‘ഈ പുരസ്കാരത്തിന് എന്നെ തെരഞ്ഞെടുത്ത എല്ലാവര്ക്കും നന്ദി. മഹാകവി അക്കിത്തം എനിക്ക് ഈശ്വരതുല്യനാണ്. ഈ പുരസ്കാരം തപസ്യയെ ഒരു മാധ്യമമാക്കി മഹാകവി അക്കിത്തത്തിന്റെ ആത്മാവ് എനിക്കു നല്‍കിയതാണ്. അതില്‍ എനിക്ക് യാതൊരു സംശയവുമില്ല. തപസ്യയുടെ ആദ്യ അക്കിത്തം പുരസ്കാരം എം.ടി.വാസുദേവന്‍നായര്‍ക്കാണ് നല്‍കിയത്. രണ്ടാമത്തെ പുരസ്കാരത്തിന് എന്നെക്കാള്‍ പ്രതിഭാശാലികളായ നിരവധി ആള്ക്കാര് കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട്. പക്ഷേ മഹാകവി അക്കിത്തത്തിന് എന്നോട് വലിയ സ്നേഹമായിരുന്നു. ആ സ്നേഹം ഏറ്റവും കൂടുതല്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. എന്റെ കവിത അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അതിന് സാക്ഷ്യപത്രമായിട്ടാണ് ഈ പുരസ്കാരം എന്നിലേക്കു വന്നത്. എന്റെ പിന്നില്‍ത്തന്നെ അദ്ദേഹത്തിന്റെ മകന് അക്കിത്തം നാരായണന് ഇരിപ്പുണ്ട്.
ഏറ്റവും ഒടുവില്‍ മഹാകവി അക്കിത്തത്തിന്റെ വീട്ടില്‍പ്പോയി അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ കൂടെ വന്ന വേണു എന്ന സുഹൃത്ത് ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചിരിക്കുന്ന ഫോട്ടോ എടുത്തു. അപ്പോള്‍ അക്കിത്തം കൈകള്‍കൊണ്ട് എന്നെ തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ചാണ് ഫോട്ടോയ്ക്ക് നിന്നുതന്നത്. എന്നിട്ട് മകന് നാരായണനോട് ‘ഇത് വലുതാക്കി ഈ ചുവരില്‍ വയ്ക്കാമല്ലോ’ എന്നുപറഞ്ഞു. അദ്ദേഹം അന്തരിച്ചതിനുശേഷം ഞാന്‍ അവിടെപ്പോയി. ആദ്യത്തെ അനുശോചനസമ്മേളനം അദ്ദേഹത്തിന്റെ നാട്ടിലാണ് നടന്നത്. ഞാന്‍ അതില്‍ പങ്കെടുത്തു. ആ അനുസ്മരണ സമ്മേളനം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ആ ചിത്രമുണ്ടായിരുന്നു.
‘വെളിച്ചം ദുഃഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം’
എന്ന രണ്ടുവരികളിലൂടെ ജീവിതത്തിന്റെയും സമൂഹത്തിന്റെയും അഗാധതലങ്ങള്‍ നമുക്കുകാണിച്ചുതന്ന മഹാകവിയാണ് അക്കിത്തം. ഇരുട്ടില്‍ എത്ര എളുപ്പം…, നമുക്ക് എന്തും ചെയ്യാം. വെളിച്ചം ദുഃഖമാണ്. വെളിച്ചത്തെ നാം സൂക്ഷിക്കണം. അതുകൊണ്ട് അത് ദുഃഖമാണ്. നന്മ ദുഃഖമാണ്. തിന്മ സുഖവും. ഇതിനെ എങ്ങിനെയൊക്കെ വേണമെങ്കിലും വ്യാഖ്യാനിക്കാം. നമ്മുടെ രാഷ്ട്രീയത്തിലേക്കുവേണമെങ്കിലും ആ വരികളെ കൊണ്ടുവരാം. ആ വരികളെ കുറിച്ച് നമുക്ക് ദിവസങ്ങളോളം പ്രസംഗിക്കാം. വെളിച്ചം ദുഃഖമാണ്, തമസല്ലോ സുഖപ്രദം എന്ന വരികള്‍ക്ക് അത്രത്തോളം വ്യാഖ്യാന ശക്തിയുണ്ട്.
എന്റെ പത്ത് പന്ത്രണ്ട് കവിതാസമാഹാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ‘അമ്മയ്ക്കൊരു താരാട്ട്’ എന്ന സമാഹാരമാണ്. അതിന് അവതാരിക എഴുതിയത് അക്കിത്തമാണ്. എന്നോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ആ അവതാരികയില്‍ ഉടനീളം നിങ്ങള്‍ക്ക് കാണാം. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കവിത ‘അമ്മയ്ക്കൊരു താരാട്ട്’ ആണ്. അതിനെ അദ്ദേഹം താരതമ്യം ചെയ്തത് ആദിശങ്കരന് തന്റെ അമ്മയെക്കുറിച്ച് എഴുതിയ കവിതയോടാണ്. അവിടെ അദ്ദേഹം ഒരു വരികൂടി ചേര്‍ത്തു. ആദി ശങ്കരന് പോലും കണ്ടെത്താത്ത ഒരു ദര്‍ശനം തമ്പിയുടെ കവിതയിലുണ്ട്. ഇതില്‍ക്കൂടുതല്‍ എന്തനുഗ്രഹമാണ് എനിക്ക് മഹാകവി അക്കിത്തത്തില്‍ നിന്ന് കിട്ടാനുള്ളത്. ഞാന്‍ വീണ്ടും ഉറപ്പിച്ചുപറയുന്നു ഇത് അദ്ദേഹത്തിന്റെ ആത്മാവ് എനിക്കു നല്കിയ അംഗീകാരമാണ്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ കവിത ഞാന്‍ ഇവിടെ ചൊല്ലാം. അത് അദ്ദേഹത്തിന്റെ സ്മരണയ്ക്ക് സമര്‍പ്പിക്കാം എന്ന് വിചാരിക്കുന്നു.
എന്റെ ഗാനരചനയെക്കുറിച്ചാണല്ലോ എല്ലാരും പറയുന്നത്. ഗാനങ്ങളുടെ പ്രശസ്തിയില്‍ എന്റെ കവിതകള്‍ മുഴുവന്‍ മുങ്ങിത്താണുപോയി. എന്റെ ഒരു ഗാനം എന്റെ തന്നെ ഈണത്തില്‍ ഞാന്‍ ചിട്ടപ്പെടുത്തിയ രീതിയില്‍ ഇവിടെ ചൊല്ലാം. അതിനുശേഷം കവിതയും. എന്റെ പ്രസംഗം ഇവിടെ അവസാനിക്കുകയാണ്. ഒരിക്കല്‍ക്കൂടി എല്ലാമഹത്തുക്കള്ക്കും ഞാന്‍ നന്ദിപറയുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: