ന്യൂദല്‍ഹി: ഇന്ത്യയെ അസ്ഥിരപ്പെടുത്താനായി ജെയ്ഷ് ഇ മുഹമ്മദിന് അഫ്ഗാനിസ്ഥാന് കേന്ദ്രമായ തീവ്രവാദി സംഘടനകളായ അല്‍ ഖ്വെയ്ദയും ഹഖാനി ശൃംഖലയും രംഗത്ത്. കശ്മീരില്‍ ഉള്‍പ്പെടെ അതിക്രമവും ഭീകരാക്രമണവും ശക്തിപ്പെടുത്തി വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ജെയ് ഷ് ഇ മുഹമ്മദാണ് അല്‍ ഖ്വെയ്ദയെയും ഹഖാനി ശൃംഖലയെയും സമീപിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
ജെയ്ഷ് ഇ മുഹമ്മദിന്റെ മേധാവി മൗലാന മസൂദ് അസ്ഹറിന്റെ കുടുബാംഗങ്ങളുടെ പേരിലാണ് അല്‍ ഖ്വെയ്ദയും ഹഖാനി ശൃംഖലയും പണം നല്‍കുന്നത്. ജെയ്ഷ് ഇ മുഹമ്മദിന് പാകിസ്ഥാനും ധനസഹായം നല്‍കുന്നുണ്ട്. ധനസഹായം പാകിസ്ഥാനില്‍വെച്ച് കൈമാറുന്നതിനാല്‍ ഇതിന് പിന്നിലുള്ളവരെ പിടികൂടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനകളായ അല്‍ ഖ്വെയ്ദയും ഹഖാനി ശൃംഖലയും അവരുടെ അധികാരവും സാങ്കേതിക വിദ്യയും ജെയ്ഷ് ഇ മുഹമ്മദിന് നല്‍കുന്നതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും നിഷ്ഠുരമായ ഭീകരാക്രമണത്തിന് പേരുകേട്ട ഹഖാനി ശൃംഖല അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിക്കുന്നതോടെയാണ് കൂടുതല്‍ ശക്തരായിരിക്കുന്നത്. ഹഖാനികുടുംബത്തിലുള്ളവര് ഇന്ന് അഫ്ഗാന് സര്‍ക്കാരില്‍ അംഗങ്ങളുമാണ്. അഫ്ഗാനില്‍ താലിബാന് അധികാരം ഏറ്റെടുത്തതോടെ അല്‍ ഖ്വേയ്ദ്ദ നേതാവ് അല്‍ സവാഹിരി അഫ്ഗാനിസ്ഥാനില്‍ അഭയം തേടിയത് ഭീകര ശൃംഖലകള്‍ എത്രമാത്രം അഫ്ഗാനില്‍ സജീവമാണ് എന്നതിന്റെ തെളിവാണ്. പിന്നീട് 2022 ജൂലായ് 31ന് ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് അല്‍ സവാഹിരിയെ വധിക്കുകയായിരുന്നു.
“ഇന്ത്യയെയും കശ്മീര്‍ താഴ് വരയെയും സംബന്ധിച്ച് പറഞ്ഞാല്‍ മൂന്ന് തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാണ്. ലഷ്കര്‍ ഇ ത്വയിബ, ജെയ്ശ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവ. കശ്മീര്‍ താഴ് വരയില്‍ അക്രമവും ഭീകരാക്രമണവും കൂടുതല്‍ കടുപ്പിക്കാന്‍ പാകിസ്ഥാന് ആഗ്രഹിക്കുന്നു. ഇപ്പോള്‍ കശ്മീര്‍ താഴ് വരയില്‍ 150 മുതല്‍ 200 വരെ തീവ്രവാദികളാണ് രംഗത്തുള്ളത്. കശ്മീരിനെ വാര്‍ത്തയില്‍ നിര്‍ത്താന്‍ ഇത്രയും തീവ്രവാദികള്‍ പോരാ. അക്രമം കൂടുതല്‍ കടുപ്പമാക്കാനാണ് ജെയ്ഷ് ഇ മുഹമ്മദിനെപ്പോലുള്ള സംഘടനകള്‍ ഹഖാനി ഗ്രൂപ്പിന്റെയും അല്‍ ഖ്വെയ്ദ ശൃംഖലകളുടെയും സഹായം തേടുന്നത്. പുതിയ തീവ്രവാദികള്‍ക്ക് പരിശീലനത്തിനാണ് ഇവരുടെ ധനസഹായം ഉപയോഗിക്കുക. “- ഇന്ത്യന്‍ പ്രതിരോധ വിദഗ്ധന്‍ ഹേമന്ത് മഹാജന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: