തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ (സിബിസി) തിരുവനന്തപുരം മേഖല ഓഫീസ് നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെയും, ഐസിഡിഎസ് അഡീഷണല്‍ പ്രോജക്ട് വാമനപുരത്തിന്റെയും സഹകരണത്തോടെ നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ പൊതു ജന സമ്പര്‍ക്ക പരിപാടിയും പ്രദര്‍ശനവും ഡി.കെ.മുരളി എം.എല്‍.എ ഉത്ഘാടനം ചെയ്തു.
സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ജനങ്ങള്‍ അറിയണമെന്നും എങ്കില്‍ മാത്രമേ വികസനം സമ്പൂര്‍ണ്ണമായി സാദ്ധ്യമാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിയണമെന്നും ചരിത്രപരമായ അന്വേഷണം നടത്തണമെന്നും ഡി. കെ. മുരളി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുക അതിനായി അവരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സിബിസി ജോയിന്റ് ഡയറക്ടര്‍ ഡോ. നീതു സോന വ്യക്തമാക്കി.
നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സിബിസി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീന സ്വാഗതം ആശംസിച്ചു. വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് ബാജ് ലാല്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാ ജയപ്രകാശ്, എന്നിവര്‍ സംസാരിച്ചു. ഫീല്‍ഡ് എക്സിബിഷന് ഓഫീസര്‍ പൊന്നുമോന് നന്ദി പറഞ്ഞു.
‘കൗമാരക്കാര്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങള്‍’ എന്ന വിഷയത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സരിത ഷൗക്കത്തലിയും ‘സ്ത്രീകളും നിയമവും’ എന്ന വിഷയത്തില്‍ ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ ജീജ എസ് ഉം പിന്നീട് ക്ലാസ്സുകള്‍ എടുത്തു. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ആയുര്‍വേദ, ഹോമിയോ ,സിദ്ധ, പ്രകൃതി ചികിത്സാ മെഡിക്കല്‍ ക്യാമ്പുകള്‍ മൂന്ന് ദിവസവും സംഘടിപ്പിച്ചിട്ടുണ്ട്.
ബിഎസ്എന്‍എല്‍, തപാല്‍ വകുപ്പ്, ശുചിത്വ മിഷന്, ഐ സി ഡി എസ് , കുടുംബശ്രീ, കൃഷി വകുപ്പ്, ആയുഷ് മിഷന്, തുടങ്ങിയവയുടെ പ്രദര്‍ശന സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തപാല്‍ വകുപ്പിന്റെ സ്റ്റാളില്‍ ആധാര്‍ സംബന്ധിച്ചുള്ള എല്ലാ സേവനങ്ങളും ലഭ്യമാണ്. പരിപാടി വ്യാഴാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: