തൃശൂരിലെ ആകാശപ്പാത പണിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഉത്സവസീസണുകള്‍ പലതും കടന്നുപോയെങ്കിലും ആകാശപ്പാത മാത്രം യാഥാര്‍ത്ഥ്യമായിട്ടില്ല. 2022ന്റെ അവസാദശയായ ക്രിസ്മസും പുതുവത്സരവും ഇങ്ങെത്തിക്കഴിഞ്ഞെങ്കിലും ഈ ആകാശപ്പാത യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്ന് തൃശൂര്‍ നഗരസഭ പറയുന്നു.
അടുത്ത് വിഷുവിന് മുന്‍പ് തുറക്കുമെന്നാണ് ഇപ്പോള്‍ നഗരസഭയുടെ പുതിയ അറിയിപ്പ്. തൃശൂരിലെ പ്രധാന സ്വകാര്യ ബസ് സ്റ്റാന്‍റായ ശക്തന്‍ ബസ് സ്റ്റാന്‍റിനടത്തുകൂടെ നടന്നുപോകുന്നവരുടെ മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഈ ആകാശപ്പാത എന്ന ചോദ്യം. 15 കോടി രൂപ എന്ന ഇത്രയും ഭീമമായ തുക ചെലവഴിച്ച് ഇങ്ങിനെ ഒരു പാത ഉയര്‍ത്തേണ്ട കാര്യമുണ്ടോ എന്നതാണ് ചോദ്യം.
ഈ ആകാശപ്പാതയുടെ നിര്‍മ്മാണം തുടങ്ങിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കുമ്പോഴേക്കും 16 കോടിയെങ്കിലും ചെലവ് വരുമെന്ന് പറയുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ കാക്കകള്‍ക്ക് നല്ലൊരു വിശ്രമകേന്ദ്രം മാത്രമാണിത്. മാത്രമല്ല, ഇത്രയും ഉയരത്തിലുള്ള ഈ ആകാശപ്പാത ജനം ഉപയോഗിക്കുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ ഭയം തോന്നുന്ന മാതൃകയിലുള്ളതാണ് ഈ ആകാശപ്പാത.
ആകാശപ്പാതയുടെ ഭാഗങ്ങള്‍ നേരത്തെ നഗരത്തില്‍ എത്തിയെങ്കിലും അവ എടുത്ത് നിരത്താനുള്ള ക്രെയിന്റെ അഭാവം വലിയൊരു പ്രശ്നമായിരുന്നു എന്ന് മേയര്‍ വര്‍ഗ്ഗീസ് പറയുന്നു. 15 പേര്‍ക്ക് ഒരുമിച്ച് കയറാവുന്ന നാല് ലിഫ്റ്റുകള്‍ ആകാശപ്പാതയുടെ ഭാഗമായി ഉണ്ടെന്ന് മേയര്‍ പറയുന്നു. മാത്രമല്ല, ഇതിനകത്ത് മുഴുവന്‍ എസിയാണെന്നും മേയര്‍ വിശദീകരിക്കുന്നു. ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് മേയര്‍ നല്‍കുന്ന വിശദീകരണം. മിക്കവാറും അടുത്ത വിഷുവിന് തുറക്കാന്‍ കഴിയുമെന്ന പ്രത്യാശയാണ് മേയര്‍ പ്രകടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: