പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പാകിസ്ഥാന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നത് സ്വാഭാവികം. നുണപ്രചാരണവും ഭീകരപ്രവര്‍ത്തനവുമൊക്കെ നയതന്ത്രത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന രാജ്യമാണ് പാകിസ്ഥാന്. ഇതിനു മുന്‍പും ഈ രാജ്യത്തെ ഭരണാധികാരികളില്‍നിന്ന് ഇന്ത്യയ്ക്കും ഇന്ത്യയുടെ ഭരണാധികാരികള്‍ക്കുമെതിരെ മോശമായ പരാമര്‍ശങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുള്ളതാണ്. ഇപ്പോഴത്തെ ഊഴം ബിലാവല്‍ ഭൂട്ടോയുടെതാണെന്നു മാത്രം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ നടത്തിയ കടന്നാക്രമണമാണ് ബിലാവലിനെ പ്രകോപ്പിച്ചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരനായ അല്‍ഖ്വയ്ദ ഭീകരത്തലവന്‍ ഒസാമ ബിന്‍ലാദനെ അമേരിക്ക എല്ലായിടവും അന്വേഷിച്ചു നടക്കുമ്പോള്‍ ലാദന് പാകിസ്ഥാനില്‍ സുഖമായി ഒളിച്ചു താമസിക്കുകയായിരുന്നു എന്നാണ് ജയശങ്കര്‍ ചൂണ്ടിക്കാട്ടിയത്. 2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേര്‍ക്കു നടന്നതുള്‍പ്പെടെ പല ഭീകരാക്രമണങ്ങളെയും സഹായിച്ച പാകിസ്ഥാന്, ലാദനെ അതിഥിയായി സംരക്ഷിക്കുകയായിരുന്നുവെന്നും യുഎന്‍ രക്ഷാ സമിതിയില്‍ നടത്തിയ പ്രസംഗത്തില്‍ ജയശങ്കര്‍ വിമര്‍ശിക്കുകയുണ്ടായി. ലോകത്തിന് അസ്വീകാര്യമായതിനെയൊക്കെ പാകിസ്ഥാന് ന്യായീകരിക്കുകയാണെന്നും ജയശങ്കര്‍ പറഞ്ഞത് പാക് ഭരണാധികാരികള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിലാവല്‍ ഭൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി വ്യക്തിപരമായി അധിക്ഷേപിച്ച് അമര്‍ഷം തീര്‍ത്തത്.
ഇന്ത്യയോടുള്ള പാകിസ്ഥാന്റെ വിരോധം ചരിത്രപരമാണ്. നിലവില്‍ വന്ന് ഏഴ് പതിറ്റാണ്ടുകാലമായിട്ടും ഒരു രംഗത്തും വിജയിക്കാന്‍ കഴിയാത്ത ആ രാജ്യം ഇപ്പോള്‍ ശിഥിലീകരണത്തിന്റെ വക്കിലാണ്. രാഷ്ട്രീയ അസ്ഥിരതയാണ് പതിറ്റാണ്ടുകളായി പാകിസ്ഥാന്റെ മുഖമുദ്ര. ഭരണാധികാരികള്‍ തമ്മിലടിക്കുക മാത്രമല്ല പരസ്പരം ആക്രമിക്കുകയും കൊലപ്പെടുത്തുക പോലും ചെയ്യുന്നു. പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമൊക്കെ മാറിമാറി വരുമ്പോഴും ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സൈന്യമാണ്. സൈന്യത്തിന്റെ അനിഷ്ടത്തിനിരയായ ഒരു ഭരണാധികാരിക്കും അധികാരത്തില്‍ തുടരാന്‍ കഴിയില്ല. ഇമ്രാന്ഖാന് പുറത്തുപോകേണ്ടി വന്നത് ഒടുവിലത്തെ ഉദാഹരണം. അലങ്കോലമായ സമ്പദ്വ്യവസ്ഥ കാരണം അമേരിക്കയുടെയും ചൈനയുടെയുമൊക്കെ പിന്നാലെ ഭിക്ഷാപാത്രവുമായി നടന്നാണ് പാകിസ്ഥാന് അതിജീവിച്ചുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി വര്‍ധിക്കുന്നതല്ലാതെ ഇതൊന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. എല്ലാ മേഖലയിലും മുന്നേറുന്ന ഇന്ത്യയുടെ നേതൃത്വം ഇപ്പോള്‍ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നത് പാകിസ്ഥാനെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. ഭീകരവാദത്തെ ഉപയോഗിച്ച് ഇന്ത്യയെ ശല്യം ചെയ്യുന്ന രീതിക്കും കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കു മുതല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുവരെ പാകിസ്ഥാന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ഇതൊക്കെ ലോകത്തിനു മുന്നില്‍ ഈ രാജ്യത്തെ പരിഹാസപാത്രമാക്കുകയും ചെയ്തു. കശ്മീരിന്റെ പേരിലുള്ള അവകാശവാദങ്ങള്‍ വിഴുങ്ങുകയോ കയ്യൊഴിയേണ്ടിവരികയോ ചെയ്തിരിക്കുകയാണ്. ഇതിനൊക്കെ ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന ധാരണയാണ് പാക് ഭരണാധികാരികള്‍ക്കുള്ളത്. ഭീകരവാദത്തെ എല്ലാവിധത്തിലും പിന്തുണച്ചുകൊണ്ടുതന്നെ തങ്ങള്‍ ഭീകരവാദത്തിന്റെ ഇരകളാണെന്നു കള്ളപ്രചാരണം നടത്തുകയാണ് കുറെക്കാലമായി പാകിസ്ഥാന് ചെയ്തുകൊണ്ടിരിക്കുന്നത്.
അധികാരം നഷ്ടപ്പെടുകയും ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ലെഫ്റ്റ്-ലിബറലുകള്‍ നരേന്ദ്ര മോദിക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് ബിലാവല്‍ ഭൂട്ടോയും കടമെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാവ് രാഹുലും ബിലാവലും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. ഒരാള്‍ ഇന്ത്യന്‍ പപ്പുവാണെങ്കില്‍ മറ്റെയാള്‍ പാകിസ്ഥാന് പപ്പുവാണെന്ന വ്യത്യാസമേയുള്ളൂ. ഇസ്ലാമിക തീവ്രവാദികള്‍ രാമഭക്തരെ ഗോധ്രയില്‍ കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്ന് ഗുജറാത്തിലുണ്ടായ കലാപങ്ങളില്‍ നരേന്ദ്ര മോദി ഒരുതരത്തിലും കുറ്റക്കാരനല്ലെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഏതെങ്കിലുമൊരു കേസില്‍ മോദിയെ പ്രതിയാക്കാനുള്ള ശ്രമവും കോടതി തടയുകയുണ്ടായി. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ലോകത്തിനു തന്നെയും ഇതൊക്കെ നന്നായറിയാം. ഗുജറാത്തില്‍ ഏറ്റവുമൊടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയും മോദിയും നേടിയ ചരിത്ര വിജയം ഇതിനു തെളിവാണ്. എന്നിട്ടും ചിലര്‍ അധികാര നഷ്ടത്തില്‍ കോപാകുലരായി മോദിക്കെതിരെ കുപ്രചാരണം നടത്തുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ മോശക്കാരനാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. പാക് മന്ത്രിയുടെ അധിക്ഷേപത്തോട് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മൗനം പാലിക്കുന്നത് ഇക്കൂട്ടരുടെ രാജ്യവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണ്. ‘കോണ്‍ഗ്രസ് കെ ഹാത് പാകിസ്ഥാന് കെ സാഥ്’ എന്ന വിമര്‍ശനത്തെ ഇത് അരക്കിട്ടുറപ്പിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങിനെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ‘ഗ്രാമീണ സ്ത്രീ’ എന്നു വിളിച്ചു അധിക്ഷേപിച്ചപ്പോള്‍ അതിനെ ശക്തമായി അപലപിച്ച് രംഗത്തുവന്നത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയാണ്. രാജ്യതാല്‍പ്പര്യത്തിന്റെ കാര്യം വരുമ്പോള്‍ അന്തസ്സ് എന്താണെന്ന് ഇക്കൂട്ടര്‍ മോദിയില്‍നിന്ന് പഠിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: