കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം മൂന്നാം നിലയില്‍ നിന്നും ചുമന്ന് താഴത്തെത്തിച്ചു. പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാലടി സ്വദേശി സുകുമാരന്റെ(48) മൃതദേഹമാണ് ചുമന്ന് താഴെയിറക്കേണ്ടി വന്നത്. ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധം ശക്തമാകുന്നു.
80 ശതമാനം പൊള്ളലേറ്റ സുകുമാരനെ ഇക്കഴിഞ്ഞ 19 ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോഴും ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. പിന്നീട് ഇദ്ദേഹത്തെ സ്ട്രച്ചറില്‍ കിടത്തി ചുമന്നാണ് മുകള്‍ നിലയിലേക്ക് കൊണ്ടുപോയത്. പിറ്റേന്ന് സുകുമാരന്‍ മരിക്കുകയായിരുന്നു. അപ്പോഴും ചുമന്ന് തന്നെ മൃതദേഹം താഴെയിറക്കേണ്ടി വരികയായിരുന്നു. ഇത് മൃതദേഹത്തിനോട് കാണിക്കുന്ന അനാദരവാണെന്ന് പറഞ്ഞാണ് പ്രതിഷേധം.
ആഴ്ചകളായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമാണെന്നാണ് ആരോപണം. ഇത്തരം കാര്യങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതില്‍ കടുത്ത വീഴ്ച വരുത്തുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അനുവദിക്കുന്ന പണം വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടാത്തതാണ് ഇത്തരം സാഹചര്യങ്ങള്‍ക്കു കാരണമാകുന്നതെന്നും ആശുപത്രിയിലെ ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്.
എന്നാല്‍ മെഡിക്കല്‍ കോളേജില്‍ പുതിയ ലിഫ്റ്റ് നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് ഉടന്‍ പൂര്‍ത്തിയാകുമെന്ന് മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. ഗണേശ് മോഹന്‍ അറിയിച്ചു. 20 വര്‍ഷം പഴക്കമുള്ള ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് ആധുനികമായ പുതിയ ലിഫ്റ്റ് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം സ്ഥാപിച്ചിട്ടുണ്ട്. ഇതിന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിശോധന പൂര്‍ത്തിയാക്കി ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ഈ നടപടി അന്തിമഘട്ടത്തിലാണ്. ലൈസന്‍സ് ലഭിച്ചാലുടന്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനാകുമെന്നും സൂപ്രണ്ടന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: