ് തുടങ്ങിയവ ആചരിക്കാൻ – ആഘോഷിക്കാൻ ആഹ്വാനം ചെയ്യുകയുമാണ്..

ഇതാണിപ്പോഴത്തെ ശൈലി.

ഈ വിഷയങ്ങളിൽ കൃത്യമായ ധാരണ ഉണ്ടാക്കുക എന്നതാണ്, മതാത്മക ഹിന്ദുവിന് (Practicing Hindu) തന്റെ സ്വത്വം നില നിർത്തുവാനുള്ള ഏകവഴി.

മതാത്മകഹിന്ദുത്വം സത്യമാണ്.

സാംസ്കാരികഹിന്ദുത്വവും സത്യമാണ്.

ഹിന്ദുത്വം, സംസ്കാരം മാത്രമാണ് എന്ന വാദം കള്ളമാണ്.

സാംസ്കാരികഹിന്ദുത്വത്തിന്റെ നെടുന്തൂൺ ആണ്, അതിന്റെ ഭാഗമായ മതാത്മകഹിന്ദുത്വം.

സാംസ്കാരികഹിന്ദുത്വവാദത്തിൽ കുഴപ്പമൊന്നുമില്ല. എന്നാൽ “സാംസ്കാരികഹിന്ദുത്വമാത്രവാദം” ശരിയല്ലാത്തതും മതാത്മകഹിന്ദുത്വത്തെ നിരാകരിക്കുന്നതുമാണ്..

ഡോ: ഭാർഗവ റാം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Hindutva